ബംഗ്ലാദേശ് ഓപ്പണിംഗ് താരം തമീം ഇഖ്ബാൽ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയതിന് ശേഷമാണ് വെറ്ററൻ താരം തന്റെ തീരുമാനം അറിയിച്ചത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് തമീം വിരമിക്കുന്ന കാര്യം അറിയിച്ചത് “ഞാൻ ഇന്ന് മുതൽ ടി20യിൽ നിന്ന് വിരമിച്ചതായി കരുതുക. എല്ലാവർക്കും നന്ദി”. 33 കാരനായ താരം കുറിച്ചു.
2020 മാർച്ചിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് തമീം ഇക്ബാല്‍ അവസാനമായി ടി20 കളിച്ചത്. പിന്നീട് പരിക്കും മറ്റ് കാരണങ്ങളാൽ ഫോർമാറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2021 ൽ ഒമാനിലും യുഎഇയിലും നടക്കുന്ന ടി20 ലോകകപ്പിൽ നിന്ന് ഈ ഇടംകയ്യൻ താരം പിന്‍മാറിയിരുന്നു.
78 ടി20 യില്‍ 24.08 ശരാശരിയിൽ 1758 റൺസും 116.96 സ്‌ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ചുറിയും ഏഴ് അർദ്ധ സെഞ്ച്വറികളുമാണ് നേടിയത്. ടി20യിൽ സെഞ്ച്വറി നേടിയ ഏക ബംഗ്ലാദേശ് ബാറ്റ്‌സ്മാൻ കൂടിയാണ് തമീം. 2016 ടി20 ലോകകപ്പിൽ ഒമാനെതിരെയാണ് ഈ നേട്ടം കൈവരിച്ചത്.
നിലവിലെ ക്യാപ്റ്റൻ മഹമ്മദുല്ല റിയാദിനും ടെസ്റ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും ശേഷം ടി20യിൽ തന്റെ രാജ്യത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമായാണ് അദ്ദേഹം ഫിനിഷ് ചെയ്തു. 18-ാം വയസ്സിലാണ് തമീം ടി20യിൽ അരങ്ങേറ്റം കുറിച്ചത്. ടി20യിൽ മാത്രമല്ല, മൂന്ന് ഫോർമാറ്റുകളിലും ദേശീയ ടീമിന്റെ പ്രധാന താരമായി.
തമീം തന്റെ രാജ്യത്തിനായി ഏകദിനങ്ങളും ടെസ്റ്റുകളും കളിക്കുന്നത് തുടരും. കരിയറില്‍ 25 സെഞ്ചുറികളും 91 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 14000 റൺസ് ബംഗ്ലാദേശിനായി അദ്ദേഹം നേടിയട്ടുണ്ട്.