അടുത്ത ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യ സഞ്ജു സാംസനെ തങ്ങളുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് ഇന്ത്യ താരം സഞ്ജയ് മഞ്ജരേക്കർ. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്തതിന് ശേഷമായിരുന്നു ഇന്ത്യ സഞ്ജുവിനെ ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയത്.
500 റൺസിലധികം ഐപിഎല്ലിൽ നേടാൻ സഞ്ജുവിന് സാധിച്ചിരുന്നു. ശേഷം ലോകകപ്പിന് മുൻപായി നടന്ന പരിശീലന മത്സരത്തിൽ സഞ്ജു ബാറ്റിംഗിൽ പരാജയപ്പെട്ടു. പിന്നീട് അയർലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇന്ത്യ ശിവം ദുബയെ ബോൾ ചെയ്യിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഉറപ്പായും സഞ്ജു സാംസനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് മഞ്ജരേക്കർ പറഞ്ഞിരിക്കുന്നത്.
“ശിവം ദുബെ വരും മത്സരങ്ങളിൽ ബോൾ ചെയ്യുന്നില്ലെങ്കിൽ ഒരു ബാറ്ററായ സഞ്ജു സാംസനെ ഇന്ത്യ കളിപ്പിക്കണം. അക്കാര്യത്തിൽ ഞാൻ ഉറച്ചു നിൽക്കുകയാണ്. കാരണം സഞ്ജു സാംസൺ കഴിഞ്ഞ സമയങ്ങളിൽ കൂടുതൽ പക്വത പുലർത്തിയിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള താരമായി മാറാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. സഞ്ജുവിന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് അവൻ കടന്നു പോകുന്നത്.”- മഞ്ജരേക്കർ പറഞ്ഞു. സഞ്ജു സാംസന്റെ ബാറ്റിംഗ് ശൈലിയെ പുകഴ്ത്തിയായിരുന്നു മഞ്ജരേക്കർ സംസാരിച്ചത്.
“ഈ ലോകകപ്പിൽ ഇന്ത്യ ശിവം ദുബയുടെ ബോളിംഗ് അധികമായി ഉപയോഗിക്കുമെന്ന് ഞാൻ കരുതുന്നില്ല. അതിനാൽ തന്നെ അവന്റെ ബാറ്റിംഗ് ക്ലാസിനാവും ഇന്ത്യ പ്രാധാന്യം നൽകുന്നത്. അങ്ങനെ നോക്കുമ്പോൾ എതിർ ടീമിലെ ബോളർമാരുമായുള്ള മാച്ചപ്പുകൾക്കും പ്രാധാന്യം നൽകേണ്ടിവരും. ഏത് എതിർ ടീം വന്നാലും സ്പിന്നർമാർക്കെതിരെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ ശിവം ദുബെയ്ക്ക് സാധിക്കും.”
“എന്നാൽ സഞ്ജു സാംസണെ പോലെ മികച്ച പ്രതിഭയുള്ള താരമാണോ ശിവം ദുബെ? സഞ്ജുവിന് പന്തിനെ നന്നായി നിരീക്ഷിക്കാൻ സാധിക്കും. മനോഹരമായ ടൈമിങ്ങും സഞ്ജുവിനുണ്ട്. പുൾ ഷോട്ടുകൾ അതിമനോഹരമായി അവൻ കളിക്കും. പാക്കിസ്ഥാനെതിരെ സാങ്കേതിക തികവോടെ കളിക്കാൻ സഞ്ജുവിന് സാധിക്കും.”- മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു.
“ഇന്ത്യയുടെ ആദ്യ പരിശീലന മത്സരം സഞ്ജു സാംസണ് കുറച്ചു നെഗറ്റീവായി മാറിയിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. എന്നെ സംബന്ധിച്ച് ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ മൂന്നാം നമ്പർ ബാറ്റർ സഞ്ജു സാംസനായിരുന്നു. റിഷഭ് പന്ത് അഞ്ചാം നമ്പരിൽ കളിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷേ പരിശീലന മത്സരത്തിൽ സഞ്ജു പൂർണമായും പരാജയപ്പെട്ടു. ഒരുപാട് താരങ്ങൾ ടീമിലുള്ളപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കാം. ചെറിയ അവസരങ്ങൾ മാത്രമാവും നമ്മളെ തേടി വരിക.”- മഞ്ജരേക്കർ പറഞ്ഞുവെക്കുന്നു. ജൂൺ 9ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത ലോകകപ്പ് മത്സരം നടക്കുക.