സൈദ് മുഷ്തഖ് അലി ട്രോഫിയിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ കൂറ്റൻ വിജയം സ്വന്തമാക്കി കേരള ടീം. മത്സരത്തിൽ ബീഹാർ ടീമിനെതിരെ 6 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. 42 പന്തുകൾ ബാക്കി നിൽക്കവെയായിരുന്നു കേരളത്തിന്റെ ഈ തകർപ്പൻ വിജയം. കേരളത്തിനായി പേസർമാരായ ബേസിൽ തമ്പി, കെ എം ആസിഫ് എന്നിവരാണ് ബോളിങ്ങിൽ തിളങ്ങിയത്. ബാറ്റിംഗിൽ രോഹൻ കുന്നുമ്മലും വിഷ്ണു വിനോദും അബ്ദുൽ ബാസിതും വെടിക്കെട്ട് കാഴ്ചവച്ചതോടെ അനായാസം കേരളം മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ കേരളം ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബീഹാർ ടീമിനെ ഞെട്ടിച്ചു കൊണ്ടാണ് ബേസിൽ തമ്പി ആരംഭിച്ചത്. ബീഹാറിന്റെ നായകൻ ബാബുൽ കുമാറിനെയും(1) വിക്കട്ട് കീപ്പർ വിപിൻ സൗരഫിനെയും(0) തുടക്കത്തിൽ തന്നെ പുറത്താക്കാൻ ബേസിൽ തമ്പിക്ക് സാധിച്ചു. പിന്നീട് മൂന്നാമതായി ക്രീസിലെത്തിയ ഗൗരവാണ് അല്പസമയം ബീഹാറിനായി ക്രീസിൽ പിടിച്ചുനിന്നത്. 32 പന്തുകളിൽ 37 റൺസ് ഗൗരവ് മത്സരത്തിൽ നേടുകയുണ്ടായി. കൃഷ്ണകുമാർ യാദവ് മത്സരത്തിൽ 23 റൺസ് നേടിയെങ്കിലും 29 പന്തുകൾ നേരിടേണ്ടി വന്നു.
ഒപ്പം അവസാന സമയങ്ങളിൽ കേരളം പിടിമുറുക്കിയതോടെ ബീഹാർ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ഇങ്ങനെ ബീഹാറിന്റെ ഇന്നിംഗ്സ് കേവലം 111 റൺസിൽ അവസാനിച്ചു. കേരളത്തിനായി പേസർ ബേസിൽ തമ്പി 4 ഓവറുകളിൽ 19 റൺസ് വിട്ടുനൽകി 2 വിക്കറ്റുകൾ സ്വന്തമാക്കി. കെഎം ആസിഫും 3 ഓവറുകളിൽ 15 റൺസ് വിട്ടുനൽകി രണ്ടു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ഓപ്പണർ മുഹമ്മദ് അസറുദ്ദിന്റെ(1) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ഒരുവശത്ത് റോഹൻ കുന്നുമ്മൽ ക്രീസിലൂറച്ചത് കേരളത്തിന് ആശ്വാസം നൽകി. ഒപ്പം വിഷ്ണു വിനോദ് കഴിഞ്ഞ മത്സരത്തിലെ ഫോം ആവർത്തിച്ചതോടെ കേരളം കുതിച്ചു.
മത്സരത്തിൽ ഒരു വെടിക്കെട്ട് തന്നെയാണ് വിഷ്ണു വിനോദ് കാഴ്ചവച്ചത്. 17 പന്തുകൾ നേരിട്ട വിഷ്ണു 32 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു. രോഹൻ കുന്നുമ്മൽ 27 പന്തുകളിൽ 3 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 36 റൺസ് നേടി. ഒപ്പം നാലാമനായി ക്രീസിലെത്തിയ അബ്ദുൾ ബാസിതും കേരളത്തിനായി വമ്പനടികൾ സൃഷ്ടിച്ചു. മത്സരത്തിൽ 23 പന്തുകളിൽ 39 റൺസ് നേടിയ ബാസിത് പുറത്താവാതെ നിന്നു. ഇങ്ങനെ മത്സരത്തിൽ കേരളം 6 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയുണ്ടായി. കേരളത്തിനെ സംബന്ധിച്ച് ഈ കൂറ്റൻ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.