ഇംഗ്ലണ്ടിനെതിരെ ഷാമിയ്ക്ക് പകരം അശ്വിൻ ടീമിലേക്ക്. മികവ് പുലർത്തിയിട്ടും ഷാമിയ്ക്ക് അവഗണന??

F9EIGepakAAbae2

ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി ഇന്ത്യൻ ടീം. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 5 വിക്കറ്റുകൾ സ്വന്തമാക്കി മികവ് പുലർത്തിയ മുഹമ്മദ് ഷാമിയെ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ നിന്ന് ഒഴിവാക്കുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. ലക്നൗവിലാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മത്സരം നടക്കുന്നത്. സാധാരണയായി സ്പിന്നർമാരെ അനുകൂലിക്കുന്ന പിച്ചാണ് ലക്നൗവിലേത്. അതിനാൽ തന്നെ ഷാമിയ്ക്ക് പകരം വെറ്ററൻ സ്പിന്നറായ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന് രണ്ടുതരത്തിലുള്ള പ്രതികരണങ്ങളും ആരാധകരിൽ നിന്ന് ഉയരുന്നുണ്ട്.

മുൻപ് ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ പരിക്കു മൂലം ന്യൂസിലാൻഡിനെരായ മത്സരത്തിൽ നിന്നും മാറി നിന്നിരുന്നു. പാണ്ഡ്യ ഇംഗ്ലണ്ടിനെതിരെയും കളിക്കില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യൻ ടീമിന്റെ ബാലൻസ് സംബന്ധിച്ച് ചില ആശങ്കകൾ നിലനിൽക്കും. പാണ്ഡ്യയുടെ അഭാവത്തിൽ ന്യൂസിലാൻഡിനെതിരെ സൂര്യകുമാർ യാദവും മുഹമ്മദ് ഷാമിയും ഇന്ത്യയുടെ പ്ലെയിങ്‌ ഇലവനിൽ ഇടം പിടിച്ചിരുന്നു.

4 ലോകകപ്പ് മത്സരങ്ങളിൽ ബെഞ്ചിലിരുന്ന ശേഷമാണ് മുഹമ്മദ് ഷാമി ടീമിലേക്ക് തിരികെയെത്തിയത്. തിരികെ ടീമിൽ കളിക്കാൻ ലഭിച്ച അവസരം ഷാമി ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. 5 വിക്കറ്റുകളാണ് ന്യൂസിലാൻഡിനെതിരെ ഷാമി സ്വന്തമാക്കിയത്. ഇന്ത്യയുടെ വിജയത്തിൽ ഷാമിയുടെ പങ്ക് വളരെ വലുതായിരുന്നു.

Read Also -  ഹാരിസ് റോഫ് പന്തിൽ കൃത്രിമം കാട്ടി. ആരോപണവുമായി അമേരിക്കൻ ബോളർ.

എന്നിരുന്നാലും ലക്നൗവിലെ പിച്ച് സ്പിന്നർമാരെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്. ഈ സാഹചര്യത്തിലാണ് അശ്വിനെ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യതകൾ വർധിച്ചിരിക്കുന്നത്. അശ്വിൻ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ എത്തുകയാണെങ്കിൽ അത് വാലറ്റ ബാറ്റിംഗ് നിരയ്ക്കും കരുത്തേക്കും എന്നാണ് കരുതുന്നത്. ഏഴാം നമ്പരിൽ ഇന്ത്യയ്ക്ക് ഒരു വലംകൈയ്യൻ ബാറ്ററെ അശ്വിനിലൂടെ ലഭിച്ചേക്കും. എന്നാൽ ഇത്തരം മികച്ച ഒരു ബോളിംഗ് പ്രകടനം കാഴ്ചവച്ചതിനുശേഷം മുഹമ്മദ് ഷാമിയെ ഇന്ത്യ ഒഴിവാക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് ആരാധകരടക്കം ചോദിക്കുന്നത്. അങ്ങനെ ഒരാളെ ഒഴിവാക്കേണ്ടി വന്നാൽ അത് മുഹമ്മദ് സിറാജിനെ ആയിക്കൂടെ എന്ന് ആരാധകർ ചോദിക്കുന്നു.

ഇതുവരെ ഏകദിന ലോകകപ്പിൽ 5 മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. 5 മത്സരങ്ങളിലും വിജയം നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. മറ്റൊരു ടീമും ഇത്തരത്തിൽ എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കിയിട്ടില്ല. അതിനാൽ തന്നെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

വരുന്ന മത്സരങ്ങളിൽ കൂടെ വിജയം നേടാനായാൽ ഇന്ത്യയ്ക്ക് അനായാസം സെമി ഫൈനലിൽ സ്ഥാനമുറപ്പിക്കാൻ സാധിക്കും. ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകവുമാണ്. നിലവിൽ ഈ ലോകകപ്പിലെ ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് ഇംഗ്ലണ്ട് ടീം കടന്നുപോകുന്നത്. ഇതുവരെ 5 മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിന് ഒരു മത്സരത്തിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ.

Scroll to Top