രോഹിത് ഇംഗ്ലണ്ടിനെതിരെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ വിജയിക്കാനാവില്ല. നിർദേശങ്ങളുമായി മുൻ ഇന്ത്യൻ താരം.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന് ശക്തമായ തുടക്കങ്ങൾ നൽകാൻ നായകൻ രോഹിത് ശർമയ്ക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ ശക്തമായ ഫോമിലേക്ക് രോഹിത് തിരികെ എത്തിയിരുന്നു. ഇതിന് ശേഷമാണ് സുനിൽ ഗവാസ്കർ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.

5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ കളിക്കുന്നത്. ഈ പരമ്പരയിൽ ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ രോഹിത് ശർമയ്ക്ക് സാധിക്കണം എന്ന് ഗവാസ്കർ പറയുന്നു. മുൻപ് ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ രോഹിത് നടത്തിയ പ്രകടനം കൂടി കണക്കിലെടുത്താണ് ഗവാസ്കർ തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്.

“ഒരു ബാറ്റർ എന്ന നിലയ്ക്ക് രോഹിത് ശർമ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ട്. ചെന്നൈ ടെസ്റ്റ് മത്സരത്തിൽ രോഹിത് ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. ഇന്ത്യയെ സംബന്ധിച്ച് അത് വളരെ നിർണായകമായ ഒരു സെഞ്ച്വറി ആയിരുന്നു. സ്പിന്നിന് അനുകൂലമായ പിച്ചുകളിൽ ഏതുതരത്തിൽ ബാറ്റ് ചെയ്യണം എന്നാണ് രോഹിത് അന്ന് കാട്ടിയത്.”

“ആ വഴിയിലൂടെ തന്നെ രോഹിത് തന്റെ ബാറ്റിംഗ് തുടരുകയാണെങ്കിൽ ഇന്ത്യയ്ക്ക് ഉറപ്പായും പരമ്പരയിൽ മികച്ച തുടക്കങ്ങൾ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന തുടക്കങ്ങൾ ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റർക്കും നാലാം നമ്പർ ബാറ്റർക്കും കാര്യങ്ങൾ കൂടുതൽ അനായാസമാക്കി മാറ്റും.”- ഗവാസ്കർ പറയുന്നു.

Read Also -  2025 മെഗാലേലത്തിൽ മുംബൈ ലക്ഷ്യം വയ്ക്കുന്ന ഓപ്പണർമാർ. രാഹുൽ അടക്കം 3 പേർ ലിസ്റ്റിൽ.

ഒപ്പം രോഹിത് ശർമ തങ്ങളുടെ ബോളർമാരെ ബുദ്ധിപൂർവ്വം ഉപയോഗിക്കാൻ തയ്യാറാവണമെന്നും ഗവാസ്കർ ചൂണ്ടിക്കാട്ടുന്നു. “ഒരു നായകൻ എന്ന നിലയിൽ രോഹിത് ശർമ തന്റെ ബോളർമാരെ ബുദ്ധിപൂർവ്വം ഉപയോഗിക്കേണ്ടതുണ്ട്. ഹൈദരാബാദിൽ സാധാരണയായി സ്പിന്നർമാർക്ക് ഒരുപാട് ടേൺ ലഭിക്കാറില്ല. അതുകൊണ്ടു തന്നെ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ ഉച്ചഭക്ഷണ സമയം വരെ മികച്ച തുടക്കം അവർക്ക് ലഭിക്കും. ഈ സമയത്ത് രോഹിത് തന്റെ ബോളർമാരെ കൃത്യമായി നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

ബാറ്റർ എന്ന നിലയിൽ ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ടിനെതിരെ വളരെ വലിയ റെക്കോർഡ് തന്നെയാണ് രോഹിത് ശർമയ്ക്കുള്ളത്. ഇതുവരെ ഇംഗ്ലണ്ടിനെതിരെ 9 ടെസ്റ്റ്‌ മത്സരങ്ങൾ ഇന്ത്യൻ മണ്ണിൽ രോഹിത് കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 747 റൺസ് സ്വന്തമാക്കാനും രോഹിത്തിന് സാധിച്ചിട്ടുണ്ട്. ഏകദേശം 50 റൺസ് ശരാശരിയിലാണ് രോഹിത് ഇംഗ്ലണ്ടിനെതിരെ റൺസ് കൂട്ടിച്ചേർത്തിരിക്കുന്നത്. ഇതുവരെ തന്റെ കരിയറിൽ 54 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 3738 റൺസാണ് രോഹിത് ശർമ സ്വന്തമാക്കിയിട്ടുള്ളത്.

Scroll to Top