ഇംഗ്ലണ്ടിനെതീരായ അവസാന ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ പൂർണ്ണ മേഖലകളിലും കൃത്യമായി ആധിപത്യം സ്ഥാപിച്ച ഇംഗ്ലണ്ടിനെ അടിച്ചൊതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റൺസിന് പുറത്താവുകയും, മറുപടി ബാറ്റിംഗിൽ ഇന്ത്യ ഗില്ലിന്റെയും രോഹിത് ശർമയുടെയും സെഞ്ചുറികളുടെ ബലത്തിൽ 477 റൺസ് സ്വന്തമാക്കുകയും ചെയ്തു.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 195 റൺസിന് പുറത്തായതോടെ ഇന്ത്യ ഒരു ഇന്നിംഗ്സിനും 64 റൺസിനും വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിനിടെ ജോണി ബെയർസ്റ്റോയും ധ്രുവ് ജൂറലും ശുഭമാൻ ഗില്ലും സർഫറാസ് ഖാനും തമ്മിലുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുന്നത്.
മൈതാനത്ത് ബെയർസ്റ്റോ ബാറ്റ് ചെയ്യുന്ന സമയത്ത് പരസ്പരം താരങ്ങൾ തമ്മിലുണ്ടായ സ്ലെഡ്ജിങ് വീഡിയോയാണ് ഇതിനോടകം ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സനെ മുൻപ് ഗിൽ സ്ലെഡ്ജ് ചെയ്തിരുന്നു. അതിനെ ചോദ്യം ചെയ്താണ് ബെയർസ്റ്റോ രംഗത്ത് വന്നത്. എന്നാൽ തന്റേതായ രീതിയിൽ ചുട്ട മറുപടി കൊടുത്താണ് ഗില്‍ ബെയർസ്റ്റോയെ നേരിട്ടത്. ഇതിന്റെ വീഡിയോയാണ് ഇതിനോടകം തന്നെ വലിയ രീതിയിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. പല ആരാധകരും ഈ സംഭവത്തിൽ ഗില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തും വന്നിട്ടുണ്ട്.
സംഭവത്തിന്റെ ആരംഭം ബേർസ്റ്റോയിൽ നിന്നായിരുന്നു. ഗില്ലിനോട് ബെയർസ്റ്റോ ചോദിച്ചത് ഇങ്ങനെയാണ്. “ജിമ്മി ആൻഡേഴ്സൺ ക്ഷീണിതനായതിന് ശേഷം നിങ്ങൾ അദ്ദേഹത്തോട് എന്താണ് പറഞ്ഞത്. മാത്രമല്ല അതിനു ശേഷം നിങ്ങളെ അദ്ദേഹം പുറത്താക്കുകയും ചെയ്തില്ലേ?”. ബെയർസ്റ്റോയുടെ ഈ ചോദ്യത്തിനുള്ള മറുപടി ഗിൽ നൽകിയത് ഇത്തരത്തിലാണ്.
“അതുകൊണ്ട് എന്താണ് ഞാൻ സെഞ്ച്വറി സ്വന്തമാക്കിയതിന് ശേഷമാണ് ജിമ്മിയുടെ പന്തിൽ പുറത്തായത്. ഇവിടെ നിങ്ങൾ എത്ര റൺസ് നേടി?”. ഈ ചോദ്യത്തിന് ശേഷം യുവതാരം സർഫറാസ് ഖാൻ രംഗത്ത് വരികയുണ്ടായി. “ഇന്ന് അവൻ കുറച്ചു റൺസ് നേടി. അതിനുശേഷം ഒരുപാട് അങ്ങ് പൊങ്ങുകയാണ്.”- സർഫറാസ് പറഞ്ഞു.
മത്സരത്തിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ തരക്കേടില്ലാത്ത തുടക്കം തന്നെയായിരുന്നു ബെയർസ്റ്റോയ്ക്ക് ലഭിച്ചത്. ഒരു ആക്രമണ രീതിയിലാണ് ഇന്ത്യൻ ബോളർമാരെ ബെയർസ്റ്റോ നേരിട്ടത്. 18 പന്തുകളിൽ 29 റൺസ് ആണ് ബെയർസ്റ്റോ രണ്ടാം ഇന്നിങ്സിൽ സ്വന്തമാക്കിയത്.
2 ബൗണ്ടറികളും 2 സിക്സറുകളും ബെയർസ്റ്റോയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. എന്നിരുന്നാലും കുൽദീവ് യാദവിന്റെ പന്തിൽ ധ്രുവ് ജൂറലിന് ക്യാച്ച് നൽകി ബെയർസ്റ്റോ പുറത്താവുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ചരിത്ര വിജയം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നേടിയിരിക്കുന്നത്.