ഇന്ത്യൻ പ്രീമിയർ ലീഗ് ഈ മാസം 26ന് തുടങ്ങുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം. രണ്ടു പുതിയ ടീമുകൾ അടക്കം ഇത്തവണ 10 ടീമുകളാണ് ഐപിഎല്ലിൽ പോരിനിറങ്ങുന്നത്. എല്ലാ കൊല്ലത്തെയും പോലെ തന്നെ ഇക്കൊല്ലവും മഹേന്ദ്രസിംഗ് ധോണിയാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നത്.
എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി വളരെ മോശം ഫോമിലാണ് ധോണി ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ രണ്ടു സീസണുകൾ എടുത്താൽ 30 മത്സരങ്ങളിൽനിന്ന് 314 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഐപിഎൽ 2020ൽ ധോണി ആരാധകരെ തീർത്തും നിരാശപ്പെടുത്തി. വെറും 114 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. കഴിഞ്ഞ രണ്ടു സീസണുകളിൽ ഒരു അർദ്ധസെഞ്ചുറി പോലും മുൻ ഇന്ത്യൻ നായകൻ നേടിയിട്ടില്ല.
കഴിഞ്ഞ ഐപിഎല്ലിൽ ക്വാളിഫയർ ഒന്നിൽ ഡൽഹിക്കെതിരെ അവസാന ഓവറിൽ ആവേശ് ഖാനെതിരെ തുടരെത്തുടരെ 3 ഫോറുകൾ അടിച് കളി ജയിപ്പിച്ചത് ഒഴിച്ചാൽ ധോണി കാര്യമായി ഒന്നും ചെയ്തിട്ടില്ല.
ഇപ്പോഴിതാ ധോണിക്ക് പുതിയ ബാറ്റിംഗ് പൊസിഷൻ നിർദേശിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം. ധോണി പണ്ടത്തെ പോലെ ഉള്ള ഫിനിഷർ അല്ല ഇപ്പോൾ എന്നാണ് താരം പറഞ്ഞത്.
സോധിയുടെ വാക്കുകളിലൂടെ..
“കുറച്ച് വർഷങ്ങൾക്ക് മുമ്പ് അറിയപ്പെട്ടിരുന്ന അതേ ഫിനിഷർ അല്ലാത്തതിനാൽ എംഎസ് ധോണിക്ക് ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യേണ്ടതുണ്ട്. അദ്ദേഹം തന്റെ സമയമെടുത്താൽ, 10-ഓ 11-ഓ ഓവറിൽ വന്നാൽ, അയാൾക്ക് ബാറ്റിങ് വെടിക്കെട്ട് നടത്താനാകും. സിഎസ്‌കെയുടെ പ്രതീക്ഷകളുടെ താക്കോൽ താനാണെന്ന് എംഎസ് ധോണിക്ക് അറിയാം”-സോധി പറഞ്ഞു.
ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജക്ക് സി എസ് ക്കെയെ ഐപിഎൽ ഫൈനലിലേക്ക് എത്തിക്കാനാകും എന്നും സോധി പറഞ്ഞു. തോളിന് ഏറ്റ പരിക്കിന് ശേഷം മൊഹാലി ടെസ്റ്റിൽ തിരിച്ചെത്തിയ ജഡേജ ശ്രീലങ്കയ്ക്കെതിരെ 175 റൺസും നിരവധി വിക്കറ്റും നേടിയിരുന്നു.
“രവീന്ദ്ര ജഡേജയുടെ ഫോം വളരെ പ്രധാനമാണ്. അദ്ദേഹം മൊഹാലി ടെസ്റ്റിൽ ബാറ്റ് ചെയ്തതും ബൗൾ ചെയ്തതും നമ്മൾ കണ്ടതാണ്. അത് ചെന്നൈക്ക് വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്. ജഡേജയുടെ ഈ ഫോം തുടർന്നാൽ ചെന്നൈയെ ഫൈനലിൽ എത്തിക്കാൻ അദ്ദേഹത്തിന് ആകും. ധോണിയെ പോലെതന്നെ ജഡേജയ്ക്കും ഇത്തവണ ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ട്.”-അദ്ദേഹം പറഞ്ഞു.