“ക്രിക്കറ്റിലെ ആ നിയമം ബോളർമാർക്ക് എതിരെയാണ്, അത് മാറ്റണം”- ജസ്‌പ്രീത് ബുമ്ര.

20240818 141845

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു പേസർ ജസ്പ്രീറ്റ് ബുമ്ര ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ബുമ്ര തന്നെയായിരുന്നു ടൂർണമെന്റിന്റെ താരവും. ബാറ്റർമാരെ എല്ലാതരത്തിലും കുഴപ്പിക്കുന്ന യോർക്കറുകളും സ്ലോ ബോളുകളുമാണ് ബൂമ്രയുടെ ഏറ്റവും വലിയ ശക്തി.

വ്യത്യസ്തമായ ആക്ഷനുകളും ബുമ്രയുടെ കരുത്താണ്. ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കെതിരെ ഇന്ത്യയെ വിജയത്തിൽ എത്തിച്ചത് ബൂമ്രയുടെ തട്ടുപൊളിപ്പൻ പ്രകടനം കൂടിയായിരുന്നു. ഇതിന് ശേഷം, ക്രിക്കറ്റിൽ മാറ്റം വരുത്തേണ്ട ഒരു നിയമത്തെ പറ്റി സംസാരിക്കുകയാണ് ജസ്‌പ്രീറ്റ് ബുമ്ര.

ഒരു ക്രിക്കറ്റ് നിയമത്തിൽ മാറ്റം വരുത്താൻ സാധിച്ചാൽ താൻ നോബോൾ നിയമം മാറ്റും എന്നാണ് ബൂമ്ര പറയുന്നത്. നോബോളിന് ഫ്രീഹിറ്റ് നൽകുന്ന നിയമത്തിൽ ഭേദഗതി വരുത്തണം എന്നാണ് ബൂമ്രയുടെ നിർദ്ദേശം. കഴിഞ്ഞ സമയങ്ങളിൽ ബൂമ്രയ്ക്ക് വെല്ലുവിളിയായി മാറിയത് നോബോളുകൾ മാത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. “നോബോളിന് ഫ്രീഹിറ്റ് അനുവദിക്കുന്ന ആ നിയമമാണ് മാറ്റേണ്ടത്”- ബുമ്ര ഇന്ത്യൻ എക്സ്പ്രസ്സിനോട് തന്റെ ആഗ്രഹം പറയുകയുണ്ടായി. മുൻപ് ട്വന്റി20 മത്സരങ്ങളിൽ മാത്രമായിരുന്നു ഫ്രീഹിറ്റ് അനുവദിച്ചിരുന്നത്. എന്നാൽ ശേഷം ഏകദിനങ്ങളിലും ഈ നിയമം കൊണ്ടുവരികയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാണ് നോബോളിന് ഫ്രീഹിറ്റ് ലഭിക്കാത്തത്. ടെസ്റ്റ് ക്രിക്കറ്റ് തന്നെ സംബന്ധിച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് ഫോർമാറ്റ് ആണ് എന്നും ബുമ്ര പറയുകയുണ്ടായി. എന്നിരുന്നാലും ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ബോളർമാരെക്കാൾ കൂടുതൽ ബാറ്റർമാർക്ക് പ്രാധാന്യം ലഭിക്കുന്നുണ്ട് എന്നും ബുമ്ര കൂട്ടിച്ചേർത്തു. “ഞാൻ ബോളർമാരുടെ പ്രതിനിധിയാണ്. നമ്മുടെ രാജ്യം ബോളർമാരെക്കാൾ കൂടുതൽ ബാറ്റർമാരെ സ്നേഹിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. അത് നീതിപരം തന്നെയാണ്. പക്ഷേ എന്നെ സംബന്ധിച്ച് ബോളർമാർ തന്നെയാണ് മത്സരം നിയന്ത്രിക്കുന്നത്.”- ബുമ്ര കൂട്ടിച്ചേർത്തു.

Read Also -  2025 ഐപിഎല്ലിലും സഞ്ജു രാജസ്ഥാൻ നായകൻ. സ്ഥിരീകരിച്ച് രാജസ്ഥാൻ റോയൽസ്.

“ടെലിവിഷനിൽ ടെസ്റ്റ് ക്രിക്കറ്റ് കണ്ടുവളർന്ന ഒരു തലമുറയിൽ നിന്നാണ് ഞാൻ ഈ നിലയിൽ എത്തിയിരിക്കുന്നത്. എന്നെ സംബന്ധിച്ച് ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് ഏറ്റവും മികച്ച ഫോർമാറ്റ്. കാരണം ആ ഫോർമാറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചാൽ മറ്റു ഫോർമാറ്റുകളിലും അത് തുടർന്നുകൊണ്ട് പോകാൻ നമുക്ക് സാധിക്കും.”- ബൂമ്ര കൂട്ടിച്ചേർത്തു. 2024 ട്വന്റി20 ലോകകപ്പിന് ശേഷം നിലവിൽ വിശ്രമത്തിലാണ് ബുമ്ര. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ബൂമ്ര ഇന്ത്യൻ ടീമിൽ തിരിച്ചെത്തും എന്നായിരുന്നു മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ന്യൂസിലാൻഡിനെതിരായ പരമ്പരയിലൂടെ മാത്രമേ ബുമ്ര തിരികെയെത്തൂ എന്ന് ഉറപ്പായിട്ടുണ്ട്.

Scroll to Top