അവർ ബാസ്ബോൾ തന്ത്രം ഇറക്കിയാൽ എനിക്ക് കാര്യങ്ങൾ എളുപ്പമാകും. ഇംഗ്ലണ്ടിനെ വെല്ലുവിളിച്ച് ജസ്പ്രീത് ബുമ്ര.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്‌ മത്സരം ജനുവരി 25നാണ് ആരംഭിക്കുന്നത്. സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ള ടീമാണ് ഇന്ത്യ. പരമ്പരാഗത ശൈലിയിൽ നിന്നും മാറി ടെസ്റ്റ് ക്രിക്കറ്റിൽ ആക്രമണോത്സുക മനോഭാവത്തിലാണ് ഇംഗ്ലണ്ട് ടീം കളിച്ചിട്ടുള്ളത്. ബാസ്ബോൾ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിന്റെ ആക്രമണ മനോഭാവത്തെ പ്രശംസിച്ചുകൊണ്ട് പല മുൻ താരങ്ങളും രംഗത്ത് വരികയുണ്ടായി.

എന്നാൽ ഇന്ത്യൻ ടീമിനെതിരെ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ തന്ത്രം എത്രമാത്രം ഫലപ്രദമാകും എന്നത് വലിയ ചോദ്യചിഹ്നമാണ്. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ബാസ്ബോൾ തന്ത്രം പ്രയോഗിച്ചാലും അത് നേരിടാൻ തയ്യാറാണ് എന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബൂമ്ര.

ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ബാസ്ബോൾ സമീപനം തുടരുകയാണെങ്കിൽ അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ബൂമ്ര കരുതുന്നത്. കൂടുതൽ ആക്രമണ മനോഭാവത്തോടെ ഇംഗ്ലണ്ട് കളിക്കുമ്പോൾ തങ്ങൾക്ക് വിക്കറ്റ് നേടാനുള്ള ഒരു അവസരം കൂടി അതിലൂടെ ലഭിക്കുമെന്ന് ബൂമ്ര പറയുന്നു. “ബാസ്ബോൾ എന്ന പേരിനോട് എനിക്ക് ഒരുപാട് അടുപ്പമില്ല.

പക്ഷേ അവർ കഴിഞ്ഞ സമയങ്ങളിൽ വളരെ വിജയകരമായ രീതിയിൽ മനോഭാവം പുറത്തു കാട്ടുന്നുണ്ട്. എതിർ ടീമിനെതിരെ ആക്രമണം അഴിച്ചുവിടാനും ഇംഗ്ലണ്ടിന് സാധിക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് മറ്റൊരു വഴിയിലൂടെ കളിക്കാം എന്ന് ലോകത്തിന് അവർ കാണിച്ചുതരികയാണ് ചെയ്തിട്ടുള്ളത്.”- ബുമ്ര പറയുന്നു.

“ഒരു ബോളർ എന്ന നിലയ്ക്ക് എനിക്ക് മത്സരത്തിലേക്ക് കടന്നു വരാൻ അവരുടെ ഈ തന്ത്രം ഗുണം ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്. അത്തരത്തിൽ അവർ വളരെ വേഗത്തിൽ കളിക്കാൻ തുടങ്ങിയാൽ അവർക്ക് എന്നെ ഒഴിവാക്കാൻ സാധിക്കില്ല. എനിക്ക് കുറച്ചധികം വിക്കറ്റുകൾ ലഭിക്കുകയും ചെയ്യും. ഇങ്ങനെയുള്ള കാര്യങ്ങൾ എങ്ങനെ എന്റെ നേട്ടങ്ങളാക്കി മാറ്റാം എന്നാണ് ഞാൻ ചിന്തിക്കുന്നത്. ആ സമീപനം തുടരുകയാണെങ്കിൽ ഞാൻ അവരെ അഭിനന്ദിക്കും. എന്നിരുന്നാലും ഒരു ബോളർ എന്ന നിലയ്ക്ക് എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.”- ബുമ്ര കൂട്ടിച്ചേർക്കുന്നു.

ദക്ഷിണാഫ്രിക്കെതിരെയാണ് ബൂമ്ര അവസാനമായി ടെസ്റ്റ് പരമ്പര കളിച്ചത്. പരമ്പരയിൽ 2 മത്സരങ്ങളിൽ നിന്നായി 12 വിക്കറ്റുകൾ സ്വന്തമാക്കാനും ബൂമ്രയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല പരമ്പരയിലെ താരമായി തിരഞ്ഞെടുത്തതും ബൂമ്രയെ തന്നെയാണ്. തിരികെ ഇന്ത്യയിലേക്ക് വരുമ്പോഴും വലിയ പ്രതീക്ഷയാണ് ബുമ്രയ്ക്കുള്ളത്.

ഇന്ത്യൻ പിച്ചിൽ ഇംഗ്ലണ്ട് ബാറ്റർമാരെ തകർക്കാനാവും എന്ന പ്രതീക്ഷയിലാണ് ബൂമ്ര ജനുവരി 25ന് മൈതാനത്ത് ഇറങ്ങുക. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്.

Previous articleരോഹിത് ഇംഗ്ലണ്ടിനെതിരെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ വിജയിക്കാനാവില്ല. നിർദേശങ്ങളുമായി മുൻ ഇന്ത്യൻ താരം.
Next article“ടെസ്റ്റ്‌ പരമ്പരയിൽ രാഹുലിനെ ഇന്ത്യ കീപ്പറാക്കരുത്”. അപകട സൂചന നൽകി മുൻ ഇംഗ്ലണ്ട് താരം.