“ഗില്ലാ”ട്ടത്തിൽ ഇന്ത്യയ്ക്ക് വിജയം. അര്‍ധസെഞ്ചുറിയുമായി ശ്രേയസും അക്ഷറും

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 4 വിക്കറ്റ്കളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 11 ഓവറുകൾ ബാക്കി നിൽക്കവെയായിരുന്നു ഇന്ത്യയുടെ ഈ സൂപ്പർ വിജയം. മത്സരത്തിൽ ഇന്ത്യക്കായി ബോളിംഗിൽ തിളങ്ങിയത് രവീന്ദ്ര ജഡേജയും ഹർഷിത് റാണയുമാണ്. ഇരുവരും മത്സരത്തിൽ 2 വിക്കറ്റുകൾ വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗിൽ ശുഭ്മാൻ ഗില്ലിന്റെ വെടിക്കെട്ടിനൊപ്പം അർധ സെഞ്ച്വറികളുമായി ശ്രേയസ് അയ്യരും അക്ഷർ പട്ടേലും തിളങ്ങിയപ്പോൾ ഇന്ത്യ അനായാസം വിജയം നേടുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. മികച്ച തുടക്കം തന്നെയായിരുന്നു ഇംഗ്ലണ്ടിന് ഓപ്പണർമാർ നൽകിയത്. ആദ്യ ഓവറുകളിൽ ഇന്ത്യൻ ബോളർമാരെ പഞ്ഞിക്കിടാൻ ഇംഗ്ലണ്ടിന് സാധിച്ചു. എന്നാൽ 26 പന്തുകളിൽ 43 റൺസ് നേടിയ സോൾട്ട് പുറത്തായതോടെ കളി മാറുകയായിരുന്നു. പിന്നീട് ഇന്ത്യൻ ബോളർമാർ കൃത്യത പാലിക്കുകയും വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ മധ്യനിരയിൽ ജോസ് ബട്ലർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 52 റൺസ് മത്സരത്തിൽ നേടാൻ ബട്ലർക്ക് സാധിച്ചു. എന്നാൽ മറുവശത്ത് വിക്കറ്റുകൾ നഷ്ടമായത് താരത്തെയും ബാധിച്ചു.

ശേഷം അവസാന സമയങ്ങളിൽ ഇംഗ്ലണ്ടിനായി അല്പമെങ്കിലും പൊരുതിയത് ഓൾറൗണ്ടർ ജേക്കബ് ബതലാണ്. 51 റൺസായിരുന്നു ബതൽ നേടിയത്. എന്നിരുന്നാലും ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് കേവലം 248 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി മത്സരത്തിൽ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ചത് രവീന്ദ്ര ജഡേജയും റാണയുമാണ്. ജഡേജ 26 റൺസ് വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ റാണ 53 റൺസ് വിട്ടുനൽകി 3 വിക്കറ്റുകൾ നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സമീപകാലത്ത് പതറിയ രോഹിത് ശർമ വീണ്ടും ബാറ്റിംഗിൽ പരാജയപ്പെട്ടു.

എന്നാൽ മൂന്നാമനായി എത്തിയ ഗില്‍ മൈതാനത്ത് സമയം കണ്ടെത്തി. ഒപ്പം നാലാമനായെത്തിയ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് കൂടിയായതോടെ മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചുവന്നു. ആദ്യ ഓവറുകളിൽ തന്നെ ഇംഗ്ലണ്ടിന് മേൽ സമ്മർദ്ദം ചെലുത്താൻ അയ്യർക്ക് സാധിച്ചു. 30 പന്തുകളിലാണ് അയ്യർ മത്സരത്തിൽ അർത്ഥസെഞ്ച്വറി സ്വന്തമാക്കിയത്. മത്സരത്തിൽ 36 പന്തുകൾ നേരിട്ട അയ്യർ 8 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 59 റൺസായിരുന്നു നേടിയത്. അയ്യർക്ക് ശേഷം ക്രീസിലെത്തിയ അക്ഷർ പട്ടേലും വെടിക്കെട്ട് തീർത്തതോടെ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമായി മാറി. ഒരു വശത്ത് ഗിൽ കരുതലോടെ കളിച്ചപ്പോൾ മറുവശത്ത് അക്ഷർ പട്ടേൽ ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിച്ചു. മത്സരത്തിൽ 52 റൺസാണ് അക്ഷർ നേടിയത്. 87 റൺസായിരുന്നു മത്സരത്തിൽ നേടിയത്. അവസാന സമയങ്ങളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായെങ്കിലും വിജയം സ്വന്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞു.