ന്യൂസിലാൻഡ് ടീമിനെതിരെ വമ്പൻ ജയം കരസ്ഥമാക്കി ടി :20 ലോകകപ്പിലെ സെമി ഫൈനൽ പ്രവേശനം എളുപ്പമാക്കാമെന്ന ടീം ഇന്ത്യയുടെ ആഗ്രഹം ഒരിക്കൽ കൂടി വിഫലം. ഇന്നലത്തെ മത്സരത്തിൽ 8 വിക്കറ്റ് തോൽവി നേരിട്ട കോഹ്ലിയും ടീമും ഏറെക്കുറെ സെമി ഫൈനൽ കാണാതെ പുറത്താകുന്ന ഒരു മോശം അവസ്ഥയിലാണ്. തുടർച്ചയായ രണ്ടാം തോൽവി ബാക്കിയുള്ള മത്സരങ്ങളിൽ ജയിക്കുകയും ഒപ്പം മറ്റുള്ള ഏതാനും ടീമുകൾ ഫലവും ആശ്രയിക്കേണ്ടതായ ഒരു അവസ്ഥയിലേക്കാണ് ടീം ഇന്ത്യയെ കൊണ്ട് എത്തിച്ചിരിക്കുന്നത്. വളരെ ഏറെ പ്രശസ്തി നേടിയ ഇന്ത്യൻ ബാറ്റിങ് നിര ഒരിക്കൽ കൂടി എതിരാളികളുടെ വ്യക്തമായ പദ്ധതികൾക്ക് മുൻപിൽ തകർന്നപ്പോൾ വിക്കറ്റുകൾ വീഴ്ത്താൻ കഴിയാതെ ഇന്ത്യൻ ബൗളർമാരും കൂടി വിഷമിക്കുകയാണ്. ഒക്ടോബർ 24നാണ് പാകിസ്ഥാൻ എതിരെ 10 വിക്കറ്റിന്റെ വൻ തോൽവി ടീം ഇന്ത്യ വഴങ്ങിയത്.
എന്നാൽ ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ വളരെ അധികം ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത് മത്സരത്തിന്റെ ടോസ് സമയം നായകൻ വിരാട് കോഹ്ലി പങ്കുവെച്ച ചില വാക്കുകളാണ്.ആദ്യ മത്സരത്തിന് ശേഷം 7 ദിവസത്തെ വലിയ ഗ്യാപ്പ് ഇന്ത്യൻ ടീമിന് ലഭിച്ചതിനെ കുറിച്ച് തന്റെ നിലപാട് വിശദമാക്കുകയാണ് കോഹ്ലി. ഒരു ആഴ്ചയോളം രണ്ടാമത്തെ മത്സരത്തിനായി കാത്തിരിക്കേണ്ടി വന്നത് ഒരുവേള പരിഹാസ്യമാണെന്നും വിരാട് കോഹ്ലി വ്യക്തമാക്കി.
“ഇത് പരിഹാസ്യമാണ്.ഞങ്ങൾ പത്ത് ദിവസനത്തിനുള്ളിൽ വെറും രണ്ട് തവണ മാത്രം കളിക്കുന്നു.അതേ ഇത് വളരെ നീണ്ട ഇടവേളയാണ്. ഇത്തരത്തിൽ ഒരു ടൂർണമെന്റിൽ വലിയ ഇടവേളയാണ് ” വിരാട് കോഹ്ലി ടോസ് വേളയിൽ തുറന്ന് പറഞ്ഞു.അതേസമയം ഈ ഇടവേള ഇന്ത്യൻ ടീമിനെ മറ്റൊരു വീക്ഷണത്തിൽ സഹായിച്ചിട്ടുണ്ടാകണം.ഞങ്ങൾ എല്ലാം തന്നെ ഇതിനകം ഒരു പൂർണ്ണ സീസൺ പൂർത്തിയാക്കി കഴിഞ്ഞു. ഐപിൽ കളിച്ച ശേഷമാണ് ഞങ്ങൾ ഇവിടേക്ക് എത്തുന്നത്.ലോകകപ്പിലെ ഈ വമ്പൻ മത്സരങ്ങൾക്ക് മുൻപായി ഇംഗ്ലണ്ടിൽ അനേകം ടെസ്റ്റ് മത്സരങ്ങളും ഞങ്ങൾ ടീമായി കളിച്ച് കഴിഞ്ഞു “കോഹ്ലി നിരീക്ഷിച്ചു
കൂടാതെ ഈ നീളമുള്ള ഇടവേളകൾ ടീം ഇന്ത്യക്കും താരങ്ങൾക്കും കൃത്യമായി സഹായിക്കുമെന്നാണ് തന്റെ അഭിപ്രായം എന്ന് കോഹ്ലി കൂട്ടിച്ചേർത്തു. “ഇത്തരം ഉയർന്ന ടൂർണമെന്റ് കളിക്കാനുള്ള ശാരീരിക അവസ്ഥയിൽ എത്താൻ ഈ ഇടവേള സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുണ്ട് ” വിരാട് കോഹ്ലി പറഞ്ഞു