ഐപിൽ പതിനാലാം സീസണിൽ മിന്നും ഫോമിലാണ് ഡൽഹി ക്യാപിറ്റൽസ് ടീം. സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെ ഇന്നലെ നടന്ന മത്സരത്തിൽ 8 വിക്കറ്റ് ജയം കരസ്ഥമാക്കിയ റിഷാബ് പന്തും ടീമും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കഴിഞ്ഞു.ഈ സീസണിൽ കളിച്ച ഒൻപത് കളികളിൽ ഏഴും ജയിച്ച ഡൽഹി ക്യാപിറ്റൽസ് ടീം 14 പോയിന്റുകൾ നേടി കഴിഞ്ഞു. നിലവിൽ പ്ലേഓഫ് സാധ്യതകൾ സജീവമാക്കിയ ഡൽഹി ക്യാപിറ്റൽസ് ടീമിനെ മനോഹര രീതിയിൽ നയിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് ക്രിക്കറ്റ് ലോകത്ത് നിന്നും കയ്യടികൾ ഇതിനകം നേടി കഴിഞ്ഞു. കഴിഞ്ഞ സീസൺ വരെ ഡൽഹി ടീമിനെ നയിച്ച ശ്രേയസ് അയ്യർ പരിക്കിൽ നിന്നും മുക്തനായിട്ടും പകരം ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിയ പന്തിനെ മാറ്റുവാൻ ഡൽഹി മാനേജ്മെന്റ് തയ്യാറായില്ല. കൂടാതെ ശ്രേയസ് അയ്യർ ഒരു ബാറ്റ്‌സ്മാനായി പ്ലേയിംഗ് ഇലവനിൽ എത്തിയതും ശ്രദ്ധേയമായി.
എന്നാൽ ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം മുൻ നായകൻ ശ്രേയസ് അയ്യർ നടത്തിയ പ്രസ്താവനയാണ് നിലവിൽ ചർച്ചാവിഷയമായി മാറുന്നത്. ഡൽഹി ക്യാപിറ്റൽസ് ടീമിൽ ക്യാപ്റ്റൻ റോളിൽ തിരികെവരുവാനുള്ള ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനാണ് അയ്യർ തന്റെ നിലപാട് വിശദമാക്കിയത്. ഹൈദരാബാദ് ടീമിനെതിരായ ഇന്നലെത്തെ കളിയിൽ 41 പന്തിൽ നിന്നും 2 ഫോറും 2 സിക്സും അടക്കം ശ്രേയസ് അയ്യർ 47 റൺസ് നേടി.
ക്യാപ്റ്റൻസി റോളിൽ റിഷാബ് പന്തിനെ താൻ ബഹുമാനിക്കുന്നുണ്ടെന്ന് പറഞ്ഞ ശ്രേയസ് അയ്യർ ടീം മാനേജ്മെന്റിന്റെ തീരുമാനമാണ് പ്രധാനമെന്ന് തുറന്ന് പറഞ്ഞു.” ക്യാപ്റ്റൻസി റോളിൽ റിഷാബ് പന്ത് ടീമിനെ മികവോടെയാണ് ഇപ്പോൾ നയിക്കുന്നത്. നായകനായി റിഷാബ് പന്ത് തുടരട്ടെ എന്നാണ് എല്ലാവരുടെയും നിലപാട്. നായകനായി അവനെ തന്നെ തുടരുവാനുള്ള തീരുമാനത്തെ ഞാനും ഏറെ ബഹുമാനിക്കുന്നു. ക്യാപ്റ്റൻസി റോളിൽ ടീമിനെ നയിച്ചപ്പോൾ ഞാൻ വ്യത്യസ്‌തമായ മനോഭാവത്തിലാണ് കളിച്ചത്. ടീമിനായി കളിക്കുകയെന്നത് മാത്രമാണ് നിർണായകം ” ശ്രേയസ് അയ്യർ അഭിപ്രായം വിശദമാക്കി