“ഇതിനെയാണ് വിക്കറ്റ് വലിച്ചെറിയൽ എന്ന് പറയുന്നത്”- ഇന്ത്യയുടെ യുവ ഓപ്പണർക്കെതിരെ സുനിൽ ഗവാസ്കർ.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഭേദപ്പെട്ട കൂട്ടുകെട്ട് സൃഷ്ടിച്ചെങ്കിലും പിന്നീട് ഇന്ത്യൻ ഓപ്പണർമാരായ സഞ്ജുവിനും അഭിഷേക് ശർമയ്ക്കും മികവ് പുലർത്താൻ സാധിച്ചില്ല. രാജ്കോട്ടിൽ നടന്ന മൂന്നാം ട്വന്റി20 മത്സരത്തിൽ മികച്ച തുടക്കമായിരുന്നു അഭിഷേക് ശർമയ്ക്ക് ലഭിച്ചത്. കൃത്യമായ സമയങ്ങളിൽ ബൗണ്ടറികൾ സ്വന്തമാക്കാൻ അഭിഷേകിന് സാധിച്ചിരുന്നു.

14 പന്തുകളിൽ 5 ബൗണ്ടറികളടക്കം 24 റൺസാണ് അഭിഷേക് നേടിയത്. എന്നാൽ വളരെ മോശമായ രീതിയിൽ അഭിഷേക് പുറത്തായി. ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ ഇതിഹാസ താരമായ സുനിൽ ഗവാസ്കർ.

മത്സരത്തിൽ അനാവശ്യ ഷോട്ട് കളിച്ചാണ് അഭിഷേക് ശർമ പുറത്തായത് എന്ന് ഗവാസ്കർ പറയുന്നു. ഇത് തന്നെ നിരാശപ്പെടുത്തി എന്നാണ് താരം കൂട്ടിച്ചേർത്തത്. കാഴ്സ് എറിഞ്ഞ ആദ്യ ഓവറിൽ 2 ബൗണ്ടറികൾ സ്വന്തമാക്കാൻ അഭിഷേക് ശർമയ്ക്ക് സാധിച്ചിരുന്നു. എന്നിട്ടും എന്തിനാണ് വീണ്ടും ആ ഓവറിൽ ബൗണ്ടറി സ്വന്തമാക്കാൻ അഭിഷേക് ശ്രമിച്ചത് എന്നാണ് സുനിൽ ഗവാസ്കർ ചോദിക്കുന്നത്. കാഴ്സിനെതിരെ വീണ്ടും ആക്രമണം അഴിച്ചുവിടാൻ ശ്രമിച്ച അഭിഷേക് ജോഫ്ര ആർച്ചർക്ക് ക്യാച്ച് നൽകിയാണ് മത്സരത്തിൽ പുറത്തായത്.

“ഇതിനെയാണ് നമ്മൾ വിക്കറ്റ് വലിച്ചെറിയുക എന്ന് പറയേണ്ടത്. അവന് ഈ പുറത്താകൽ വലിയ നിരാശ ഉണ്ടാക്കിയിരിക്കും. കാരണം ഇതൊരു അനാവശ്യ കാര്യമായിരുന്നു. അഭിഷേക് മത്സരത്തിലൂടനീളം വളരെ നന്നായി തന്നെ ബാറ്റ് ചെയ്തു. കാഴ്സ് എറിഞ്ഞ ഓവറിൽ 2 ബൗണ്ടറികൾ സ്വന്തമാക്കാനും അവന് സാധിച്ചു. അതുകൊണ്ടു തന്നെ വീണ്ടും ഇത്തരത്തിൽ ഒരു വലിയ ഷോട്ട് കളിക്കേണ്ട ആവശ്യം അവന് ഉണ്ടായിരുന്നില്ല.”- സുനിൽ ഗവാസ്കർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

എന്നിരുന്നാലും ഈഡൻ ഗാർഡൻസിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം അഭിഷേക് ശർമ കാഴ്ചവച്ചിരുന്നു. മത്സരത്തിൽ 34 പന്തുകൾ നേരിട്ട അഭിഷേക് 79 റൺസാണ് നേടിയത്. 8 സിക്സറുകളും 5 ബൗണ്ടറികളുമാണ് അഭിഷേകിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റുകൾക്ക് വിജയവും നേടിയിരുന്നു. ശേഷം ചെന്നൈയിൽ നടന്ന മത്സരത്തിൽ കേവലം 12 റൺസ് മാത്രമായിരുന്നു അഭിഷേക് ശർമയ്ക്ക് നേടാൻ സാധിച്ചത്.