2022 ഏഷ്യാ കപ്പിലെ ആദ്യ പോരട്ടത്തില്‍ ശ്രീലങ്കകെതിരെ അഫ്ഗാനിസ്ഥാന് കൂറ്റന്‍ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം 10.1 ഓവറില്‍ അഫ്ഗാന്‍ മറികടന്നു. സ്കോര്‍ – ശ്രീലങ്ക – 105(19.4) അഫ്ഗാനിസ്ഥാന്‍ – 106/2 (10.1)
ശ്രീലങ്കയെ 105 റണ്‍സില്‍ എല്ലാവരെയും പുറത്താക്കി വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ഓപ്പണര്‍മാര്‍ ആക്രമണ ബാറ്റിംഗാണ് അഴിച്ചു വിട്ടത്. ഒരു ബോളര്‍മാരോടും ലവലേശം കരുണ കാണിക്കാതിരുന്ന ബാറ്റര്‍മാര്‍ 59 ബോളുകള്‍ ബാക്കി നില്‍ക്കേ വിജയം നേടികൊടുത്തു.
പവര്‍പ്ലേക്ക് ശേഷമുള്ള ആദ്യ ബോളിലാണ് അഫ്ഗാന്‍റെ ആദ്യ വിക്കറ്റ് നഷ്ടമായത്. റഹ്മനുള്ള ഗുര്‍ബാസിന്‍റെ ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 83 റണ്‍സുണ്ടായിരുന്നു. 18 പന്തില്‍ 3 ഫോറും 4 സിക്സുമായി 40 റണ്‍സാണ് താരം നേടിയത്. മറ്റൊരു ഓപ്പണറായ ഹസ്റത്തുള്ള (28 പന്തില്‍ 37) പുറത്താകതെ നിന്നു. ഇബ്രാഹിം സ്ദ്രാനാണ് (15) പുറത്തായ മറ്റൊരു താരം. നജിബുള്ള സദ്രാന്‍ (2) പുറത്താകതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് ആദ്യ ഓവറില്‍ തന്നെ 2 വിക്കറ്റുകള്‍ നഷ്ടമായി. കുശാല്‍ മെന്‍ഡിസ് (2) അസലങ്ക (0) എന്നിവരെ പുറത്താക്കി ഫാറൂഖി മികച്ച തുടക്കമാണ് നല്‍കിയത്. അടുത്ത ഓവറില്‍ നിസങ്ക, വിവാദ തീരുമാനത്തിലൂടെ പുറത്തായതോടെ ശ്രീലങ്ക 5 ന് 3 എന്ന നിലയിലായി.
പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഗുണതിലകയും (17) രാജപക്സെയും ബൗണ്ടറികള്‍ നേടിയതോടെ ലങ്കക് പ്രതീക്ഷയായി. ഗുണതിലക, ഹസരങ്ക (2) ഷനക (0) എന്നിവരും പുറത്തായതോടെ 64 ന് 6 എന്ന നിലയിലായി. ഇല്ലാത്ത റണ്ണിനോടി 29 പന്തില്‍ 38 റണ്‍ നേടിയ രജപക്സെ റണ്ണൗട്ടായി. അവസാന നിമിഷം ചമിക കരുണരത്നയുടെ പ്രകടനമാണ് ശ്രീലങ്കയെ 100 കടത്തിയത്.
38 പന്തില്‍ 3 ഫോറും 1 സിക്സുമായി 31 റണ്‍സാണ് താരം നേടിയത്. അഫ്ഗാനുവേണ്ടി ഫസലുളള ഫാറൂഖി 3.4 ഓവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി നാലോവറില്‍ 14 റണ്‍സിനും മുജീബ് ഉര്‍ റഹ്മാന്‍ നാലോവറില്‍ 24 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.