ഇന്ത്യന്‍ പേസ് ആക്രമണത്തെ അതിജീവിച്ച് സൗത്താഫ്രിക്ക. ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് ആദ്യ പരാജയം.

ഐസിസി ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ സൗത്താഫ്രിക്കകെതിരെ ഇന്ത്യക്ക് പരാജയം. ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്ക 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.

വിജയത്തോടെ 5 പോയിന്‍റുമായി സൗത്താഫ്രിക്ക ഒന്നാമത് എത്തി. 4 പോയിന്‍റുമായി ഇന്ത്യ രണ്ടാമതാണ്. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ബംഗ്ലാദേശ് 4 പോയിന്‍റുമായി മൂന്നാമതാണ്

വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്കക്കെതിരെ ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച രീതിയിലാണ് തുടങ്ങിയത്. അര്‍ഷദീപ് സിങ്ങിന്‍റെ ആദ്യ ഓവറിലെ ഇരട്ട വിക്കറ്റ് ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. പിന്നാലെ ബവുമയെ മടക്കി ഷമി, സൗത്താഫ്രിക്കയെ 24 ന് 3 എന്ന നിലയിലാക്കി.

പിന്നാലെ ഒത്തുചേര്‍ന്ന ഏയ്ഡന്‍ മാര്‍ക്രവും ഡേവിഡ് മില്ലറും ചേര്‍ന്ന് ക്രീസില്‍ ക്ഷമയോടെ നിലയുറപ്പിച്ചു. പിന്നാലെ ആക്രമണ ബാറ്റിംഗിലേക്ക് ഇരുവരും കടന്നു. അതിനിടെ ഏയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കാനുള്ള രണ്ട് അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു.

41 പന്തില്‍ 52 റണ്‍സ് നേടിയ മാര്‍ക്രത്തെ ഹാര്‍ദ്ദിക്ക് പുറത്താക്കിയപ്പോള്‍ ഏറെ വൈകി കഴിഞ്ഞിരുന്നു. അശ്വിനെ 2 സിക്സിനു പറത്തി മില്ലര്‍ വിജയത്തിനടുത്ത് എത്തിച്ചു.

സ്റ്റബ്സ് (6) പുറത്തായെങ്കിലും മില്ലര്‍ അനായാസം സൗത്താഫ്രിക്കയെ ലക്ഷ്യത്തില്‍ എത്തിച്ചു. അവസാന ഓവറില്‍ 6 റണ്‍സായിരുന്നു സൗത്താഫ്രിക്കക്ക് വേണ്ടിയിരുന്നത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ രണ്ടാം പന്തില്‍ പാര്‍ണെല്‍ മില്ലറിനു സ്ട്രൈക്ക് കൈമാറി.

അടുത്ത പന്തില്‍ ഫോറടിച്ച് ഡേവിഡ് മില്ലര്‍ സമനിലയാക്കി. അടുത്ത പന്തില്‍ വിജയ റണ്‍ മില്ലര്‍ നേടി. 45 പന്തില്‍ 55 റണ്ണാണ് താരം നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ  നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടിയത്. തബ്രിസ് ഷംസിക്കു പകരം ദക്ഷിണാഫ്രിക്ക ടീമിലെത്തിയ പേസർ ലുങ്കി എൻഗിഡിയും വെയ്ൻ പാർനെലുമാണ് ടീം ഇന്ത്യയെ തകർത്തെറി‍ഞ്ഞത്. എൻഗിഡി നാലും പാർനെൽ മൂന്നും വിക്കറ്റുകൾ സ്വന്തമാക്കി.

49 ന് 5 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. സൂര്യകുമാർ യാദവ് അർധ സെഞ്ചറി നേടി. 40 പന്തുകൾ നേരിട്ട സൂര്യ 6 ഫോറും 3 സിക്സും സഹിതം 68 റൺസെടുത്തു പുറത്തായി. കെ.എൽ. രാഹുൽ (14 പന്തിൽ 9), രോഹിത് ശർമ (14 പന്തിൽ 15), വിരാട് കോലി (11 പന്തിൽ 12), ഹാർദിക് പാണ്ഡ്യ (രണ്ട്), ദീപക് ഹൂഡ (പൂജ്യം), ദിനേഷ് കാർത്തിക്ക് ( 15 പന്തില്‍ ആറ്), ആർ. അശ്വിന്‍ (11 പന്തിൽ ഏഴ്), മുഹമ്മദ് ഷമി (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ മറ്റു ഇന്ത്യൻ ബാറ്റര്‍മാരുടെ പ്രകടനങ്ങൾ.