ലോകകപ്പിൽ വിജയത്തോടെ മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യ ടീമിന് ഒരു ആശങ്കയുണ്ട്. ഓപ്പണർമാരായ നായകൻ രോഹിത് ശർമയും സഹതായകൻ കെ എൽ രാഹുലും മികച്ച ഫോമിലേക്ക് വരാത്തതാണ് ഇന്ത്യൻ ടീമിൻ്റെ നിലവിലെ ഏറ്റവും വലിയ ആശങ്ക. എല്ലാവരും വലിയ തലവേദനയായി കരുതിയിരുന്നത് ഇന്ത്യയുടെ ബൗളിംഗ് നിരയുടെ പ്രകടനമായിരുന്നു. എന്നാൽ ആദ്യ കളിയിൽ മികച്ച പ്രകടനമാണ് ഇന്ത്യയുടെ ബൗളിംഗ് നിര പുറത്തെടുത്തത്.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ എട്ട് പന്തുകളിൽ നിന്നും രാഹുൽ 4 റൺസ് എടുത്തു പുറത്തായപ്പോൾ, നായകൻ രോഹിത് ഏഴ് പന്തുകളിൽ നിന്നും 4 റൺസ് എടുത്തു പുറത്തായി. ഇന്ത്യൻ സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയുടെ രണ്ട് വമ്പൻ താരങ്ങളും ഡഗ് ഔട്ടിൽ എത്തിയിരുന്നു. മത്സരത്തിൽ ഇന്ത്യ വിജയിച്ചെങ്കിലും ഇരുവരുടെയും മോശം ഫോമിനെതിരെ ഇന്ത്യൻ മുൻ താരങ്ങളും മറ്റും പലരും രംഗത്ത് എത്തിയിരുന്നു. രൂക്ഷമായ ഭാഷയിലാണ് ഇരുവരെയും മുൻ താരങ്ങൾ വിമർശിച്ചത്.
ഇപ്പോഴിതാ ഇരുവരെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഷോയിബ് അക്തർ. ഇരുവരും ആദ്യ മത്സരത്തിൽ അമ്പെ പരാജയപ്പെട്ടു എന്നും പാക്കിസ്ഥാനെതിരെ പേടിച്ചിട്ടാണ് കളിച്ചതെന്നുമാണ് ഷോയിബ് അക്തർ പറഞ്ഞത്.”ഇന്ത്യയുടെ രണ്ട് ഓപ്പണർമാരെയും പേടിയോടെയാണ് മത്സരത്തിൽ കണ്ടത്.ക്യാപ്റ്റൻ എന്ന നിലയ്ക്ക് രോഹിത് ശർമ ശാന്തനാകണം.
ഇത് അദ്ദേഹത്തിൻ്റെ ബാറ്റിംഗിൽ വളരെ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. എക്സ്ട്രാ ഫോക്കസ് ആകുന്നതാണ് രാഹുലിന്റെ പ്രശ്നം. അവൻ അതിനുള്ളിൽ അകപ്പെട്ടതുപോലെയാണ് തോന്നുന്നത്. അവൻ അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല.”- അക്തർ പറഞ്ഞു. അതേ സമയം ഇന്ന് നെതർലാൻസിനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ രണ്ടാം മത്സരം. വിജയ് തുടർച്ച തുടർന്നു കൊണ്ട് സെമിഫൈനലിൽ ഇടം നേടുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.