SMAT 2022 – ഫിനിഷ് ചെയ്യാനാവാതെ കേരളം. ടൂര്‍ണമെന്‍റില്‍ ആദ്യ പരാജയം.

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ആദ്യ പരാജയം. നാലാം മത്സരത്തില്‍ കരുത്തരായ സര്‍വീസിസിനെതിരെ 12 റണ്ണിനാണ് പരാജയപ്പെട്ടത്. സര്‍വ്വീസസ് ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 136 ല്‍ എല്ലാവരും പുറത്തായി.

പത്താം ഓവറില്‍ 52 ന് 4 എന്ന നിലയിലായിരുന്നു കേരളം. പിന്നീട് ക്യാപ്റ്റന്‍ സഞ്ചു സാംസണും വൈസ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ചേര്‍ന്ന് 52 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരും വൈകാതെ മടങ്ങിയതോടെ പ്രതീക്ഷകള്‍ അവസാനിച്ചു.

സച്ചിന്‍ ബേബി 35 പന്തില്‍ 36 റണ്‍സ് നേടി. 26 പന്തില്‍ 30 റണ്‍സായിരുന്നു സഞ്ചുവിന്‍റെ സമ്പാദ്യം. അവസാന ഓവറില്‍ 20 റണ്‍സായിരുന്നു കേരളത്തിനു വേണ്ടിയിരുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഹീറോയായ അബ്ദുള്‍ ബാസിത് ക്രീസിലുണ്ടായിരുന്നു.

ആദ്യ പന്തില്‍ സിക്സടിച്ച താരം രണ്ടാം പന്തില്‍ വിക്കറ്റ് നഷ്ടമായി. 10 പന്തില്‍ 3 സിക്സുമായി 19 റണ്‍സാണ് താരം നേടിയത്. നാലം പന്തില്‍ കേരളത്തിന്‍റെ അവസാന വിക്കറ്റും നഷ്ടമായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കരുത്തരായ സർവീസസിനെ 148 റൺസിൽ കേരളം ഒതുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് സര്‍വീസസ് 148 റൺസെടുത്തത്. അരങ്ങറ്റ മത്സരത്തിൽ നാലു വിക്കറ്റുമായി കരുത്തുകാട്ടിയ വൈശാഖ് ചന്ദ്രൻ, സർവീസസിനെതിരെ മൂന്നു വിക്കറ്റുമായി ഒരിക്കൽക്കൂടി തിളങ്ങി. 35 പന്തിൽ 39 റൺസെടുത്ത ഓപ്പണർ അൻഷുൽ ഗുപ്തയാണ് സർവീസസിന്റെ ടോപ് സ്കോറർ.

കേരളത്തിനായി വൈശാഖ് ചന്ദ്രൻ നാല് ഓവറിൽ 28 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റെടുത്തത്. കെ.എം. ആസിഫ് നാല് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. സിജോമോൻ ജോസഫ്, മനു കൃഷ്ണൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

Previous articleപാക്കിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ പ്ലേയിങ്ങ് ഇലവന്‍ ഇതിനോടകം തയ്യാറായി എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ
Next articleടി20 ലോകപ്പില്‍ അട്ടിമറി. ശ്രീലങ്കയെ തകര്‍ത്ത് നമീബിയ