റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത് സൂര്യകുമാര്‍ യാദവാണ്. 79 ന് 6 എന്ന നിലയില്‍ നിന്നുമാണ് ഇന്ത്യന്‍ മധ്യനിര താരം മുംബൈ ഇന്ത്യന്‍സിനെ 150 കടത്തിയത്. സീസണിനു മുന്‍പായി നടന്ന മെഗാ ലേലത്തിനു മുന്‍പ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളായിരുന്നു സൂര്യകുമാര്‍ യാദവ്.
പരിക്ക് കാരണം കൊല്‍ക്കത്തകെതിരെയുള്ള മത്സരത്തിലൂടെയാണ് സൂര്യകുമാര്‍ യാദവ് ടൂര്‍ണമെന്‍റില്‍ എത്തിയത്. ആ മത്സരത്തില്‍ 36 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്. ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ മധ്യനിര തകര്‍ന്നപ്പോള്‍ വാലറ്റത്തെ കൂട്ടു പിടിച്ചാണ് സൂര്യകുമാര്‍ യാദവിന്‍റെ രക്ഷപ്പെടുത്തല്‍.
37 പന്തില്‍ 5 ഫോറും 6 സിക്സും സഹിതം 68 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ഒന്‍പതാം ഓവറില്‍ ക്രീസില്‍ എത്തി അവസാന പന്തില്‍ സിക്സ് നേടിയാണ് സൂര്യകുമാര്‍ യാദവ് ക്രീസ് വിട്ടത്.
മുംബൈ ഇന്ത്യന്‍സ് തകരുമ്പോഴും ഒട്ടും വേഗത കുറക്കാതെയായിരുന്നു സൂര്യകുമാര്‍ യാദവിന്‍റെ പോരാട്ടം. ഇന്ത്യന്‍ താരത്തിന്‍റെ മനോഹരമായ ഷോട്ടുകളും ഇന്ന് കാണാന്‍ സാധിച്ചു. ഹസരങ്കക്കെതിരെ 101 മീറ്റര്‍ സിക്സ്, സിറാജിനെതിരെയുള്ള 98 മീറ്റര്‍ സിക്സ് എന്നിവ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റില്‍ നിന്നും പിറന്നിരുന്നു.