ഇംഗ്ലണ്ടിനെതിരെ വളരെ നിർണായകമായ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഈ ടെസ്റ്റ് പരമ്പരക്ക് മുൻപ് ഇന്ത്യൻ ടീമിനെ ഞെട്ടിച്ച ഒന്നായിരുന്നു വിരാട് കോഹ്ലിയുടെ പിന്മാറ്റം. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ നിറസാന്നിധ്യം ആകുമെന്ന് കരുതിയ വിരാട് കോഹ്ലി ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഉണ്ടായത്.
ഇന്ത്യയുടെ സൂപർ താരം ശ്രേയസ് അയ്യർക്കാണ് മത്സരത്തിന് 2 ദിവസങ്ങൾക്ക് മുൻപ് പരിശീലനത്തിനിടെ പരിക്കേറ്റിരിക്കുന്നത്. ഈ പരിക്കിന് പിന്നാലെ അയ്യർ പരിശീലനം നിർത്തി വയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഒരു പ്രമുഖ വാർത്താ മാധ്യമമാണ് അയ്യരുടെ പരിക്കിനെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വിരാട് കോഹ്ലി ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യത്തിൽ കോഹ്ലിയുടെ സ്ഥാനത്തേക്ക് ഇന്ത്യ നിശ്ചയിച്ചിരുന്ന താരമാണ് ശ്രേയസ് അയ്യർ എന്നാൽ നെറ്റ്സിൽ പരിശീലനം നടത്തുമ്പോൾ ശ്രേയസ് അയ്യരുടെ വലത്തെ കൈക്കുഴയ്ക്ക് പരിക്കേൽക്കുകയായിരുന്നു
കൈക്കുഴയ്ക്ക് പരിക്കേറ്റതിന് ശേഷം അയ്യർ പരിശീലനം തുടരാൻ തയ്യാറായി. എന്നാൽ പിന്നീട് ഒരു പന്ത് നേരിട്ട ശേഷം അയ്യർക്ക് മടങ്ങേണ്ടി വന്നു. ശേഷം അയ്യർ പരിക്കേറ്റ ഭാഗത്ത് ഐസ് പായ്ക്കുകൾ വയ്ക്കുന്നതും കാണാൻ സാധിച്ചു. അയ്യരുടെ പരിക്ക് ഇന്ത്യൻ ടീമിനെ വലച്ചിട്ടുണ്ട്.
എന്നാൽ അയ്യരുടെ പരിക്കിനെ സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും തന്നെ ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ആദ്യ ടെസ്റ്റിലെ അയ്യരുടെ പങ്കാളിത്തം സംബന്ധിച്ചുള്ള ആശങ്കകൾ നിലനിൽക്കുകയാണ്. ഇന്ത്യൻ പിച്ചുകളിൽ കഴിഞ്ഞ സമയത്ത് വലിയ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുള്ള താരമാണ് ശ്രേയസ് അയ്യർ.
2023 ഏകദിന ലോകകപ്പിലടക്കം ഇന്ത്യക്കായി മധ്യനിരയിൽ മികവ് പുലർത്താൻ അയ്യർക്ക് സാധിച്ചിരുന്നു. ഇംഗ്ലണ്ടിനെ പോലെ ഒരു വലിയ ടീമിനെ നേരിടുമ്പോൾ അയ്യരുടെ അഭാവം ഇന്ത്യയെ ബാധിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അയ്യർ പരിക്കിൽ നിന്ന് ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
മുൻപ് ആദ്യ 2 മത്സരങ്ങളിൽ നിന്ന് മാറിനിന്ന വിരാട് കോഹ്ലിക്ക് പകരക്കാരനെ ഇന്ത്യ നിശ്ചയിച്ചിരുന്നു. ചേതേശ്വർ പൂജാരയെയും അജിങ്ക്യ രഹാനെയെയും മാറ്റി നിർത്തി യുവതാരം രജത് പട്ടിദാറിനെയാണ് ഇന്ത്യ ആദ്യ 2 ടെസ്റ്റിനായി തിരഞ്ഞെടുത്തത്. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരമാണ് പട്ടിദാർ. ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയാണ് പട്ടിഥാർ ഇന്ത്യൻ സെലക്ടർമാരുടെ ശ്രദ്ധ നേടിയത്.