വിക്കറ്റിനു പിന്നില്‍ ബംഗ്ലാദേശ് താരത്തിന്‍റെ അനുസരണകേട്. 5 റണ്‍ പെനാല്‍റ്റി വിധിച്ച് അംപയര്‍

ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് സ്കോര്‍ ചെയ്തത്. 56 പന്തില്‍ 109 റണ്‍സ് നേടിയ റൂസോയാണ് സൗത്താഫ്രിക്കയുടെ ടോപ്പ് സ്കോറര്‍. 63 റണ്‍സ് നേടിയ ഡീകോക്ക് മികച്ച പിന്തുണ നല്‍കി.

സൗത്താഫ്രിക്കയുടെ സ്കോര്‍ബോര്‍ഡില്‍ ബംഗ്ലാദേശ് ടീം 5 റണ്‍ പെനാല്‍റ്റിയിലൂടെ നല്‍കിയിരുന്നു. 12ാം ഓവറില്‍ ഷാക്കീബ് ബൗള്‍ ചെയ്യാന്‍ എത്തുമ്പോഴായിരുന്നു സംഭവം.

ഇടംകൈയന്‍ ബാറ്റര്‍ റിലീ റോസോയായിരുന്നു ക്രീസില്‍. ഷക്കീബ് പന്തെറിയാന്‍ തുടങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പറായ നൂറുല്‍ ഹസ്സന്‍ തന്റെ ഇടതുവശത്തെ നീങ്ങുകയായിരുന്നു. അംപയറായ റോഡ് ടക്കര്‍ ഇത് ശ്രദ്ധിക്കുകയും 5 റണ്‍സ് പെനാല്‍റ്റിയും സൗത്താഫ്രിക്കന്‍ സ്കോറിലേക്ക് നല്‍കുകയും ചെയ്തു.

ക്രിക്കറ്റിലെ നിയമപ്രകാരം ബൗളര്‍ പന്തെറിയാന്‍ റണ്ണപ്പ് തുടങ്ങി കഴിഞ്ഞാല്‍ വിക്കറ്റ് കീപ്പര്‍ ചലിക്കാന്‍ പാടില്ല. ഇത് ലംഘിച്ചതിനാണ് ബംഗ്ലാദേശിനു പണി കിട്ടിയത്. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടുന്ന മല്‍സരത്തില്‍ തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലാണ് അംപയര്‍ പെനാല്‍റ്റി നല്‍കുന്നത്.

സിംബാബ്‌വെയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 5 പെനാല്‍റ്റി കിട്ടിയിരുന്നു. അന്ന് ഡീകോക്കിന്‍റെ ധരിക്കാതിരുന്ന ഗ്ലൗസില്‍ പന്ത് കൊണ്ടതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.