“KCA എന്ത് നടപടി എടുത്താലും ഞാൻ എന്റെ സഹതാരങ്ങൾക്കൊപ്പം നിൽക്കും”, കാരണം കാണിക്കൽ നോട്ടീസിന് പിന്നാലെ ശ്രീശാന്ത്.

സമീപകാലത്ത് വലിയ വിവാദമായി ഒന്നാണ് മലയാളി താരം സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള പ്രശ്നങ്ങൾ. സഞ്ജു സാംസൺ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിന് മുൻപുള്ള കേരള ടീമിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുത്തില്ല എന്ന പേരിൽ സ്ക്വാഡിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. ഇതുമൂലമാണ് സഞ്ജുവിന്റെ ചാമ്പ്യൻസ് ട്രോഫി പ്രതീക്ഷകൾ അവസാനിച്ചത് എന്ന നിലയിൽ പലതാരങ്ങളും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി.

കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്നത്തിൽ സഞ്ജു സാംസനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ ഒരു താരം മലയാളി ക്രിക്കറ്ററായിരുന്ന ശ്രീശാന്താണ്. എന്നാൽ ഇതിന് ശേഷം ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി കെസിഎ രംഗത്ത് വരികയും ഉണ്ടായി. എന്നാൽ എന്ത് തരം നടപടി തനിക്കെതിരെ എടുത്താലും, താൻ കേരളത്തിന്റെ താരങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രീശാന്ത് ഇപ്പോൾ.

“എന്താണ് ഇതേ സംബന്ധിച്ച് പറയേണ്ടത് എന്ന് പോലും എനിക്കറിയില്ല. കാരണം ഇതൊരു പ്രതികരണം അർഹിക്കുന്ന വിഷയമല്ല. കേരള ക്രിക്കറ്റ് അസോസിയേഷൻ അവരുടെ അധികാരം പ്രയോഗിക്കട്ടെ. ഞാൻ നിലവിൽ യാതൊരു തെറ്റും ചെയ്തിട്ടില്ല. എല്ലായിപ്പോഴും എന്റെ സഹതാരങ്ങൾക്കൊപ്പം നിൽക്കാനാണ് ഞാൻ ശ്രമിക്കുന്നത്. സഞ്ജു ആണെങ്കിലും സച്ചിൻ ആണെങ്കിലും നിതീഷ് ആണെങ്കിലും വേറെ ആരാണെങ്കിലും ഞാൻ അവർക്കൊപ്പം നിൽക്കും.”- ശ്രീശാന്ത് ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി.

“സഞ്ജു സാംസണിന് ശേഷം മറ്റൊരു രാജ്യന്തര താരത്തെ സൃഷ്ടിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷന് സാധിച്ചിട്ടില്ല. നിലവിൽ കേരളത്തിൽ ഒരുപിടി മികച്ച താരങ്ങൾ നമുക്കുണ്ട്. വിഷ്ണു വിനോദു സച്ചിൻ ബേബിയും നിതീഷുമൊക്കെ വളരെ മികച്ച താരങ്ങൾ തന്നെയാണ്. പക്ഷേ ഇവർക്ക് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ എന്താണ് ചെയ്തിട്ടുള്ളത്? നമ്മുടെ മികച്ച താരങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോലും കെസിഎ തയ്യാറല്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.”- ശ്രീശാന്ത് കൂട്ടിച്ചേർത്തു.

“കഴിഞ്ഞ ആഭ്യന്തര സീസണിലെ രണ്ടാമത്തെ റൺവേട്ടക്കാരനായിരുന്നു സച്ചിൻ ബേബി. പക്ഷേ എന്നിട്ടും സച്ചിന് ദുലീപ് ട്രോഫിയിൽ ഇടംകിട്ടിയില്ല. ഈ സമയത്തൊക്കെ കെസിഎ എവിടെയായിരുന്നു? ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളെ കൊണ്ടുവന്ന് കേരള ടീമിൽ കളിപ്പിക്കുകയാണ്? എന്തിനാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്? ദേശീയ ടീമിലെത്താൻ ആഗ്രഹിക്കുന്ന മലയാളി താരങ്ങളോടുള്ള ഏറ്റവും വലിയ അനാദരവല്ലേ ഈ നടപടി. ഇപ്പോൾ കെസിഎ പ്രവർത്തിക്കുന്നത് അവർക്കുവേണ്ടി മാത്രമാണ്. ഇക്കാര്യത്തിൽ സത്യം വിളിച്ചു പറയാൻ എനിക്ക് യാതൊരു മടിയുമില്ല. കാരണം എനിക്ക് സംസാരിക്കാനുള്ള അവകാശമുണ്ട്”- ശ്രീശാന്ത് തുറന്നുപറയുന്നു.