സെയ്ദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്‍റില്‍ നിന്നും കേരളം പുറത്ത്. സൗരാഷ്ട്രക്കെതിരെയുള്ള പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ 9 റണ്‍സിന്‍റെ തോല്‍വിയാണ് കേരളം വഴങ്ങിയത്. സൗരാഷ്ട്ര ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 173 റണ്‍സില്‍ എത്താനേ സാധിച്ചുള്ളു. മനോഹരമായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന സഞ്ചു സാംസണ്‍ പുറത്തായതിനു പിന്നാലെയാണ് കേരളം വീണത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് അസ്ഹറുദ്ദീനെ (0) നഷ്ടമായി. സഞ്ചുവിനൊപ്പം ചേര്‍ന്ന് രോഹന്‍ കുന്നുമല്‍ (18 പന്തില്‍ 22) മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പുറത്തായി.
പിന്നാലെ സച്ചിന്‍ ബേബിയും സഞ്ചു സാംസണും ചേര്‍ന്ന് സൗരാഷ്ട്ര ബോളര്‍മാരെ നിരന്തരം ബൗണ്ടറി കടത്തി. ഇരുവരും ചേര്‍ന്ന് 100 റണ്‍സ് കടത്തി. സഞ്ചു പുറത്താകുമ്പോള്‍ കേരളം 15.1 ഓവറില്‍ 129 റണ്‍സിലായിരുന്നു. 38 പന്തില്‍ 8 ഫോര്‍ സഹിതമാണ് സഞ്ചു 59 റണ്‍സ് നേടിയത്.
സഞ്ചു പുറത്തായതിനു പിന്നാലെ ഫിനിഷിങ്ങ് ജോലികള്‍ക്കായി അബ്ദുള്‍ ബാസിതാണ് എത്തിയത്. 7 പന്തില്‍ 12 റണ്‍സ് നേടി താരം പുറത്തായി. അവസാന 12 പന്തില്‍ 29 റണ്‍സായിരുന്നു കേരളത്തിനു വേണ്ടിയിരുന്നത്. അര്‍ദ്ധസെഞ്ചുറി നേടിയ സച്ചിന്‍ ബേബി ക്രീസില്‍ ഉണ്ടായിരുന്നു.
എന്നാല്‍ മനോഹരമായി പന്തെറിഞ്ഞ ഉനദ്ഘട്ട് വെറും 6 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അവസാന ഓവറില്‍ കേരളത്തിനു വിജയം നേടിയെടുക്കാനായില്ലാ. സച്ചിന്‍ ബേബി 46 പന്തില്‍ 64 റണ്‍സ് നേടി. 7 പന്തില്‍ 12 റണ്‍സുമായി വിഷ്ണു വിനോദ് പുറത്താകതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൗരാഷ്ട്ര നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയത്. 44 പന്തില്‍ 4 വീതം ഫോറും സിക്സുമായി 64 റണ്‍സ് നേടി ടോപ്പ് സ്കോററായി. വ്യാസ് (18 പന്തില്‍ 34) ജഡേജ (23 പന്തില്‍ 31) എന്നിവര്‍ ശ്രദ്ധേയ പ്രകടനം നടത്തി.
കേരളത്തിനായി ആസിഫ് 3 വിക്കറ്റ് വീഴ്ത്തി. മനു കൃഷ്ണന്‍ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിഥുന്‍ 1 വിക്കറ്റ് സ്വന്തമാക്കി.