ശ്രീലങ്കക്ക് എതിരായ വരാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിലും ജയം സ്വന്തമാക്കി പരമ്പര തൂത്തുവാരാൻ തന്നെയാണ് രോഹിത് ശർമ്മയും ടീമും ലക്ഷ്യമിടുന്നത്. മാർച്ച് 12ന് ആരംഭം കുറിക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ മികച്ച ഒരു ജയവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിലെ കുതിപ്പുമാണ് ടീം ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിലും എല്ലാ ആരാധകർക്കും നിരാശ മാത്രം നൽകുന്ന ഒരു അഭിപ്രായവുമായി എത്തുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.ടെസ്റ്റ് ലോകകപ്പിൽ കിരീടം നേടാം എന്നുള്ള ഇന്ത്യൻ ടീം സ്വപ്‌നങ്ങൾ എല്ലാം തന്നെ വിഫലമെന്നാണ് ആകാശ് ചോപ്രയുടെ നിരീക്ഷണം.ലങ്കക്ക് എതിരെ ഇന്നിങ്സ് ജയങ്ങൾ നേടിയാലും നിർണായക ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രതീക്ഷകള്‍ എല്ലാം ഏതാണ്ട് അവസാനിച്ചുവെന്ന് ചൂണ്ടികാണിക്കുന്ന മുൻ താരം അതിനുള്ള കാരണവും വിശദമാക്കി.
നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ 54.16 വിജയ ശതമാനവുമായി ഇന്ത്യൻ സംഘം അഞ്ചാം സ്ഥാനത്താണ്.ലങ്കക്ക് എതിരായ ഡേ നൈറ്റ് ടെസ്റ്റ്, ബംഗ്ലാദേശ് എതിരെ നടക്കുന്ന രണ്ട് ടെസ്റ്റ് മത്സര പരമ്പര, ഓസ്ട്രേലിയക്ക് എതിരായ നാല് ടെസ്റ്റ് മത്സര പരമ്പര, ഇംഗ്ലണ്ടിൽ നടക്കുന്ന ശേഷിക്കുന്ന ഒരു ടെസ്റ്റ് മത്സരം അടക്കം ഏഴ് ടെസ്റ്റുകളാണ് ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമായി ഇനി ബാക്കിയുള്ള മത്സരങ്ങൾ. ഇനിയുള്ള ഏഴ് ടെസ്റ്റുകളും ആധികാരികമായി ജയിച്ചാലും ഫൈനലിലേക്ക് പ്രവേശനം അത്ര എളുപ്പമല്ലയെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.
ന്യൂസിലാൻഡ് ടീമിനും ഫൈനൽ സാധ്യതകൾ വിരളമെന്ന് പറഞ്ഞ ആകാശ് ചോപ്ര പാകിസ്ഥാൻ ടീം തോൽവികൾ വഴങ്ങിയില്ല എങ്കിൽ വരുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയ :പാകിസ്ഥാൻ എത്തുമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.
“ഇനിയുള്ള ഏഴ് ടെസ്റ്റുകളിൽ ജയം നേടിയാലും ഇന്ത്യൻ ടീമിന് മുൻപിൽ വെല്ലുവിളികൾ ധാരാളമാണ്. ലങ്കക്കും ബംഗ്ലാദേശിനും എതിരെ ടെസ്റ്റുകൾ ഏറെ അനായാസം ജയിച്ചാലും ഓസ്ട്രേലിയക്ക് എതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരുക അത്ര എളുപ്പമല്ല. കൂടാതെ ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരവും നിർണായകമാണ്. ഒരു ടെസ്റ്റ് മത്സരത്തിൽ സമനില വഴങ്ങിയാൽ പോലും ഇന്ത്യക്ക് കാര്യങ്ങളെല്ലാം തന്നെ നഷ്ടമാകും “ആകാശ് ചോപ്ര കാരണം വ്യക്തമാക്കി.