ന്യൂസിലാൻഡിനെതിരെ നടന്ന ഇന്നത്തെ രണ്ടാം ട്വന്റി-20 മത്സരത്തിൽ തൻ്റെ കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് സൂര്യകുമാർ യാദവ് നേടിയത്. 51 പന്തുകളിൽ നിന്ന് 7 സിക്സറും, 11 ഫോറുകളും അടക്കം 111 റൺസ് ആണ് താരം നേടിയത്. ഈ വർഷം തന്നെ ഇംഗ്ലണ്ടിനെതിരെയായിരുന്നു സൂര്യ കുമാർ യാദവിൻ്റെ ആദ്യ സെഞ്ച്വറി.
20-20 യിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ വിരാട് കോഹ്ലിയുടെ 122 റൺസ് ആണ്.രണ്ടാം സ്ഥാനത്ത് 117 റൺസുമായി നായകൻ രോഹിത് ശർമയാണ്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ നേടിയ 191 റൺസിൽ 111 റൺസും സൂര്യയുടെ സംഭാവനയായിരുന്നു. മറ്റ് എല്ലാവരും കൂടെ ചേർന്ന് നേടിയത് വെറും 69 റൺസ് മാത്രമാണ്.
ഇന്നത്തെ സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യക്കുവേണ്ടി ട്വന്റി-20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ രണ്ടാമത്തെ താരം എന്ന രാഹുലിന്റെ റെക്കോർഡിനൊപ്പം എത്താൻ സൂര്യ കുമാർ യാദവിനായി. രണ്ട് സെഞ്ചുറിയാണ് രാഹുൽ നേടിയിട്ടുള്ളത്. നാല് സെഞ്ചുറികളുമായി രോഹിത് ശർമയാണ് പട്ടികയിൽ മുന്നിൽ. ദീപക് ഹൂഡ,സുരേഷ് റെയ്ന,വിരാട് കോഹ്ലി എന്നിവർ ഓരോ സെഞ്ചുറി വീതം നേടി പട്ടികയിലുണ്ട്. ഈ വർഷം കളിച്ച 30 20-20 ഇന്നിങ്സുകളിൽ നിന്ന് 1151 റൺസ് ആണ് താരം നേടിയിട്ടുള്ളത്.
47.95 ശരാശരിയിൽ 188.37 സ്ട്രൈക്ക് റേറ്റിലാണ് ഈ നേട്ടം. ആദ്യമായി ഒരു മത്സരത്തിൽ ബൗളർ ഹാട്രിക് നേടുകയും സെഞ്ചുറി നേടുകയും ചെയ്തു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ന്യൂസിലാൻഡിനായി അവസാന ഓവറിൽ ടിം സൗത്തിയാണ് ഹാട്രിക് നേടിയത്. ഇതോടെ ലസിത് മലിംഗക്ക് ശേഷം രണ്ടു തവണ 20-20 യിൽ ഹാട്രിക്ക് നേടുന്ന താരമെന്ന റെക്കോർഡിനൊപ്പം എത്താനും സൗത്തിക്ക് സാധിച്ചു.