പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ പ്ലേയിങ്ങ് ഇലവന്‍ ഇതിനോടകം തയ്യാറായി എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ്. ഒക്ടോബര്‍ 23 ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടീം ഇന്ത്യയുടെ മത്സരം. മത്സരത്തിനുള്ള പ്ലേയിങ്ങ് ഇലവന്‍ ഇതിനോടകം തയ്യാറായി കഴിഞ്ഞു എന്ന് പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.

മത്സരത്തിന് തയ്യാറാകാന്‍ താരങ്ങള്‍ക്ക് മതിയായ സമയം കൊടുക്കാനാണ് ആഗ്രഹം എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. “അവസാന നിമിഷത്തെ തീരുമാനങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് ഞങ്ങളുടെ താരങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതുവഴി അവർക്ക് നേരത്തെ തയ്യാറാകാൻ കഴിയും. പാകിസ്ഥാൻ മത്സരത്തിനായി എനിക്ക് ഇതിനകം എന്റെ ഇലവൻ ഉണ്ട്. ആ കളിക്കാരെ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. അവസാന നിമിഷത്തിലെ കാര്യങ്ങളെ ഞാൻ വിശ്വസിക്കുന്നില്ല. അവർ നന്നായി തയ്യാറെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ” രോഹിത് പറഞ്ഞു.

ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും, എന്നാൽ ഓരോ തവണയും സംസാരിക്കുന്നതിൽ അർത്ഥമില്ലാ എന്നും ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു.

പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ എത്തുന്നത്. പകരക്കാരനായി മുഹമ്മദ് ഷാമിയേയാണ് തിരഞ്ഞെടുത്തിരിക്കുന്നത്‌.