ആരാധകർക്ക് ആശ്വാസ വാർത്ത : സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

0
1


  ഒടുവിൽ ക്രിക്കറ്റ് പ്രേമികൾക്കും ഇന്ത്യൻ ആരാധകർക്കും സന്തോഷ വാർത്ത. ഒരൊറ്റ  മാസത്തിനിടെ  രണ്ട് തവണ  ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി  ആശുപത്രി വിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍  പരിപൂർണ്ണ  ആരോഗ്യവാനാണ് എന്ന് ആശുപത്രി  അധികൃതർ താരത്തെ ഡിസ്ചാർജ് ആകുവാനുള്ള തീരുമാനത്തിനൊപ്പം  അറിയിച്ചു. നാല്‍പ്പത്തിയെട്ടുകാരനായ  ഗാംഗുലിയെ കഴിഞ്ഞ ബുധനാഴ്‌ചയാണ്  കഠിനമായ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

നേരത്തെ ജനുവരി രണ്ടിന് കൊല്‍ക്കത്തയിലെ തന്റെ  വീട്ടിലുള്ള ജിംനേഷ്യത്തില്‍ പതിവ് വ്യായാമം  നടത്തുന്നതിനിടെയാണ് ഗാംഗുലിക്ക് ആദ്യം നെഞ്ചുവേദന അനുഭവപ്പെട്ടത്. ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ  ആന്‍ജിയോപ്ലാസ്റ്റി കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ നടത്തി.  സുഖം പ്രാപിച്ച ശേഷം ഏഴാം തിയതി  ആശുപത്രി വിട്ട ദാദ ഇതിന് ശേഷം വീട്ടില്‍ വിശ്രമത്തിലിരിക്കേ കഴിഞ്ഞ ബുധനാഴ്‌ച(ജനുവരി 27) വീണ്ടും അസഹ്യമായ  നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. താരം  അന്ന് ഡ്രൈവർക്കൊപ്പം കാറിൽ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു .

തുടര്‍ന്ന് പ്രമുഖ ഹൃദ്രാഗ വിദഗ്‌ദ്ധരായ ഡോ. ദേവി ഷെട്ടി, ഡോ. അശ്വിന്‍ മെഹ്‌ത എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ ഗാംഗുലിയെ പരിശോധനകൾക്ക് വിധേയനാക്കുകയൂം   തുടർന്ന്  മെഡിക്കൽ റിപോർട്ടുകൾ അനുസരിച്ച് രണ്ടാം തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഹൃദയധമനികളില്‍ രണ്ട് സ്റ്റെന്‍റുകള്‍ കൂടി  ഇട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആഴ്ചകൾക്കുള്ളിൽ തന്നെ  ഗാംഗുലി സാധാരണ നിലയിലേക്ക് തിരിച്ചെത്തും എന്നാണ്  ഡോക്ടർമാരുടെ പ്രതീക്ഷ .

ഗാംഗുലിയുടെ  ആരോഗ്യ സ്ഥിതിയിൽ ആശങ്കപെടുവാൻ   യാതൊന്നും ഇല്ലെന്ന് വ്യാഴാഴ്ച ഡോക്ടര്‍മാര്‍ തന്നെ മാധ്യമങ്ങളെ  അറിയിച്ചിരുന്നു. ഗാംഗുലി ഇപ്പോൾ  ആരോഗ്യവാനാണെന്ന്  പറഞ്ഞ ആശുപത്രി അധികൃതർ  താരം  വേഗം വീട്ടിലേക്ക് മടങ്ങുമെന്നും പറഞ്ഞിരുന്നു .അതേസമയം ദാദക്ക് ഇപ്പോൾ കുഴപ്പങ്ങൾ ഒന്നുമില്ലെന്ന്‌  കുടുംബാംഗങ്ങളും ഡോക്ടര്‍മാരും തന്നെ അറിയിച്ചതായി പശ്ചിമ ബംഗാള്‍ ഗവര്‍ഡണര്‍ ജഗദീപ് ധനകറും സമൂഹമാധ്യമത്തിലൂടെ പറഞ്ഞിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here