ഇന്ത്യയെ ലോകകപ്പിൽ വിജയിപ്പിച്ചത് ആ 3 പേർ. രോഹിത് ശർമ.

2024 ട്വന്റി20 ലോകകപ്പ് ക്യാമ്പയിൻ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു. വളരെയധികം വിമർശനങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യ 2024 ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 11 വർഷങ്ങൾ നീണ്ട ഇടവേളക്ക് ശേഷമായിരുന്നു ഇന്ത്യ ഒരു ഐസിസി കിരീടം ചൂടിയത്.

മാത്രമല്ല 2007ന് ശേഷം മറ്റൊരു ട്വന്റി20 ലോകകപ്പ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. ഈ ടൂർണമെന്റിലെ വിജയത്തോടുകൂടി ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുക്കുന്ന മൂന്നാമത്തെ നായകനായി രോഹിത് ശർമ മാറുകയുണ്ടായി. കപിൽ ദേവ്, മഹേന്ദ്ര സിംഗ് ധോണി എന്നിവർക്ക് ഒപ്പമാണ് രോഹിത് ഈ ലിസ്റ്റിൽ ഇടംപിടിച്ചത്. 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിലെ പ്രധാന നെടുംതൂണുകളെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് രോഹിത് ഇപ്പോൾ.

ഇന്ത്യയുടെ പരിശീലകനായ രാഹുൽ ദ്രാവിഡ്‌, ബിസിസിഐ സെക്രട്ടറി ജയ് ഷാ, സെലക്ടർ അജിത് അഗാർക്കർ എന്നിവരാണ് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് എന്ന് രോഹിത് ശർമ പറയുകയുണ്ടായി. “ഇത്തരത്തിൽ ഒരു ടീമിനെ രൂപപ്പെടുത്തിയെടുക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. വ്യക്തിഗതമായ നേട്ടങ്ങൾ, മത്സരഫലങ്ങൾ എന്നിവയെപ്പറ്റി ഒരുപാട് ചിന്തിക്കാതെ കളിക്കാർ ടീമിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതായിരുന്നു ഏറ്റവും ആവശ്യമായ ഘടകം. അതിന് ഞങ്ങൾക്ക് സാധിച്ചു.”- രോഹിത് പറഞ്ഞു.

“3 തൂണുകളിൽ നിന്നുമാണ് ഇതിനായി ഞങ്ങൾക്ക് വലിയ പിന്തുണ ലഭിച്ചത്. ജയ് ഷാ, രാഹുൽ ദ്രാവിഡ്‌, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത്ത് അഗാർക്കർ എന്നിവരായിരുന്നു ഈ തൂണുകൾ. അതുവരെ എന്താണോ ഞാൻ ചെയ്തത്, അതുതന്നെ തുടരാനാണ് ലോകകപ്പിലും ഞാൻ ശ്രമിച്ചത്. എന്നാൽ വ്യത്യസ്തമായ സമയങ്ങളിൽ ടീമിലെത്തി ടീമിനായി മികച്ച പ്രകടനം പുലർത്തിയ താരങ്ങളെ എനിക്ക് ഒരിക്കലും മറക്കാനും സാധിക്കില്ല.”- രോഹിത് ശർമ കൂട്ടിച്ചേർക്കുകയുണ്ടായി. 2024 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

ഇതിന് മുമ്പുള്ള ലോകകപ്പുകളിലോക്കെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും കിരീടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. 2021 ലോകകപ്പിന്റെ സെമിഫൈനലിൽ പോലും ഇന്ത്യ സ്ഥാനം കണ്ടെത്തിയിരുന്നില്ല. ശേഷം 2022 ലോകകപ്പിൽ മികവ് പുലർത്തിയെങ്കിലും ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിൽ ഇന്ത്യ പുറത്താവുകയുണ്ടായി.

2023ലെ ഏകദിന ലോകകപ്പിലും ഫൈനൽ മത്സരം വരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യക്ക് കിരീടം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ടീമിനെതിരെ ഉയർന്നിരുന്നു. എന്നാൽ ഇതിനെല്ലാമുള്ള ഉത്തരം നൽകിയാണ് ഇന്ത്യ 2024 ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയത്.

Previous article2025 ലേലത്തിൽ വമ്പൻമാരെ സ്വന്തമാക്കാൻ മുംബൈ. റാഷിദ് ഖാൻ അടക്കം 3 പേർ ലിസ്റ്റിൽ.
Next article“ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ഇന്നിങ്സ് കോഹ്ലിയുടേത് “. ഷാഹീൻ അഫ്രീദി തുറന്ന് പറയുന്നു.