ഒരു ബാറ്റ്‌സ്മാനെ കുറച്ച് കളിച്ചത് തിരിച്ചടിയായി :തുറന്ന് പറഞ്ഞ് ഇർഫാൻ പത്താൻ

ലോകക്രിക്കറ്റിൽ ഇപ്പോൾ ഏറ്റവും വലിയ ചർച്ച പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ തോൽവിയാണ്. സതാംപ്ടണിൽ എട്ട് വിക്കറ്റിനാണ് ന്യൂസിലാൻഡ് ടീം കരുത്തരായ ഇന്ത്യൻ ടീമിനെ തോൽപ്പിച്ച് പ്രഥമ ടെസ്റ്റ് ലോകകപ്പ് കിരീടവും ഒപ്പം ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കിയത്. ഇന്ത്യൻ ടീമിന്റെ ദയനീയ തോൽവി ആരാധകരെ വളരെയേറെ നിരാശയിലാക്കി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച കോഹ്ലിയുടെ ഇന്ത്യൻ ടീം ബാറ്റിംഗിലും ബൗളിങ്ങിലും ഫൈനലിൽ തകർച്ച നേരിട്ടു. കിവീസ് ബൗളിംഗിന്റെ മിന്നും പ്രകടനത്തിൽ വിരാട് കോഹ്ലി അടക്കം സുപ്രധാന ബാറ്റ്‌സ്മാന്മാരുടെ മോശം ബാറ്റിങ്ങും ഫൈനലിൽ ഇന്ത്യൻ ടീമിന് തിരിച്ചടിയായി.

എന്നാൽ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഫൈനലിലെ തോൽവിക്കുള്ള കാരണം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഒരു മികച്ച പ്രകടനം ബാറ്റ്‌സ്മാന്മാരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായില്ലയെന്നത് വളരെ ഏറെ വിഷമകരമായി എന്ന് തുറന്ന് പറഞ്ഞ ഇർഫാൻ പത്താൻ നമുക്ക് പ്ലെയിങ് ഇലവനിൽ ഒരു ബാറ്റ്‌സ്മാനെ കൂടി ഉൾപെടുത്തമായിരുന്നുവെന്നും വിശദീകരിച്ചു. ഫൈനലിൽ ഒരു സ്പിൻ ബൗളറെ ഒഴിവാക്കി സ്പെഷ്യലിസ്റ് ബാറ്റ്‌സ്മാനെ പരിഗണിച്ചിരുന്നേൽ അത് ഫൈനലിൽ ഗുണകരമായേനെ എന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

“എന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ടീം ഒരു കുറവ് ബാറ്റ്‌സ്മാനുമായിട്ടാണ്‌ ഫൈനൽ കളിക്കാൻ ഇറങ്ങിയത്. ഫൈനലിന് മുൻപേ ഞാൻ ഇത് പറഞ്ഞതാണ്. നാം ഒരു എക്സ്ട്രാ ബാറ്റ്‌സ്മാനെ കൂടി പ്ലെയിങ് ഇലവനിൽ കളിപ്പിച്ചിരുന്നേൽ അത് റൺസ് കൂടുതൽ നേടുവാൻ വളരെ സഹായകമായേനെ.കിവീസ് ടീമിൽ ഉള്ളത് പോലെ ബാറ്റ്‌സ്മാൻ കൂടിയായ ഫാസ്റ്റ് ബൗളർ നമ്മുടെ ടീമിൽ ഇല്ല. അത് തിരിച്ചടിയായി മാറി നമുക്ക്. ഒന്നാം ഇന്നിങ്സിൽ നമ്മൾ അത്യാവശ്യം ഏറെ ഭംഗിയായി ബാറ്റ് ചെയ്തെങ്കിലും രണ്ടാം ഇന്നിങ്സ് നിരാശപ്പെടുത്തി. ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും നമ്മൾ ഇത്തരത്തിലുള്ള ഒരു പ്രകടനമല്ല പ്രതീക്ഷിക്കുന്നത് ” ഇർഫാൻ പത്താൻ തന്റെ വിമർശനം കടുപ്പിച്ചു.