ആഭ്യന്തര ക്രിക്കറ്റ്‌ കളിക്കാത്ത ആരെയും ഇന്ത്യൻ ടീമിൽ വേണ്ട. നിലപാട് കടുപ്പിച്ച് ജയ് ഷാ.

സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പല സീനിയർ താരങ്ങൾക്കും ഇന്ത്യയുടെ ടീമിൽ ഇടം പിടിക്കാനായി ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം അത്യാവശ്യമായി മാറി. ബിസിസിഐ കൈക്കൊണ്ട ചില നിർബന്ധിത നിയമങ്ങൾ മൂലമാണ് ഇത്തരത്തിൽ താരങ്ങൾക്ക് ഇന്ത്യൻ ടീമിലേക്കുള്ള അനായാസ എൻട്രി ഇല്ലാതായത്.

മാത്രമല്ല പലതാരങ്ങളെയും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തത് മൂലം ഇന്ത്യൻ ടീമിൽ നിന്ന് വിലക്കുകയും ചെയ്തു. ഇത്തരത്തിൽ ഇന്ത്യയുടെ കേന്ദ്ര കരാറിൽ നിന്ന് പുറത്താക്കപ്പെട്ട 2 താരങ്ങളായിരുന്നു ഇഷാൻ കിഷനും ശ്രേയസ് അയ്യരും. അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തതിന് ശേഷവും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന ബിസിസിഐയുടെ നിലപാട് അംഗീകരിക്കാതെ വന്നതോടെയാണ് ഇരു താരങ്ങളെയും മാറ്റി നിർത്തിയത്. ഈ നിയമത്തെ പറ്റി ജയ് ഷാ സംസാരിക്കുകയുണ്ടായി.

വരാനിരിക്കുന്ന ദുലീപ് ട്രോഫി സ്ക്വാഡ് ഉദാഹരണമായി എടുത്തതാണ് ജയ് ഷാ സംസാരിച്ചത്. “നിങ്ങൾ ദുലീപ് ട്രോഫിക്കുള്ള സ്ക്വാഡിലേക്ക് ശ്രദ്ധിക്കൂ. രോഹിത് ശർമയും വിരാട് കോഹ്ലിയും ഒഴികെയുള്ള മുഴുവൻ താരങ്ങളും അതിൽ കളിക്കുന്നുണ്ട്. ശ്രേയസ് അയ്യരും ഇഷാൻ കിഷനും ദുലീപ് ട്രോഫിയിൽ അണിനിരക്കുന്നുണ്ട്. ഇതൊക്കെയും നമ്മൾ കൈക്കൊണ്ട നിർബന്ധിതമായ ചില തീരുമാനങ്ങൾ മൂലമാണ്. കഴിഞ്ഞ സമയങ്ങളിൽ നമ്മൾ അല്പം കഠിനമായ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് പരിക്ക് പറ്റിയപ്പോൾ, ഞാൻ അവനെ വിളിക്കുകയും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിപ്പോൾ നിർബന്ധിതം ആക്കിയിരിക്കുകയാണ്. ആർക്കൊക്കെ പരിക്കു പറ്റി ടീമിന് പുറത്തായാലും തിരികെ ഇന്ത്യൻ ടീമിലേക്ക് എത്തണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫിറ്റ്നസ് തെളിയിക്കണം.”- ജയ് ഷാ പറഞ്ഞു.

എന്നിരുന്നാലും ഇന്ത്യൻ ടീമിന്റെ പ്രധാന ഘടകങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവർ ദുലീപ് ട്രോഫിയിൽ കളിക്കുന്നില്ല. ഇതിന് പ്രധാന കാരണം ഇവരുടെ ജോലിഭാരം നിയന്ത്രിക്കുക എന്നതാണ്. ഇക്കാരണത്താലാണ് ഇവർ ദുലീപ് ട്രോഫിയിൽ നിന്ന് മാറി നിൽക്കുന്നത് എന്ന് ജയ് ഷാ പറഞ്ഞിരുന്നു. ഒരു മാസത്തിന് ശേഷമാണ് ഇന്ത്യ തങ്ങളുടെ അടുത്ത പരമ്പര ആരംഭിക്കുക. സെപ്റ്റംബർ 19ന് ബംഗ്ലാദേശിനെതിരെയാണ് 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരക്ക് തുടക്കം കുറിക്കുക. ഈ മത്സരത്തിലൂടെയാവും കോഹ്ലിയും രോഹിത്തും അടക്കമുള്ള താരങ്ങൾ തിരികെ എത്തുക.

“കോഹ്ലിയെയും രോഹിതിനെയും ആഭ്യന്തര ക്രിക്കറ്റിൽ കളിപ്പിക്കാത്തതിനെ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. പക്ഷേ അവർക്ക് പരിക്ക് ഭീഷണിയായി ഉള്ളതുകൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനം കൈക്കൊള്ളാത്തത്. നമ്മൾ ഇക്കാര്യത്തിൽ ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും പോലെയുള്ള ക്രിക്കറ്റ് ബോർഡുകളെ പരിശോധിക്കണം. ഈ രാജ്യങ്ങളിലെ അന്താരാഷ്ട്ര താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കില്ല. അത് നമ്മൾ താരങ്ങൾക്ക് കൊടുക്കുന്ന ഒരു ബഹുമാനമാണ്.”- ബിസിസിഐ സെക്രട്ടറി കൂട്ടിച്ചേർത്തു.

Previous articleഎന്റെ കരിയർ നശിക്കാൻ കാരണം ധോണിയുടെയും കോഹ്ലിയുടെയും ചില തീരുമാനങ്ങൾ ; അമിത് മിശ്ര
Next article“ക്രിക്കറ്റിലെ ആ നിയമം ബോളർമാർക്ക് എതിരെയാണ്, അത് മാറ്റണം”- ജസ്‌പ്രീത് ബുമ്ര.