“ഇത്തവണ ചാമ്പ്യൻസ് ട്രോഫി കിരീടം രോഹിതിന്റെ കയ്യിലെത്തും”- ആത്മവിശ്വാസം പ്രകടിപ്പിച്ച് ശ്രീശാന്ത്.

ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യ സ്വന്തമാക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. ഇതുവരെ ടൂർണമെന്റിൽ പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. സെമിഫൈനലിൽ ഓസ്ട്രേലിയയെ 4 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ രാജകീയമായ ഫൈനൽ പ്രവേശനം.

“ഫൈനലിൽ ഏത് ടീം എതിരാളികളായി വരും എന്നത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമില്ല. ഈ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ തന്നെ കിരീടം സ്വന്തമാക്കും.”- ശ്രീശാന്ത് ഒരു വീഡിയോയിൽ പറയുകയുണ്ടായി. “കാരണം അത്രമാത്രം പോസിറ്റീവായ എനർജിയാണ് നിലവിൽ ഇന്ത്യൻ ടീമിലുള്ളത്. മനോഹരമായ രീതിയിൽ മത്സരങ്ങളിൽ കളിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. ചെയ്സ് ചെയ്യുന്ന മത്സരങ്ങളിൽ വിരാട് കോഹ്ലി നന്നായി ഇന്ത്യയുടെ ഇന്നിംഗ്സ് ആങ്കർ ചെയ്യുന്നു. ശ്രേയസ് അയ്യർക്ക് കൃത്യമായ തരത്തിൽ മനോഭാവം പുലർത്താൻ സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നമ്മൾ എല്ലാവരും പ്രാർത്ഥനയിലാണ്.”- ശ്രീശാന്ത് പറയുകയുണ്ടായി.

കാര്യങ്ങൾ ലളിതമായി കാണുകയാണെങ്കിൽ ഇന്ത്യയ്ക്ക് വിജയം അനായാസമായിരിക്കും എന്നാണ് ശ്രീശാന്തിന്റെ വീക്ഷണം. “നമ്മൾ നമ്മുടെ പ്രക്രിയകളിൽ വിശ്വസിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. അന്ന് ഇന്ത്യൻ നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണി ചെയ്തതും അതായിരുന്നു. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നായകനാണ് മഹേന്ദ്ര സിംഗ് ധോണി. സൗരവ് ഗാംഗുലിയും ഇതേപോലെ ലളിതമായാണ് കാര്യങ്ങളെ കണ്ടിരുന്നത്. ഒപ്പം നമ്മുടെ പ്രക്രിയയിൽ വിശ്വസിക്കാനും ദാദയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ ഇന്ത്യൻ ടീം ചെയ്യുന്നതും അതുതന്നെയാണ്. ഗൗതം ഗംഭീർ ഇപ്പോൾ ഇന്ത്യയ്ക്കായി മികച്ച രീതിയിൽ മുൻപോട്ട് പോകുന്നുണ്ട്.”- ശ്രീശാന്ത് കൂട്ടിച്ചേർത്തു.

ഇന്ത്യക്കായി 27 ടെസ്റ്റ് മത്സരങ്ങളും 53 ഏകദിന മത്സരങ്ങളും 10 ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് ശ്രീശാന്ത്. 2006നും 2011നും ഇടയിലായിരുന്നു ശ്രീശാന്ത് ഇന്ത്യൻ ടീമിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചത്. 2013 ഐപിഎല്ലിൽ കോഴ വിവാദത്തെ തുടർന്നായിരുന്നു ശ്രീശാന്തിന്റെ കരിയർ അവസാനിച്ചത്. എന്തായാലും ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന് വലിയ പിന്തുണ തന്നെയാണ് ശ്രീശാന്ത് അറിയിച്ചിട്ടുള്ളത്. മാർച്ച് 9നാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ഫൈനൽ മത്സരം നടക്കുന്നത്.