2019 ലോകകപ്പിലെ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിക്കെതിരെ വിമർശനം ഉന്നയിച്ച ഗൗതം ഗംഭീറിനെ കടന്നാക്രമിച്ച് മലയാളി താരം ശ്രീശാന്ത്. എംഎസ്കെ പ്രസാദ് നേതൃത്വം നൽകിയ 2019 ലോകകപ്പിലെ ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം കണ്ടതിൽ വച്ച് ഏറ്റവും മോശപ്പെട്ടതായിരുന്നു എന്നാണ് ഗൗതം ഗംഭീർ മുൻപ് പറഞ്ഞത്. എന്നാൽ ഇത്തരം ആരോപണം യാതൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് ശ്രീശാന്ത് ഇപ്പോൾ പറയുന്നത്. ഒരു പക്ഷേ ആ ഇവന്റിൽ ഇന്ത്യ വിജയിച്ചിരുന്നുവെങ്കിൽ ഇത്തരം ഒരു പ്രസ്താവന ഉയരില്ലായിരുന്നു എന്നും ശ്രീശാന്ത് പറയുന്നു. അമ്പാട്ടി റായുഡു അടക്കമുള്ള താരങ്ങളെ 2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെ വിമർശിച്ചായിരുന്നു ഗൗതം ഗംഭീർ സംസാരിച്ചത്.
ഇതിനുള്ള മറുപടിയാണ് ഇപ്പോൾ ശ്രീശാന്ത് കൃത്യമായി നൽകിയിരിക്കുന്നത്. “എല്ലാവർക്കും വ്യത്യസ്തമായ ചിന്തകളാണുള്ളത്. എന്നെ സംബന്ധിച്ച് 2019ലെ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡ് വളരെ മികച്ചത് തന്നെയായിരുന്നു. പ്ലെയിങ് ഇലവനിൽ കളിച്ചവരൊക്കെയും ഏറ്റവും മികച്ച കളിക്കാർ തന്നെയാണ്. മാത്രമല്ല സ്ക്വാഡിൽ ഉണ്ടായിരുന്ന 15 പേരും മികച്ചവർ തന്നെയായിരുന്നു. ഇതിനെതിരെ വിമർശനങ്ങൾ വരുന്നത് ഞാൻ അംഗീകരിക്കുന്നു. എന്നിരുന്നാലും ഒരു കാര്യം ആലോചിക്കുക. ഒരുപക്ഷേ ലോകകപ്പിന്റെ സെമി ഫൈനലിൽ ധോണി റണ്ണൗട്ട് ആയില്ലായിരുന്നുവെങ്കിൽ, ഇന്ത്യ ലോകകപ്പ് ഉയർത്തിയിരുന്നെങ്കിൽ, ഇത്തരം വിമർശനങ്ങൾ വരുമായിരുന്നോ?”- ശ്രീശാന്ത് ചോദിക്കുന്നു.
“എന്നെ സംബന്ധിച്ച് 2019 ഏകദിന ലോകകപ്പിനുള്ള സ്ക്വാഡ് ആ സമയത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌ക്വാഡ് ആയിരുന്നു. ആ ടൂർണമെന്റിൽ കളിക്കാൻ തിരഞ്ഞെടുക്കപ്പെട്ട കളിക്കാരൊക്കെയും ടീമിൽ കളിക്കാൻ അർഹരുമായിരുന്നു. 2015 ഏകദിന ലോകകപ്പിലും നമ്മൾ മികച്ച ടീമിനെ തന്നെയാണ് അണിനിരത്തിയത്. 2011 മുതൽ 2015 വരെയുള്ള ടൂർണമെന്റുകളിൽ ഏറ്റവും നന്നായി കളിച്ച കളിക്കാരെ 2015 ഏകദിന ലോകകപ്പിനായി അണിനിരത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.”- ശ്രീശാന്ത് കൂട്ടിച്ചേർക്കുന്നു. ഒപ്പം ട്വന്റി ട്വന്റി ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഏകദിന ക്രിക്കറ്റിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കേണ്ടതില്ലയെന്നും ശ്രീശാന്ത് പറയുകയുണ്ടായി.
“2019 ഏകദിന ലോകകപ്പിൽ എനിക്ക് റായിഡുവിനെ ഒരുതരത്തിലും മിസ്സ് ചെയ്തിരുന്നില്ല. അദ്ദേഹം പുറത്തെടുത്ത പ്രകടനങ്ങൾക്കുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ട്വന്റി20 ക്രിക്കറ്റും 50 ഓവർ ക്രിക്കറ്റും വളരെ വ്യത്യസ്തമാണ്. ട്വന്റി20 ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ പേരിൽ ഒരു കളിക്കാരനെ പോലും 50 ഓവർ ക്രിക്കറ്റിൽ ഉൾപ്പെടുത്താൻ പറ്റില്ല. നമ്മൾ പലപ്പോഴായി കണക്കിലെടുക്കേണ്ടത് താരങ്ങളുടെ ഫസ്റ്റ് ക്ലാസ് റെക്കോർഡും ഇന്ത്യക്കായി കളിക്കുമ്പോഴുള്ള റെക്കോർഡും തന്നെയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സ്ഥിരത പുലർത്തുകയാണെങ്കിൽ നമുക്ക് ഇന്ത്യൻ ടീമിൽ കളിക്കാനുള്ള അവസരം ലഭിക്കും.”- ശ്രീശാന്ത് പറഞ്ഞു വെക്കുന്നു.