2023ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മാർച്ച് 31ന് ആരംഭിക്കുന്ന ഐപിഎൽ മെയ് 28 വരെയാണ് നടക്കുന്നത്. സീസണിന് മുമ്പായി ഒരുപാട് പ്രവചനങ്ങളും മുൻതാരങ്ങളിൽ നിന്ന് വരികയുണ്ടായി. ഇപ്പോൾ 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ധോണി നായകനായുള്ള ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണത്തെ ഐപിഎൽ കിരീടം സ്വന്തമാക്കില്ല എന്ന അഭിപ്രായമാണ് എസ് ശ്രീശാന്തിനുള്ളത്. ഒപ്പം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇത്തവണ കിരീടം ചൂടാൻ ഒരുപാട് സാധ്യതകളുണ്ടെന്നും ശ്രീശാന്ത് പറയുന്നു.
“2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് വിജയികളാവും എന്ന് ഞാൻ കരുതുന്നില്ല. ഇത്തവണത്തെ ഐപിഎല്ലിൽ ഒരു മലയാളി ക്യാപ്റ്റൻ ആണുള്ളത്. സഞ്ജു സാംസൺ. അതിനാൽതന്നെ ഞാൻ രാജസ്ഥാൻ റോയൽസിനെ പിന്തുണയ്ക്കുന്നു. പക്ഷേ ഇത്തവണ ഒരു പുതിയ ടീം ഐപിഎൽ വിജയിക്കും എന്നാണ് ഞാൻ കരുതുന്നത്. ഐപിഎൽ 2023ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിജയിച്ചാൽ നന്നായിരിക്കും എന്നെനിക്ക് തോന്നുന്നു. ഇന്ത്യൻ ക്രിക്കറ്റിനായി ഒരുപാട് മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുള്ള ക്രിക്കറ്ററാണ് വിരാട് കോഹ്ലി. അതിനാൽ തന്നെ ബാംഗ്ലൂരിന് വിജയിക്കാനായാൽ അത് നല്ലൊരു കാര്യമായിരിക്കും.”- ശ്രീശാന്ത് പറയുന്നു.
നിലവിൽ ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ്. തുടർച്ചയായി 10 വർഷം ഐപിഎൽ പ്ലേയോഫിൽ കയറിയ ചരിത്രം ചെന്നൈ സൂപ്പർ കിംഗ്സിനുണ്ട്. 2020ലെ ഐപിഎല്ലിൽ മോശം പ്രകടനം ചെന്നൈ കാഴ്ചവച്ചിരുന്നു. എന്നാൽ 2021ൽ വമ്പൻ തിരിച്ചുവരവ് ചെന്നൈ നടത്തിയിരുന്നു. പക്ഷെ കഴിഞ്ഞ സീസണിലും ചെന്നൈ പരാജയപ്പെടുന്നതാണ് കാണാൻ സാധിച്ചത്. എന്നിരുന്നാലും 2023 ഐപിഎൽ സീസണിലേക്ക് വരുമ്പോഴും വലിയ പ്രതീക്ഷയിൽ തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ്.
2023ലെ മിനി ലേലത്തിൽ ഇംഗ്ലണ്ടിന്റെ സൂപ്പർ ഓൾറൗണ്ടറായ ബെൻ സ്റ്റോക്സിനെ ചെന്നൈ സ്വന്തമാക്കിയിരുന്നു. ധോണിയ്ക്ക് ശേഷം ആര് എന്നതിനുള്ള ഉത്തരം കൂടിയായിരുന്നു ബെൻ സ്റ്റോക്സിന്റെ ചെന്നൈ ടീമിലേക്കുള്ള കടന്നുവരവ്. മറുവശത്ത് ബാംഗ്ലൂരിനെ സംബന്ധിച്ച് വലിയ മാറ്റങ്ങളാണ് ടീമിൽ വരുത്തിയിരുന്നത്. സൂപ്പർസ്റ്റാർ ബാറ്റർ വിൽ ജാക്സിനെ ബാംഗ്ലൂർ ലേലത്തിൽ സ്വന്തമാക്കിയെങ്കിലും പരിക്ക് മൂലം ജാക്സ് ഇത്തവണ വിട്ടുനിൽക്കുകയാണ്.