ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരങ്ങളിലും ഉഗ്രൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ 43 റൺസിനായിരുന്നു ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തിൽ 7 വിക്കറ്റുകളുടെ ആധികാരിക വിജയം സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായി ആധിപത്യം സ്ഥാപിച്ചാണ് സൂര്യകുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയത്. രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യയുടെ ട്വന്റി20 നായകനായി സ്ഥാനമേറ്റ സൂര്യകുമാർ യാദവിന് ഉഗ്രൻ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിലെ പ്രത്യേകതകൾ എടുത്തുകാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഓൾറൗണ്ടർ അക്ഷർ പട്ടേൽ.
സൂര്യകുമാർ യാദവ് എല്ലായിപ്പോഴും ബോളർമാരുടെ നായകനാണ് എന്നാണ് അക്ഷർ പറഞ്ഞിരിക്കുന്നത്. മറ്റൊരു നായകനും അവകാശപ്പെടാനില്ലാത്ത ചില സവിശേഷതകൾ സൂര്യകുമാറിനുണ്ട് എന്ന് അക്ഷർ ചൂണ്ടിക്കാട്ടുകയുണ്ടായി. താൻ മുൻപും സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ കളിച്ചിട്ടുണ്ട് എന്ന് അക്ഷർ പറയുന്നു. ബോളർമാർക്കൊക്കെയും സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സൂര്യകുമാർ യാദവ് എല്ലായിപ്പോഴും നൽകാറുണ്ട് എന്ന് അക്ഷർ കൂട്ടിച്ചേർക്കുന്നു. ബാറ്റർമാർ ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിട്ടാലും, ബോളർമാരെ എപ്പോഴും പിന്തുണച്ചുകൊണ്ടാണ് സൂര്യ സംസാരിക്കുന്നത് എന്ന് അക്ഷർ പറയുന്നു.
“സൂര്യയുടെ ക്യാപ്റ്റൻസിയിൽ ഓസ്ട്രേലിയൻ പരമ്പര കളിക്കാൻ എനിക്ക് സാധിച്ചിരുന്നു. എപ്പോഴും ബോളർമാരുടെ നായകനായാണ് സൂര്യയെ മൈതാനത്ത് കാണാറുള്ളത്. ബോളർമാർക്ക് സ്വന്തമായി തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യം സൂര്യ നൽകും. ബോളർമാർക്ക് അടി കിട്ടിയാലും ഓടിയടുത്ത് വന്ന് അതൊരു നല്ല പന്തായിരുന്നു എന്ന് സൂര്യ പറയാറുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലായിപ്പോഴും ബോളർമാർക്ക് ആത്മവിശ്വാസം നൽകും. ഒരു താരമെന്ന നിലയിൽ സൂര്യകുമാറുമായി അടുത്ത ബന്ധമാണ് എനിക്കുള്ളത്.”- അക്ഷർ പട്ടേൽ പറയുന്നു.
“മത്സരത്തിന്റെ ആദ്യ ഓവറുകളിൽ റൺസ് വഴങ്ങിയപ്പോൾ എനിക്ക് സൂര്യകുമാർ തന്ത്രങ്ങൾ പറഞ്ഞു തന്നിരുന്നു. ബാറ്റർമാർ സിക്സോ ബൗണ്ടറിയോ അടിച്ചാലും അത് പ്രശ്നമില്ല എന്നാണ് സൂര്യ പറഞ്ഞത്. ഇക്കാര്യങ്ങൾ എനിക്ക് വലിയ ആത്മവിശ്വാസം നൽകുകയുണ്ടായി. നിനക്കതിന് സാധിക്കുമെന്ന് പറഞ്ഞ് ഒരു ക്യാപ്റ്റൻ നമുക്ക് പിന്തുണ നൽകുമ്പോൾ അത് ബോളർക്കും വലിയ ശക്തിയാണ്.”- അക്ഷർ പട്ടേൽ കൂട്ടിച്ചേർക്കുന്നു. ശ്രീലങ്കയ്ക്കെതീരായ പരമ്പരയിലെ അവസാന മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് സൂര്യയുടെ നേതൃത്വത്തിൽ ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത്