ഇന്ത്യൻ ക്രിക്കറ്റിൽ സ്ഥിരസാന്നിധ്യം സ്വപ്നം കാണുകയാണ് മലയാളി വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജു സാംസൺ. വരാനിരിക്കുന്ന ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഒരു സ്ഥാനമാണ് സഞ്ജു ലക്ഷ്യമിടുന്നത് എങ്കിൽ ഐപിൽ ലേലത്തിൽ ഏതൊക്കെ ടീമുകളിലേക്ക് മലയാളി താരങ്ങൾ സ്ഥാനം നേടുമെന്ന ആകാംക്ഷ സജീവമാണ്. സീനിയർ താരം ശ്രീശാന്ത് അടക്കം പന്ത്രണ്ട് കേരള ടീം താരങ്ങൾ ലേലത്തിനുള്ള അന്തിമമായ പട്ടികയിൽ സ്ഥാനം നേടിയിട്ടുണ്ട്. എന്നാൽ സഞ്ജുവും താനും ഐപിഎല്ലിൽ ആദ്യമായി എത്തിയതിനുള്ള കാരണം പേസർ ശ്രീശാന്ത് മാത്രമെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബി.ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിലും കളിച്ചിട്ടുള്ള സച്ചിൻ ബേബി നായക മികവിലാണ് കേരള ടീം രഞ്ജി ട്രോഫിക്കായി ഒരുങ്ങുന്നത്.
“ഐപിഎല്ലിലെ ട്രയല്‍സിനായി രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്കു എന്നെയും സഞ്ജു സാംസണിനെയും കൊണ്ടു പോയത് ശ്രീയാണ്. ഞാനും സഞ്ജുവുമടക്കം ആറു പേരെ അദ്ദേഹം ടീം സെലക്ഷനു വേണ്ടി റോയല്‍സിലേക്കു കൊണ്ടുപോയിരുന്നു. ഫ്‌ളൈറ്റ് ടിക്കറ്റടക്കം എല്ലാം വഹിച്ചത് ശ്രീയായിരുന്നു. നിലവിൽ ഞങ്ങൾ തമ്മിൽ മികച്ച ബന്ധമാണുള്ളത്. ഇന്നും അദ്ദേഹം ശക്തമായി പരിശീലനം തുടരുന്നുണ്ട്. വിലക്ക് നേരിട്ട സമയത്തും അദ്ദേഹം ക്രിക്കറ്റ് പരിശീലനത്തിൽ യാതൊരു വീഴ്ചയും നടത്തിയിട്ടില്ല “സച്ചിൻ ബേബി വാചാലനായി.
അതേസമയം ഐപിഎല്ലിൽ കോഹ്ലി നയിച്ച ബാംഗ്ലൂർ ടീമിനോപ്പം കളിക്കാൻ സാധിച്ചതിനെ കുറിച്ചും മനസ്സ് തുറന്ന സച്ചിൻ ബേബി സഞ്ജു സാംസണിനെ കുറിച്ചും അഭിപ്രായം വിശദമാക്കി. “2016ലെ ഐപിൽ സീസണിൽ അടക്കം ബാംഗ്ലൂർ ടീമിനോപ്പം കളിക്കാനായി കഴിഞ്ഞത് എനിക്ക് മനോഹരമായ അനേകം ഓർമ്മകൾ നൽകി. ഒരിക്കലും ആ സീസൺ എനിക്ക് മറക്കാൻ സാധിക്കില്ല.എനിക്ക് വിരാട് കോഹ്ലിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനായി കഴിഞ്ഞു.കോഹ്ലിയെ കൂടാതെ ഗെയ്ൽ, ഡിവില്ലേഴ്‌സ് എല്ലാം ടീമിൽ ആ ഒരു സീസണിളുണ്ടായിരുന്നു. ക്രിസ് ഗെയ്ൽ കേരളത്തിലെ മികച്ച ഒരു ഫ്രണ്ട് പോലെയായിരുന്നു “സച്ചിൻ ബേബി തുറന്ന് പറഞ്ഞു.
”വിരാട് കോഹ്ലിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്കു പഠിക്കാന്‍ സാധിച്ചു. ഞാനും വിരാടിനെപ്പോലെ അഗ്രസീവായ ക്യാപ്റ്റനാണ്. അത്രത്തോളമില്ലെങ്കിലും ഒരു നായകനായി മാറിയാല്‍ അഗ്രസീവായിരിക്കണം. പഞ്ചപാവമായിരുന്നാല്‍ മറ്റുള്ളവര്‍ തലയില്‍ കയറും. അതുകൊണ്ടു തന്നെ വിരാടിനെപ്പോലെയൊരു പെരുമാറ്റവും അഗ്രസീവ് സമീപനവുമാണ് വേണ്ടത് ” സച്ചിന്‍ ബേബി കൂട്ടിചേര്‍ത്തു