2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലം നടക്കാനിരിക്കുകയാണ്. ലോക ക്രിക്കറ്റിൽ അങ്ങേയറ്റം മികവ് തെളിയിച്ചിട്ടുള്ള പല താരങ്ങളും ഇത്തവണ ഐപിഎല്ലിന്റെ ലേലത്തിലെത്തും എന്നത് ഉറപ്പാണ്. അതിനാൽ ആരാധകരും അങ്ങേയറ്റം ആത്മവിശ്വാസത്തിലാണ്.
തങ്ങളുടെ ടീമിലെ ഏറ്റവും മികച്ച താരങ്ങളെ മാത്രം നിലനിർത്തി, ബാക്കിയുള്ളവരെ ലേലത്തിലേക്ക് വിടാനുള്ള തയ്യാറെടുപ്പിലാണ് ഫ്രാഞ്ചൈസികൾ. ലേലത്തിലൂടെ തകർപ്പൻ താരങ്ങളെ സ്വന്തമാക്കുക എന്നതാണ് ഫ്രാഞ്ചൈസികളുടെ ലക്ഷ്യം. ഇതിനായി എത്ര വലിയ തുക മുടക്കാനും ഫ്രാഞ്ചൈസികൾ മടികാട്ടില്ല. 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ഡിമാൻഡ് വരാൻ സാധ്യതയുള്ള ബാറ്റർമാരെ പരിശോധിക്കാം.
1. രോഹിത് ശർമ്മ
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിനുള്ള കളിക്കാരുടെ ലിസ്റ്റിൽ ഇന്ത്യയുടെ നിലവിലെ നായകൻ ഉണ്ടാവുമോ എന്നത് വലിയ ചോദ്യമാണ്. മുംബൈ ഇന്ത്യൻസ് രോഹിത്തിനെ നിലനിർത്താൻ സാധ്യതയില്ല എന്ന റിപ്പോർട്ടുകൾ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ രോഹിത് 2025 ലേലത്തിൽ എത്തിയാൽ എല്ലാ ഫ്രാഞ്ചൈസികളും വമ്പൻ പോരാട്ടം തന്നെ താരത്തിനായി നടത്തും എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് രോഹിത് ശർമ. രോഹിത്തിനെ സ്വന്തമാക്കാൻ റെക്കോർഡ് തുക മുടക്കാനും ഫ്രാഞ്ചൈസികൾ തയ്യാറാണ്.
2. കെഎൽ രാഹുൽ
കഴിഞ്ഞ സീസണുകളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചങ്കിലും അവഗണനകൾ നേരിടുന്ന താരമാണ് കെഎൽ രാഹുൽ. കഴിഞ്ഞ സീസണുകളിൽ ആക്രമണ മനോഭാവത്തിൽ മുന്നേറാൻ രാഹുലിന് സാധിച്ചിരുന്നില്ല. എന്നാൽ 2025 മെഗാ ലേലത്തിൽ രാഹുൽ എത്തുകയാണെങ്കിൽ പല ടീമുകളും രംഗത്തെത്തുമെന്ന കാര്യം ഉറപ്പാണ്. ഒരു വിക്കറ്റ് കീപ്പർ ബാറ്ററായതിനാൽ തന്നെ പല ഫ്രാഞ്ചൈസികൾക്കും രാഹുലിന്റെ സേവനം ആവശ്യമാണ്.
3. വിൽ ജാക്സ്
2025 ഐപിഎൽ ലേലത്തിൽ ഏറ്റവും വലിയ തുക ലഭിക്കാൻ പോകുന്ന മറ്റൊരു താരം വിൽ ജാക്സാണ്. കഴിഞ്ഞ സീസണിലാണ് ജാക്സ് ഐപിഎല്ലിലെ തന്റെ അരങ്ങേറ്റം കുറിച്ചത്. സീസണിൽ 230 റൺസാണ് ജാക്സ് സ്വന്തമാക്കിയത്. 32.86 എന്ന ശരാശരിയിൽ ആയിരുന്നു ജാക്സിന്റെ നേട്ടം. മാത്രമല്ല 175 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും താരത്തിന് ഉണ്ടായിരുന്നു. ബാംഗ്ലൂർ ഇത്തവണ ജാക്സിനെ നിലനിർത്തിയില്ലെങ്കിൽ ഒരുപക്ഷേ വമ്പൻ തുക തന്നെ താരത്തിന് ലേലത്തിൽ ലഭിച്ചേക്കും.