ശ്രീലങ്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ബോളിങ്ങിൽ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം നൽകി പേസർമാർ ബുംറയും മുഹമ്മദ് സിറാജും. മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയാണ് ബൂമ്ര ആരംഭിച്ചത്. തൊട്ടു പിന്നലെ രണ്ടാം ഓവറിൽ 2 വിക്കറ്റുകൾ സ്വന്തമാക്കി സിറാജും ശ്രീലങ്കയെ സമർദത്തിലാക്കി. ഇതോടെ 2 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ ശ്രീലങ്ക എത്തി . ശേഷം തന്റെ രണ്ടാം ഓവറിൽ സിറാജ് വീണ്ടും വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ശ്രീലങ്ക തകരുകയായിരുന്നു. 358 എന്ന വമ്പൻ വിജയലക്ഷ്യം മുന്നിൽകണ്ട് ഇറങ്ങിയ ശ്രീലങ്കയ്ക്കെറ്റ കനത്ത തിരിച്ചടി തന്നെയാണ് ആദ്യ ഓവറുകളിലെ ഇന്ത്യൻ ബോളർമാരുടെ ഈ വെടിക്കെട്ട് ബോളിംഗ് പ്രകടനം.
മത്സരത്തിന്റെ ആദ്യ പന്തിൽ നിസ്സംഗയെ ഗോൾഡൻ ഡക്കായി പുറത്താക്കിയാണ് ബൂമ്രാ ആരംഭിച്ചത്. ബുമ്ര എറിഞ്ഞ ആദ്യ പന്ത് ലെങ്ത് ബോളായാണ് വന്നത്. കൃത്യമായി ആംഗിൾ ചെയ്ത ബോൾ നിസ്സംഗയുടെ പാഡിൽ കൊണ്ടു. ഇത് കൃത്യമായി മനസ്സിലാക്കിയ അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാൽ ഉയരത്തിന്റെ കാര്യത്തിൽ സംശയം ഉണ്ടായിരുന്ന നിസ്സംഗ ഇത് റിവ്യൂവിന് വിട്ടു. റിപ്ലൈയിൽ നിന്ന് കൃത്യമായി പന്ത് സ്റ്റമ്പിന്റെ ബെയിലിൽ കൊള്ളുമെന്ന് ഉറപ്പായി. ഇതോടെ നിസംഗയ്ക്ക് ക്രീസ് വിടേണ്ടി വന്നു. മത്സരത്തിൽ പൂജ്യനായി നിസ്സംഗ മടങ്ങുകയായിരുന്നു. ശേഷം ഓവറിൽ മികച്ച ബോളിങ് തന്നെയാണ് ബൂമ്ര പുറത്തെടുത്തത്.
പിന്നീട് അടുത്ത ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് നേടി മുഹമ്മദ് സിറാജും ശ്രീലങ്കയെ പ്രഹരമേൽപ്പിക്കുകയുണ്ടായി. രണ്ടാം ഓവറിലെ ആദ്യ പന്തിൽ കരുണാരത്നയെ വിക്കറ്റിനു മുൻപിൽ കുടുക്കിയായിരുന്നു സിറാജ് തന്റെ വരവറിയിച്ചത്. കൃത്യമായി ഷേപ്പ് ചെയ്ത് വന്ന പന്തിന്റെ ദിശ നിർണയിക്കുന്നതിൽ കരുണാരത്ന പരാജയപ്പെടുകയായിരുന്നു. ഇതും അമ്പയർ പ്രഥമദൃഷ്ടിയിൽ തന്നെ ഔട്ട് വിധിക്കുകയുണ്ടായി. എന്നാൽ കരുണാരത്‌നെ റിവ്യൂ എടുക്കുകയും അത് നഷ്ടപ്പെടുത്തുകയുമാണ് ചെയ്തത്. ഇതോടെ ശ്രീലങ്ക തകർന്നു. ഇങ്ങനെ രണ്ടു ബാറ്റർമാരെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഇന്ത്യ ആരംഭിച്ചത്
തൊട്ടുപിന്നാലെ ആ ഓവറിൽ തന്നെ സമരവിക്രമയെ പുറത്താക്കാനും സിറാജിന് സാധിച്ചിരുന്നു. സിറാജ് എറിഞ്ഞ ഷോട്ട് ലെങ്തിൽ വന്ന പന്ത് സ്കോർ ചെയ്യാൻ ശ്രമിക്കുകയായിരുന്നു സമരവിക്രമ. എന്നാൽ മൂന്നാം സ്ലിപ്പിൽ നിന്ന് ശ്രേയസ് അയ്യരുടെ കൈകളിലേക്കാണ് പന്ത് പതിച്ചത്. ഇങ്ങനെ പൂജ്യരായി മൂന്നു ബാറ്റർമാരും കൂടാരം കയറി. തൊട്ടുപിന്നാലെ അടുത്ത ഓവറിൽ ശ്രീലങ്കയുടെ നായകൻ കുശാൽ മെൻഡിസിന്റെ കുറ്റിതെറിപ്പിച്ച് സിറാജ് വീണ്ടും വീര്യം കാട്ടി. എന്തായാലും ശ്രീലങ്കയെ സംബന്ധിച്ച് വളരെ ദയനീയമായി തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി 92 റൺസ് നേടിയ ഗില്ലും, 88 റൺസ് നേടിയ കോഹ്ലിയും 82 റൺസ് നേടിയ അയ്യരുമായിരുന്നു മികച്ച പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ 357 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.