ക്രിക്കറ്റ് ആരാധകർ എല്ലാം ഇന്ത്യൻ ടീം ഒരിക്കൽ കൂടി വിജയവഴിയിലേക്ക് എത്തിയ സന്തോഷത്തിലാണ്. കിവീസിനു എതിരായ ഒന്നാം ടി :20യിൽ 5 വിക്കറ്റ് ജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീം എല്ലാ അർഥത്തിലും ടി :20 ലോകകപ്പിലെ തോൽവിക്ക് മധുര പ്രതികാരം വീട്ടി. ഒപ്പം മൂന്ന് ടി :20യുള്ള പരമ്പരയിൽ 1-0ന് മുൻപിലേക്ക് എത്താനും രോഹിത്തിനും ടീമിനും സാധിച്ചു. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച് 164 റൺസ് അടിച്ച കിവീസ് ടീമിന് മറുപടിയായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ജയം സമ്മാനിച്ചത് രോഹിത് ശർമ്മ (48), സൂര്യകുമാർ യാദവ് (62 )എന്നിവർ ബാറ്റിങ് മികവാണ്.തന്റെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തി അതിവേഗ ഫിഫ്റ്റി അടിച്ച സൂര്യകുമാർ യാദവാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.
വെറും 40 ബോളുകളിൽ നിന്നും 6 ഫോറും 3 സിക്സ് അടക്കം 62 റൺസ് അടിച്ച സൂര്യകുമാർ യാദവ് തന്റെ ഈ ഇന്നിങ്സ് ജന്മദിനം ആഘോഷിച്ച തന്റെ ഭാര്യക്ക് സമർപ്പിച്ചു. രാഹുലിന്‍റെ വിക്കറ്റ് നഷ്ടമായപ്പോൾ പതറിയ ടീം ഇന്ത്യക്കായി കിവീസ് ക്യാംപിലേക്ക് ആക്രമണ ബാറ്റിങ് കളിച്ച് ഭീതി പരത്തിയ താരം ഒരിക്കൽ കൂടി മൂന്നാം നമ്പർ തനിക്കുള്ളതാണ് എന്നത് തെളിയിച്ചു. ഇന്ത്യൻ ഇന്നിങ്സ് പതിനേഴാം ഓവറിൽ താരം പുറത്തായി.അതേസമയം ഇന്നലെ മത്സരശേഷം തന്റെ ബാറ്റിങ് ശൈലിയിൽ യാതൊരു മാറ്റവും വന്നിട്ടില്ല എന്നും പറഞ്ഞ സൂര്യകുമാർ യാദവ് താൻ കഴിഞ്ഞ മൂന്ന് വർഷമായി എന്താണോ ചെയ്യുന്നത് അതാണ് ഇന്നലെ കളിയിൽ ആവർത്തിച്ചതെന്നും വിശദമാക്കി.
തന്റെ ക്യാച്ച് കൈവിട്ട കിവീസ് പേസർ ട്രെന്റ് ബോൾട്ടിനും നന്ദി പറയാൻ സൂര്യകുമാർ യാദവ് തയ്യാറായി.”ടി :20 ലോകകപ്പിലെ അവസാന മത്സരത്തിൽ വിരാട് കോഹ്ലി എന്നെ മൂന്നാമത്തെ നമ്പറിലേക്ക് അയച്ചത് വളരെ ഏറെ സന്തോഷകരമായ കാര്യമാണ്. നേരത്തെ എന്റെ അരങ്ങേറ്റ മത്സരത്തിലും എനിക്ക് ഓർമയുണ്ട് അദ്ദേഹം തന്റെ സ്ഥാനം ത്യജിച്ച് എന്നെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ അനുവദിച്ചു അദ്ദേഹം എന്നോട് ചോദിചു അടുത്തതായ് നീ ബാറ്റ് ചെയ്യാൻ ഇറങ്ങുന്നോ ഞാൻ ‘അതെ’ എന്ന് കൂടി പറഞ്ഞു. അതാണ് ലോകകപ്പിലെ അവസാന മത്സരത്തിൽ സംഭവിച്ചത് ” സൂര്യകുമാർ യാദവ് വാചാലനായി