ഇന്ത്യയുടെ ന്യൂസിലാൻഡിനനെതിരായ ഏകദിന ലോകകപ്പ് സെമിഫൈനൽ ഇന്ന് വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരമാണ് നടക്കാൻ പോകുന്നത്. 2019ലെ ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനോട് ആയിരുന്നു ഇന്ത്യ പരാജയമറിഞ്ഞത്. അതിനാൽ തന്നെ ഇത്തവണ അത്തരം പിഴവുകൾ ഉണ്ടാവാതെ മത്സരത്തിൽ വലിയൊരു വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ഇതുവരെ ലോകകപ്പിൽ നോകൗട്ട് മത്സരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. അതിനാൽ തന്നെ അത്ര അനായാസകരമായ മത്സരമായി ഇന്ത്യ ഈ സെമിഫൈനലിനെ നോക്കിക്കാണില്ല എന്നത് ഉറപ്പാണ്. ഈ സാഹചര്യത്തിൽ മത്സരത്തിൽ ടോസ് ലഭിക്കുകയാണെങ്കിൽ ഇന്ത്യ എന്തു തീരുമാനം കൈക്കൊള്ളണം എന്ന് നിർദ്ദേശിക്കുകയാണ് മുൻ താരം സുനിൽ ഗവാസ്കർ.
ടോസ് നേടിയാൽ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുന്നതാണ് അത്യുത്തമം എന്ന് സുനിൽ ഗവാസ്കർ പറയുന്നു. ടോസിൽ വലിയ കാര്യമില്ലെങ്കിൽ തന്നെ ന്യൂസിലാൻഡ് ബാറ്റിംഗിനെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് തുടക്കത്തിൽ സാധിക്കും എന്നാണ് ഗവാസ്കർ കരുതുന്നത്.
“ഈ ലോകകപ്പിൽ ഇന്ത്യയ്ക്ക് ബോളിങ്ങിലും മികച്ച കരുത്തുണ്ട്. അതുകൊണ്ടു തന്നെ ടോസ് നേടിയാൽ ബാറ്റിംഗ് തിരഞ്ഞെടുക്കണോ ബോളിങ് തെരഞ്ഞെടുക്കണോ എന്നതിൽ വലിയ കാര്യമില്ല. എന്നിരുന്നാലും ന്യൂസിലാൻഡ് രണ്ടാമത് ബോൾ ചെയ്യുന്നതാണ് ഇന്ത്യയെ സംബന്ധിച്ച് കൂടുതൽ ഉത്തമം. കാരണം വൈകുന്നേരങ്ങളിൽ മുംബൈയിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യമുണ്ടാവും. അത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെ കൂടുതൽ സഹായിച്ചേക്കാം. നിലവിൽ ഇന്ത്യയ്ക്ക് മൂന്ന് ന്യൂ ബോൾ ബോളർമാരാണ് ഉള്ളത്. ശേഷം കുൽദീപ് യാദവും ജഡേജയുമുണ്ട്.”- ഗവാസ്കർ പറയുന്നു.
“ഇക്കാരണങ്ങൾ കൊണ്ട് തന്നെ രണ്ടാമത് പന്തറിഞ്ഞാലും ഇന്ത്യയ്ക്ക് പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. ആദ്യം ബാറ്റ് ചെയ്ത് മികച്ച ഒരു ടോട്ടൽ കെട്ടിപ്പടുത്താൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അത് സമ്മർദ്ദമുണ്ടാക്കും.”- ഗാവാസ്കർ പറഞ്ഞു. 2019 ഏകദിന ലോകകപ്പിൽ ഇന്ത്യ രണ്ടാമതായിരുന്നു ബാറ്റ് ചെയ്തിരുന്നത്. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന് വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. എന്നാൽ മുംബൈയിൽ ആദ്യം ബാറ്റിംഗ് ലഭിക്കുകയാണെങ്കിൽ 300 നു മുകളിൽ ഒരു സ്കോർ കണ്ടെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. അങ്ങനെയെങ്കിൽ സെമിഫൈനൽ മത്സരത്തിന്റെ സമ്മർദ്ദത്തിൽ ന്യൂസിലാൻഡ് ബുദ്ധിമുട്ടും എന്ന കാര്യത്തിൽ സംശയമില്ല.
മത്സരത്തിൽ രോഹിത് ശർമയുടെ ബാറ്റിംഗ് വളരെ നിർണായകമാവും എന്നും ഗവാസ്കർ പറയുകയുണ്ടായി. “രോഹിത് ശർമ ഇതുവരെ കളിച്ച തന്റെ സ്വാഭാവിക ശൈലിയിൽ തന്നെ സെമിഫൈനലിലും കളിച്ചേക്കും. ഇതുവരെ ആക്രമണപരമായാണ് രോഹിത് ബാറ്റിംഗിനെ നോക്കി കണ്ടത്. ഇനിയും അത് ആവർത്തിക്കാനാണ് സാധ്യത.
ഒരു കാരണവശാലും രോഹിത് വ്യക്തിഗത നേട്ടങ്ങളോ നാഴികകല്ലുകളോ കണക്കാക്കില്ല. ടീമിന് ഒരു സൂപ്പർ തുടക്കം നൽകുക എന്നത് മാത്രമാണ് രോഹിത്തിന്റെ ശ്രദ്ധ. പവർപ്ലേ ഓവറുകളിൽ രോഹിത് നൽകുന്ന തുടക്കം പിന്നീടുള്ള 40 ഓവറുകളിൽ ഇന്ത്യ മുതലെടുക്കുന്നുണ്ട്. അതിനാൽ തന്നെ ഇന്ത്യയെ സംബന്ധിച്ച് ആദ്യ 10 ഓവറുകൾ വളരെ നിർണായകമായതാണ്.”- ഗവാസ്കർ പറഞ്ഞു വയ്ക്കുന്നു.