എന്റെ കരിയർ നശിക്കാൻ കാരണം ധോണിയുടെയും കോഹ്ലിയുടെയും ചില തീരുമാനങ്ങൾ ; അമിത് മിശ്ര

dhoni and kohli

ഒരു സമയത്ത് ഇന്ത്യൻ സ്പിൻ നിരയുടെ സ്ഥിരം സാന്നിധ്യമായിരുന്ന അമിത് മിശ്ര വിവിധ സാഹചര്യങ്ങൾ മൂലം ടീമിലെ സ്ഥാനം നഷ്ടപ്പെട്ടു. തനിക്ക് ഇന്ത്യൻ ടീമിൽ നേരിടേണ്ടി വന്ന മോശമായ അനുഭവങ്ങളെപ്പറ്റിയും വെല്ലുവിളികളെ പറ്റിയും തുറന്നു പറഞ്ഞിരിക്കുകയാണ് അമിത് മിശ്ര ഇപ്പോൾ. ഔദ്യോഗികപരമായി താൻ വിരമിക്കൽ പ്രഖ്യാപിച്ചില്ലെങ്കിലും, പരിക്കുകളും ടീം സെലക്ഷന്റെ തീരുമാനങ്ങളുമടക്കം തനിക്ക് എതിരായി വന്നു എന്നാണ് അമിത് മിശ്ര പറഞ്ഞത്.

അതിനാൽ ടീമിൽ സ്ഥിരമായി സ്ഥാനമുറപ്പിക്കുന്നതിൽ താൻ പരാജയപ്പെടുകയായിരുന്നു എന്ന് അമിത് മിശ്ര കൂട്ടിച്ചേർത്തു. തന്റെ കരിയറിലെ ഏറ്റവും വലിയ റോൾ വഹിച്ചത് അന്നത്തെ ഇന്ത്യയുടെ നായകന്മാരായിരുന്ന മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്ലിയും ആയിരുന്നു എന്ന് മിശ്ര പറഞ്ഞു.

അനിൽ കുംബ്ലെ നായകനായിരുന്ന സമയത്തായിരുന്നു അമിത് മിശ്ര ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. ശേഷം മഹേന്ദ്ര സിംഗ് ധോണിയുടെയും വിരാട് കോഹ്ലിയുടെയും നേതൃത്വത്തിൽ കളിക്കാൻ മിശ്രയ്ക്ക് അവസരം ലഭിച്ചിരുന്നു. ഇന്ത്യയ്ക്കായി 22 ടെസ്റ്റ് മത്സരങ്ങളും, 36 ഏകദിന മത്സരങ്ങളും, 10 ട്വന്റി20 മത്സരങ്ങളുമാണ് അമിത് മിശ്ര കളിച്ചത്. 156 വിക്കറ്റുകൾ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തമാക്കാൻ അമിത് മിശ്രയ്ക്ക് സാധിച്ചിരുന്നു. പക്ഷേ ഇത്തരം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും മിശ്രയുടെ കരിയർ വളരെ മോശം അവസ്ഥയിലാണ് അവസാനിച്ചത്. ഇതിന് ശേഷമാണ് വെളിപ്പെടുത്തലുമായി മിശ്ര ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

“ഒരു താരത്തിന്റെ കളിക്കാനുള്ള കഴിവ് മാത്രം കണക്കിലെടുത്തല്ല ടീം സെലക്ഷൻ നടത്തുന്നത്. ടീമിന്റെ നായകന് കളിക്കാരോടുള്ള താൽപര്യത്തിനും വലിയ പ്രാധാന്യമുണ്ട്. മൈതാനത്ത് മികവ് പുലർത്തിയത് കൊണ്ട് മാത്രം ടീമിൽ ഇടം പിടിക്കാൻ സാധിക്കില്ല. പ്ലെയിങ് ഇലവനെ സംബന്ധിച്ചുള്ള അവസാന തീരുമാനം ടീമിന്റെ നായകന്റെതാണ്. മഹേന്ദ്ര സിംഗ് ധോണിയുമായി എനിക്ക് മികച്ച ഒരു ബന്ധം ഉണ്ടായിരുന്നു. അന്നൊരിക്കൽ എന്നെ ടീമിൽ നിന്ന് പുറത്താക്കിയപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ഞാൻ അന്വേഷിച്ചിരുന്നു. ടീമിന്റെ കോമ്പിനേഷനുമായി ഞാൻ യോജിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.”- അമിത് മിശ്ര പറയുന്നു.

Read Also -  ബംഗ്ലാദേശിനെ വിലകുറച്ച് കാണരുത്, അവർ പണി തരും. രോഹിതിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ.

“ആവശ്യപ്പെട്ടില്ലെങ്കിലും എനിക്ക് വിശ്രമം നൽകാമെന്ന് എന്നെ ടീം അന്ന് അറിയിക്കുകയുണ്ടായി. ആ സമയത്ത് ഞാൻ കേവലം 10 ടെസ്റ്റ് മത്സരങ്ങളിൽ പോലും പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ എനിക്ക് ഇടവേള ആവശ്യമില്ലായിരുന്നു. അന്ന് ധോണിയുടെ ആ തീരുമാനത്തെ ചോദ്യം ചെയ്യാൻ എനിക്ക് സാധിച്ചില്ല. ഇക്കാര്യം ഞാൻ പരിശീലകനോട് ചോദിച്ചപ്പോൾ ധോണിയുമായി നേരിട്ട് സംസാരിക്കാനാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല.”- മിശ്ര വെളിപ്പെടുത്തുന്നു.

“2016ലെ ശ്രീലങ്കൻ പരമ്പരക്കുള്ള ടീമിലേക്ക് ഞാൻ തിരിച്ചു വന്നതിൽ ഒരു പ്രധാന പങ്കു കോഹ്ലി വഹിച്ചു. അന്നും ഞാൻ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു. ശ്രീലങ്കയിലെ സാഹചര്യത്തിൽ എന്നെപ്പോലെ ഒരു സ്പിന്നറെ ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു. ടീമിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം പരിശീലനത്തിൽ ഏർപ്പെടണമെന്ന് കോഹ്ലി എന്നോട് പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഭാരമുയർത്താൻ സാധിക്കില്ലെങ്കിലും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മറ്റേതെങ്കിലും പരിശീലനത്തിന് ഞാൻ തയ്യാറാണ് എന്നും അന്ന് വിശദീകരിച്ചിരുന്നു. പക്ഷേ അതിന് ശേഷം എന്റെ ഭാവിയെപ്പറ്റി ചോദിച്ചപ്പോൾ കോഹ്ലി വ്യക്തമല്ലാത്ത ഉത്തരമാണ് നൽകിയത്. ഇതിനെ സംബന്ധിച്ച് ഞാൻ അദ്ദേഹത്തിന് സന്ദേശം അയച്ചിരുന്നു. അതിന് അദ്ദേഹം മറുപടി പോലും അയച്ചില്ല.”- മിശ്ര പറഞ്ഞുവെക്കുന്നു.

Scroll to Top