നിലവിൽ ഇന്ത്യൻ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്ത്യൻ ടീമിലെ ബാറ്റിംഗ് സംബന്ധിച്ച് ആശങ്കകൾ ഉയരുകയാണ്. ഇംഗ്ലണ്ടിനെതിരായ 3 ട്വന്റി20 മത്സരങ്ങളിലും വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. 3 തവണയും ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറിനെതിരെയാണ് സഞ്ജു ഔട്ട് ആയത്. മാത്രമല്ല ഒരേ പോലെയുള്ള പന്തുകളിലാണ് സഞ്ജു കൂടാരം കയറിയത് എന്നതും ശ്രദ്ധേയമാണ്. എല്ലാ മത്സരങ്ങളിലും തനിക്കായി റൂം സൃഷ്ടിക്കാൻ സഞ്ജു ശ്രമിക്കുകയും ആർച്ചർ സഞ്ജുവിനെ പിന്തുടരുകയുമാണ് ചെയ്യുന്നത്. ഇത് സഞ്ജുവിനെ ബാധിക്കുന്നുണ്ട്. എന്നിരുന്നാലും ഈ സമയത്ത് സഞ്ജുവിനെ വിമർശിക്കാൻ താൻ തയ്യാറല്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ.
മുൻ ഇന്ത്യൻ താരങ്ങളായ അമ്പട്ടി റായുഡുവും സുനിൽ ഗവാസ്കറും സഞ്ജു സാംസണിന്റെ ഈ മോശം പ്രകടനങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ കേവലം 3 മത്സരങ്ങളിലെ മോശം പ്രകടനം മാത്രം കണക്കിലെടുത്ത് സഞ്ജുവിനെ വിമർശിക്കാൻ താൻ മുൻപിലേക്ക് വരുന്നില്ല എന്ന് പീറ്റേഴ്സൺ തുറന്നു പറഞ്ഞു. “അവന് ഷോട്ട് ബോളുകൾക്കെതിരെ വളരെ മികച്ച രീതിയിൽ കളിക്കാൻ സാധിക്കും. ഒരു ബാറ്റർ എന്ന നിലയിൽ അവനെ എനിക്ക് വളരെ ഇഷ്ടമാണ്. കേവലം 3 പരാജയങ്ങൾക്ക് ശേഷം സഞ്ജുവിന്റെ സാങ്കേതികതയെ ഞാൻ ചോദ്യം ചെയ്യില്ല. ദക്ഷിണാഫ്രിക്കയിൽ മുൻപ് നടന്ന പരമ്പരയിൽ അവൻ എത്ര മികച്ച പ്രകടനമാണ് കാഴ്ചവച്ചത് എന്ന് നമുക്കറിയാം. അവനൊരു ഫ്രീ ഫ്ലോ ഉള്ള ബാറ്ററാണ്. എല്ലായിപ്പോഴും ഷോട്ടുകൾ നേടാനാണ് സഞ്ജു ശ്രമിക്കാറുള്ളത്. നമ്മുടെ കരിയറിൽ ചില മത്സരങ്ങളിൽ നമുക്ക് വിജയം സ്വന്തമാക്കാൻ സാധിക്കും. ചില മത്സരങ്ങളിൽ പരാജയം നേരിടും.”- പീറ്റേഴ്സൺ പറഞ്ഞു.
“സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനങ്ങൾ സഞ്ജു സാംസൺ കാഴ്ച വച്ചിരുന്നു. കഴിഞ്ഞ 6 മാസങ്ങളിലും സഞ്ജു ഇത്തരത്തിൽ പരാജയം നേരിട്ടിരുന്നുവെങ്കിൽ സഞ്ജുവിന്റെ ബാറ്റിംഗ് സാങ്കേതികതയെ ഞാൻ ചോദ്യം ചെയ്തേനെ. പക്ഷേ സഞ്ജു സാംസൺ മികച്ച ബാറ്ററാണ് എന്ന കാര്യത്തിൽ സംശയമില്ല. വരും മത്സരങ്ങളിൽ അവൻ റൺസ് കണ്ടെത്തും എന്ന കാര്യവും എനിക്ക് ഉറപ്പാണ്.”- പീറ്റേഴ്സൺ കൂട്ടിച്ചേർത്തു.
എന്നിരുന്നാലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സഞ്ജു സാംസണിന്റെ മോശം ഫോം ഇന്ത്യൻ ടീമിനെ ബാധിച്ചിട്ടുണ്ട്. 3 മത്സരങ്ങളിലും ഇന്ത്യൻ ടീമിന് മികച്ച തുടക്കം നൽകുന്നതിൽ സഞ്ജു പരാജയപ്പെട്ടിരുന്നു. മാത്രമല്ല ഇംഗ്ലണ്ടിന്റെ പേസർമാർക്കെതിരെ സഞ്ജു നിരന്തരം പരാജയപ്പെടുന്നത് 3 മത്സരങ്ങളിലും കണ്ടു. ഇതിനെതിരെ ശക്തമായ പ്രകടനം കാഴ്ചവച്ചാൽ മാത്രമേ സഞ്ജുവിന് ട്വന്റി20 ടീമിലെ തന്റെ സ്ഥാനം ഇനിയും ഉറപ്പിക്കാൻ സാധിക്കൂ.



