ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ സമൂലമായ മാറ്റങ്ങൾക്ക് കൂടി ഇപ്പോൾ സാധ്യതകൾ നൽക്കുകയാണ്. ഐസിസി ടി :20 വേൾഡ് കപ്പിൽ നിന്നും സെമി ഫൈനൽ പോലും കാണാതെയുള്ള പുറത്താകൽ.ടി :20 ലോകകപ്പിൽ ഇത്തവണ കിരീടം നേടും എന്ന് എല്ലാവരും പ്രതീക്ഷിച്ച വിരാട് കോഹ്ലിക്കും ടീമിനും പ്രാഥമിക റൗണ്ടിൽ തന്നെ എല്ലാ അർഥത്തിലും പിഴക്കുന്ന കാഴ്ചയാണ് നമുക്ക് കാണുവാനായി സാധിച്ചത്. പാകിസ്ഥാൻ, ന്യൂസിലാൻഡ് ടീമുകളോട് വഴങ്ങിയ തോൽവി ടീം ഇന്ത്യയുടെ മറ്റൊരു കിരീട പ്രതീക്ഷയാണ് തുടക്കത്തിലേ നഷ്ടമാക്കിയത്. ടി :20 ക്യാപ്റ്റൻസി സ്ഥാനം വിരാട് കോഹ്ലി ഒഴിഞ്ഞതിന് പിന്നാലെ പുതിയ ഇന്ത്യൻ ടി :20 നായകനായി രോഹിത് ശർമ്മ എത്തുമ്പോൾ ഉപനായകൻ റോളിലേക്ക് എത്തുന്നത് ലോകേഷ് രാഹുലാണ്. മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് കൂടി കോച്ച് റോളിൽ എത്തുമ്പോൾ ടീമിൽ ഒരു തലമുറ മാറ്റവും കണ്ടേക്കാം. എന്നാൽ അടുത്ത വർഷത്തെ ലോകകപ്പിനായി നമ്മൾ തയ്യാറെടുപ്പുകൾ ഇപ്പോൾ മുതൽ തുടങ്ങാൻ ആവശ്യപെടുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്.
“ഇന്ത്യൻ ടീം ഇനിയുള്ള കാലങ്ങളിൽ വളരെ അധികം സാധ്യതകളെ മികച്ച രീതിയിൽ തന്നെ ഉപയോഗിക്കണം. ടീം ഇന്ത്യക്ക് വരാനിരിക്കുന്ന 2022ലെ ടി :20 ലോകകപ്പിനായി ഇപ്പോഴെ തയ്യാറെടുപ്പ് നടത്താം. സീനിയർ താരങ്ങൾക്ക് ഒപ്പം യുവ പ്രതിഭകളെ കൂടി പരിഗണിച്ചുള്ള ടീം സെലക്ഷൻ നടക്കണം.യുവത്വത്തിന്റെ പ്രസരിപ്പ് നമുക്ക് ഇന്ത്യൻ ടീമിലേക്ക് കാണണം. അതാണ് നമുക്ക് ഏറ്റവും അധികം വേണ്ടത്.അതിനുള്ള ആദ്യത്തെ പരിശ്രമം കിവീസിന് എതിരായ പര്യടനം തന്നെയാവണം “സെവാഗ് അഭിപ്രായം വിശദമാക്കി.
2022ലെ ലോകകപ്പിനായി ഒരുക്കങ്ങൾ എല്ലാം ആരംഭിക്കണമെന്ന് പറഞ്ഞ മുൻ താരം അതിനായി ചില യുവ താരങ്ങളെ സ്ഥിരമായി ടീമിൽ കളിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.”ഇപ്പോൾ തന്നെ നമ്മൾ അടുത്ത ലോകകപ്പ് ലക്ഷ്യമാക്കണം. ഏറെ കഴിവുകളുള്ള ഒരുപിടി താരങ്ങൾ മികവിൽ നമുക്ക് ഇനിയും വളരെ ദൂരം മുന്നേറുവാൻ സാധിക്കും. അതിനായി ചില താരങ്ങൾക്ക് ടീമിൽ തുടർച്ചയായി അവസരങ്ങൾ നൽകണം.ലോകേഷ് രാഹുൽ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്ക്ഗ്വാദ് എന്നിവരെ തുടർച്ചയായി നാം കളിപ്പിക്കണം “സെവാഗ് നിരീക്ഷിച്ചു