എനിക്ക് അവനെയും അവന് എന്നെയും നന്നായി അറിയാം. രോഹിത് ശര്‍മ്മയുടെ വാക്കുകള്‍

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ആകാംക്ഷയോടെ കാത്തിരുന്ന ന്യൂസിലാൻഡ് :ഇന്ത്യ ടി :20 പരമ്പരയിൽ 5 വിക്കറ്റ് ജയവുമായി രോഹിത് ശർമ്മയും ടീമിന്റെയും വക രാജകീയമായ തിരിച്ചു വരവ്. അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ബാറ്റിംഗ് നിര നിരക്ക് ഒപ്പം ബൗളർമാരും ഒരുപോലെ തിളങ്ങിയതാണ് നിർണായക ജയം സമ്മാനിക്കാനുള്ള കാരണം. കിവീസ് ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം ഇരുപതതാം ഓവറിൽ മറികടന്നു എങ്കിലും ഇന്ത്യൻ ബാറ്റ്‌സ്മന്മാർ എല്ലാം അവസാന ഓവറുകളിൽ ബുദ്ധിമുട്ടിയത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടർത്തി. എന്നാൽ അവസാന ഓവറിലെ നാലാം ബോളിൽ ഫോർ അടിച്ച്, വിക്കറ്റ് കീപ്പർ റിഷാബ് പന്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീമിനായി നായകൻ രോഹിത് ശർമ്മ നൽകിയത് വളരെ മികച്ച തുടക്കമാണ്. വമ്പൻ ഷോട്ടുകൾ കളിച്ചു അതിവേഗം മുന്നേറിയ രോഹിത് ശർമ്മക്ക്‌ തന്റെ അർദ്ധ സെഞ്ച്വറി രണ്ട് റൺസ് അകലെ നഷ്ടമായി. പേസർ ട്രെന്റ് ബോൾട്ട് എറിഞ്ഞ ഒരു സ്ലോ ബൗൺസറിൽ പുൾ ഷോട്ടിന് ശ്രമിച്ച രോഹിത് ഫീൽഡർക്ക് ക്യാച്ച് നൽകി മടങ്ങി.36 പന്തുകളിൽ 5 ഫോറും 2 സിക്സ് അടക്കം 48 റൺസ് അടിച്ചാണ് രോഹിത് പുറത്തായത്. താരം തന്റെ വിക്കറ്റിനെ കുറിച്ച് മത്സരത്തിന് ശേഷം പറയുകയുണ്ടായി

“ബോൾട്ടും ഞാനും ഐപിഎല്ലിൽ ഏറെ കാലമായി ഒരുമിച്ചാണ് കളിക്കുന്നത്. അതിനാൽ തന്നെ എന്റെ വീക്ക്‌നെസ്സ് അവന് അറിയാം. കൂടാതെ എനിക്ക് അവന്റെ ശക്തിയും അറിയാം. ഞാൻ ഒരു ക്യാപ്റ്റനെന്ന നിലയിൽ ബോൾട്ടിന്‍റെ അരികിൽ എത്തി ബാറ്റ്‌സ്മാനെ പുറത്താക്കാനുള്ള കാര്യങ്ങള്‍ പറയാറുണ്ട്. അതേ കാര്യമാണ് അവൻ ഇന്നത്തെ കളിയിൽ എന്നോട് ചെയ്തത് . ആ ഒരു ബോളിൽ ഞാൻ പ്രതീക്ഷിച്ച ഷോട്ട് എനിക്ക് കളിക്കാൻ കഴിഞ്ഞില്ല. അത്ര സ്പീഡ് ആ ബോളിന് ഇല്ലായിരുന്നു “രോഹിത് പറഞ്ഞു.

മത്സരത്തിന്‍റെ അഞ്ചാം ഓവറില്‍ ബോള്‍ട്ടിനെതിരെ തുടര്‍ച്ചയായ മൂന്നു പന്തുകളില്‍ 4,4,6 എന്നിങ്ങനെ രോഹിത് ശര്‍മ്മ നേടിയിരുന്നു.