സൗത്താഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര എന്നുള്ള ഇന്ത്യൻ ടീമിന്റെ ആഗ്രഹം ഒരിക്കൽ കൂടി സ്വപ്നമായി മാറിയ കാഴ്ചക്കാണ് കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റ് മത്സരം സാക്ഷിയായത്. ഐതിഹാസിക ടെസ്റ്റ് പരമ്പര നേട്ടം സ്വപ്നം കണ്ട ടീം ഇന്ത്യക്ക് മൂന്നാം ടെസ്റ്റ് മത്സരത്തിലും കാലിടറിയപ്പോൾ വീണ്ടും ഏഴ് വിക്കറ്റ് ജയവുമായി കേപ്ടൗൺ ടെസ്റ്റും ഒപ്പം നിർണായക പരമ്പരയും സ്വന്തമാക്കി സൗത്താഫ്രിക്കൻ ടീം. പരമ്പരയിലെ ഒന്നാം മത്സരം തോറ്റ ശേഷമാണ് ഡീൻ എൽഗറും സംഘവും ജയത്തിലേക്ക് എത്തിയത്. നാലാം ദിനം ഇന്ത്യൻ ടീം ബൗളിംഗ് നിരയെ മനോഹരമായി നേരിട്ട സൗത്താഫ്രിക്കൻ ബാറ്റ്‌സ്മന്മാർ ജയം അനായാസമാക്കി. കീഗൻ പിറ്റേഴ്സൺ (82 റൺസ് ) ഇന്നിങ്സ് അവർക്ക് കരുത്തായി മാറിയപ്പോൾ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും നേടിയ ചരിത്ര നേട്ടം ആവർത്തിക്കാൻ സൗത്താഫ്രിക്കക്ക് സാധിച്ചില്ല.
നാലാം ദിനം ഇന്ത്യൻ ടോട്ടലിലേക്ക് വളരെ അധികം ശ്രദ്ധയോടെ കളിച്ചതായ ഡീൻ എൽഗർ സൗത്താഫ്രിക്കക്കായി യുവ താരം പിറ്റേഴ്സൺ തന്റെ കരിയറിലെ ബെസ്റ്റ് ഇന്നിങ്സ് കാഴ്ചവെച്ചു.113 ബോളുകളിൽ നിന്നും 10 ഫോറുകൾ അടക്കം 82 റൺസ് അടിച്ച കീഗൻ പിറ്റേഴ്സൺ മത്സരത്തിലെ ടോപ് സ്കോററായി മാറിയപ്പോൾ വാൻഡർ ഡൂസ്സൻ (42 റൺസ്) ബാവുമ ( 32*) എന്നിവർ വിജയം ഉറപ്പാക്കി. മൂന്നാം ടെസ്റ്റ് മത്സരത്തിലും ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് വെറും 223 റൺസ് മാത്രം നേടാൻ കഴിഞ്ഞപ്പോൾ സൗത്താഫ്രിക്കൻ ടോട്ടൽ വെറും 210 റൺസിൽ അവസാനിച്ചിരുന്നു. എന്നാൽ റിഷാബ് പന്ത് ഒഴികെയുള്ള മറ്റുള്ള ബാറ്റ്‌സ്മന്മാർ നിരാശപെടുത്തിയത് ഇന്ത്യൻ രണ്ടാം ഇന്നിങ്സ് സ്കോർ 198 റൺസിൽ ഒതുക്കി.
ഓസ്ട്രേലിയ, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ടെസ്റ്റ് പരമ്പര ജയിച്ച വിരാട് കോഹ്ലിക്കും ടീമിനും സൗത്താഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയിക്കാൻ കഴിയുമെന്നാണ് എല്ലാം ക്രിക്കറ്റ് നിരീക്ഷകർ അടക്കം പറഞ്ഞിരുന്നത്. എന്നാൽ ഒന്നാം ടെസ്റ്റ് മത്സരത്തിലെ തോൽവിക്ക് ശേഷം എല്ലാ മികവും പുറത്തെടുത്ത സൗത്താഫ്രിക്ക ഇന്ത്യൻ ബാറ്റിങ് നിരയെ അടക്കം തകർത്തു. പരമ്പരയിൽ പിറന്ന രണ്ട് സെഞ്ച്വറികളും ഇന്ത്യൻ താരങ്ങൾ ബാറ്റിൽ നിന്നാണ് പിറന്നത്. രാഹുൽ ദ്രാവിഡ് ഹെഡ് കോച്ചായി എത്തിയ ശേഷമുള്ള ആദ്യത്തെ വിദേശ പരമ്പര തന്നെ തോൽവിയിൽ കലാശിച്ചത് ശ്രദ്ധേയമായി.