“അന്ന് ധോണി ഡ്രെസ്സിങ് റൂമിലെത്തി ഞാൻ വിരമിയ്ക്കുകയാണ് എന്ന് പറഞ്ഞു. എല്ലാവരും ഞെട്ടി”. രവി ശാസ്ത്രി

ഗാബ ടെസ്റ്റ് മത്സരത്തിന് ശേഷം ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തന്റെ അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിക്കുകയുണ്ടായി. ഇതിന് ശേഷം ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണിയുടെ ടെസ്റ്റ് വിരമിക്കലിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ രവി ശാസ്ത്രി. 2014ലെ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയുടെ മധ്യത്തിലാണ് മഹേന്ദ്ര സിംഗ് ധോണി തന്റെ ടെസ്റ്റ് ക്രിക്കറ്റ് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഇന്ത്യൻ ടീമിലെ പല താരങ്ങൾക്കും ധോണിയുടെ വിരമിക്കൽ ഒരു വലിയ ഷോക്ക് തന്നെയായിരുന്നു. ഇതേ സംബന്ധിച്ചാണ് രവി ശാസ്ത്രി സംസാരിക്കുന്നത്.

“അന്ന് മഹേന്ദ്ര സിംഗ് ധോണി തന്റെ വിരമിക്കലിനായി കൃത്യമായ ഒരു നിമിഷം കണ്ടെത്തിയിരുന്നില്ല. അവൻ കാത്തുനിൽക്കാൻ പോലും തയ്യാറായില്ല. മത്സരശേഷം അവൻ ഡ്രസിങ് റൂമിലേക്ക് നടന്നുവന്നു. ഞാനായിരുന്നു ആ സമയത്ത് പരിശീലകൻ. ‘രവി, എനിക്ക് ടീമിലെ സഹതാരങ്ങളോട് ഒരു 5 മിനിറ്റ് സമയം സംസാരിക്കാനുണ്ട്’ എന്ന് മാത്രമാണ് ധോണി എന്നോട് പറഞ്ഞത്. മെൽബണിലെ ടെസ്റ്റ് മത്സരത്തിൽ സമനില സ്വന്തമാക്കിയതിന് ശേഷമാണ് ഈ സംഭവം നടന്നത്. അതുകൊണ്ടു തന്നെ ടീമിലെ അംഗങ്ങൾ എല്ലാരും മികച്ച പ്രകടനം തന്നെ മത്സരത്തിൽ കാഴ്ചവച്ചു എന്ന് ധോണി പറയുമെന്നാണ് ഞാൻ കരുതിയത്. ‘പക്ഷേ എല്ലാവർക്കും നന്ദി, ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു’ എന്ന് പറഞ്ഞ് ധോണി മടങ്ങുകയായിരുന്നു.”- രവി ശാസ്ത്രി പറഞ്ഞു.

“ഇത് പറയുന്ന സമയത്ത് ഞാൻ ധോണിയോട് പറഞ്ഞു, ‘ഒരു ടെസ്റ്റ് മത്സരം കൂടി അവശേഷിക്കുന്നുണ്ടെന്ന്’. എന്നാൽ അവൻ നടന്നകലുകയാണ് ഉണ്ടായത്. 5 മിനിറ്റ് സമയം അവൻ തന്റെ സഹതാരങ്ങളോട് സംസാരിച്ചു. ‘ഞാനിത് അവസാനിപ്പിക്കുന്നു. എല്ലാവരുടെയും പിന്തുണയ്ക്ക് വളരെ നന്ദി. അതുകൊണ്ടുതന്നെ ഞാൻ സിഡ്നിയിലെ മത്സരത്തിന് ഉണ്ടാവില്ല. എന്നിരുന്നാലും എന്റെ സഹതാരങ്ങൾക്ക് വലിയ പിന്തുണ ഞാൻ നൽകും.’ അന്ന് ധോണി പറഞ്ഞത് ഇങ്ങനെയാണ്. അതിന് ശേഷമായിരുന്നു ലോകകപ്പ് നിശ്ചയിച്ചിരുന്നത്. മാത്രമല്ല ധോണിയായിരുന്നു ലോകകപ്പിലെ ഇന്ത്യയുടെ നായകനും.”- രവി ശാസ്ത്രി കൂട്ടിച്ചേർക്കുന്നു.

മാത്രമല്ല തന്റെ വിരമിക്കലിന്റെ കാര്യം ധോണി മറ്റൊരു ടീം അംഗങ്ങളോടും പറഞ്ഞിരുന്നില്ല എന്നും രവി ശാസ്ത്രി കുട്ടിചേർത്തു. “ധോണി ഇത് പറയുന്ന സമയത്ത് ഞാൻ ഡ്രസ്സിംഗ് റൂമിൽ മുഴുവനായി നോക്കി. ഇക്കാര്യം അവൻ ആരോടും തന്നെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. ആർക്കും ഇക്കാര്യത്തിൽ ഒരു സൂചനയും ഇല്ലായിരുന്നു. 3 ദിവസം മുൻപ് അവനുമായി സമയം ചെലവഴിച്ച സഹതാരത്തിനു പോലും ഇതേപ്പറ്റി അറിയില്ലായിരുന്നു. വലിയ ആഘോഷകരം അല്ലാത്ത രീതിയിൽ അവൻ അവന്റെ കരിയർ അവസാനിപ്പിക്കുകയാണ് ഉണ്ടായത്. ഒരുപക്ഷേ 100 ടെസ്റ്റ് മത്സരങ്ങളിൽ അണിനിരക്കാൻ സാധിച്ചിരുന്നെങ്കിൽ അവനു വലിയ സ്വീകരണങ്ങൾ തന്നെ ലഭിച്ചേനെ പക്ഷേ അവന്റെ തീരുമാനം മറ്റൊന്നായിരുന്നു.”- ശാസ്ത്രി പറഞ്ഞുവെക്കുന്നു.

Previous article“കൂടുതൽ തയാറെടുപ്പുകൾ, ആധിപത്യം സ്ഥാപിക്കൽ”, 2024ൽ തന്റെ ബാറ്റിങ്ങിൽ വന്ന മാറ്റത്തെ പറ്റി സഞ്ജു.