ക്വാർട്ടറിൽ തോറ്റ് കേരളം പുറത്ത് :വിഷ്ണു വിനോദിന്‍റെ പോരാട്ടം വിഫലം

മലയാളി ക്രിക്കറ്റ്‌ ആരാധകർ എല്ലാം ആകാംക്ഷപൂർവ്വം കാത്തിരുന്ന കേരള ടീമിന്റെ സയ്യദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒടുവിൽ തോൽവി. വളരെ മികച്ച പ്രകടനത്താൽ ഇത്തവണ കിരീടം വരെ നേടുമെന്ന് എല്ലാവരും വിശ്വസിച്ച സഞ്ജു സാംസണും ടീമും ക്വാർട്ടർ ഫൈനലിൽ ഏറെ കരുത്തരായ തമിഴ്നാട് ടീമിന് മുൻപിലാണ്‌ തോൽവി വഴങ്ങിയത്. മോശം ഫീൽഡിങ് പ്രകടനവും ഒപ്പം ബൗളർമാരുടെ കൃത്യതയില്ലാത്ത ബൗളിംഗ് പ്രകടനവും കേരളത്തിന്റെ എല്ലാ പ്രതീക്ഷകൾക്കും തിരിച്ചടികൾ നൽകി. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച കേരള ടീം നാല് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ 181 റൺസെന്ന വൻ സ്കോറിലേക്ക് എത്തിയെങ്കിലും മറുപടി ബാറ്റിങ്ങിൽ തമിഴ്നാട് അതിവേഗം തന്നെ വിജയലക്ഷ്യം മറികടന്നു.അവസാനത്തെ ഓവറിൽ 5 വിക്കറ്റ് ജയം കരസ്ഥമാക്കിയ തമിഴ്നാട് ടീം വീണ്ടും ഒരിക്കൽ കൂടി ടൂർണമെന്റിലെ സെമിയിലേക്ക് ഇടം നേടി

കേരളത്തിന്റെ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തമിഴ്നാട് ടീമിനായി ഓപ്പണർ ഹരി നിഷാന്ത്‌ മികച്ച തുടക്കമാണ്‌ വീണ്ടും നൽകിയത്. ഈ സീസണിൽ മികച്ച ഫോം തുടരുന്ന താരം 22 ബോളിൽ 32 റൺസ് നേടിയപ്പോൾ ശേഷം വന്ന സായി 33 റൺസ് നേടി. പിന്നീട് തുടരെ വിക്കറ്റുകൾ വീഴ്ത്തിയ കേരള ടീം അപ്രതീക്ഷിതമായി ജയം പിടിച്ചെടുക്കുമെന്ന് തോന്നിച്ചെങ്കിൽ പോലും അവസാന ഓവറുകളിൽ പക്ഷേ സഞ്ജയ്‌ യാദവ്, ഷാരൂഖ് ഖാൻ സഖ്യം കേരളത്തിന്റെ പ്രതീക്ഷകൾ എല്ലാം തന്നെ നശിപ്പിച്ചു. സഞ്ജയ്‌ യാദവ് വെറും 22 ബോളിൽ ഒരു ഫോറും 2 സിക്സ് അടക്കം 32 റൺസ് നേടി. ഷാരൂഖ് ഖാൻ 9 ബോളിൽ 19 റൺസ് അടിച്ചാണ്‌ ടീമിനെ ജയത്തിലേക്ക് എത്തിച്ചത്. തമിഴ്നാട് നായകൻ വിജയ് ശങ്കർ 33 റൺസ് നേടി.

നേരത്തെ കേരളത്തിനായി വളരെ മികച്ച ഫോമിൽ തുടരുന്ന രോഹൻ കുന്നുമ്മൽ 51 റൺസ് നേടിയപ്പോൾ പിന്നീട് വൈസ് ക്യാപ്റ്റൻ സച്ചിൻ ബേബി 33 റൺസ് നേടി അതേസമയം നായകൻ സഞ്ജു നേരിട്ട രണ്ടാം ബോളിൽ റൺസ് നേടാനായി കഴിയാതെ പുറത്തായത് കേരള ടീമിനെ ഞെട്ടിച്ചുവെങ്കിലും പിന്നീട് അവസാന ഓവറുകളിൽ വെടികെട്ട് ബാറ്റിങ് മികവ് പുറത്തെടുത്ത വിഷ്ണു വിനോദ് വെറും 26 പന്തുകളിൽ 2 ഫോറും 6 സിക്സ് അടക്കം 65 റൺസ് അടിച്ചെടുത്താണ് കേരള ടോട്ടൽ 180 കടത്തിയത്.