2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാം കൊണ്ടും തിളങ്ങി നിന്ന ബാറ്റർമാരാണ് ജെയ്‌സ്വാളും റിങ്കു സിംഗും. സീസണിലെ ആദ്യ മത്സരത്തിൽ മുതൽ റിങ്കുവും ജയ്സ്വാളും തങ്ങളുടെ ടീമുകൾക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിരുന്നു. ഈ സീസണിൽ 407 റൺസാണ് റിങ്കു സിങ് നേടിയിട്ടുള്ളത്. ആറാം നമ്പർ ബാറ്ററായി ഇറങ്ങാറുള്ള റിങ്കുവിന്റെ ഈ പ്രകടനം മുൻ താരങ്ങളെയാടക്കം ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഇതുതന്നെയാണ് രാജസ്ഥാൻ ഓപ്പണർ ജെയിസ്വാളിന്റെയും കഥ. എന്നാൽ ഇത്തരം താരങ്ങളെ എത്രയും പെട്ടെന്ന് ഇന്ത്യ തങ്ങളുടെ ദേശീയ ടീമിൽ പരിഗണിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.
യുവ കളിക്കാർ നന്നായി കളിക്കുമ്പോൾ തന്നെ അവരെ ടീമിനൊപ്പം ചേർക്കേണ്ടതുണ്ട് എന്ന അഭിപ്രായമാണ് ഹർഭജന്. “ഞാൻ കരുതുന്നത് ഒരു ക്രിക്കറ്റർ നന്നായി കളിക്കുമ്പോൾ അയാളെ നമ്മുടെ സിസ്റ്റത്തിനൊപ്പം ചേർക്കണം എന്ന് തന്നെയാണ്. എന്നുവച്ചാൽ നേരിട്ട് അവരെ പ്ലെയിങ് ഇലവണിൽ ഉൾപ്പെടുത്തണമെന്നല്ല. എന്നാൽ മറ്റു കളിക്കാർക്കൊപ്പം ദേശീയ ടീമിന്റെ സാഹചര്യങ്ങൾ ഉൾക്കൊള്ളാൻ ഈ കളിക്കാരെ സമ്മതിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ അവർക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കാനും തങ്ങളുടെ മത്സരത്തിൽ മെച്ചമുണ്ടാക്കാനും സാധിക്കും.”- ഹർഭജൻ സിംഗ് പറഞ്ഞു.
“അത്തരത്തിൽ ഇന്ത്യയുടെ സ്ക്വാഡിലേക്ക് ജയസ്വാളിനെയും റിങ്കൂസിങിനേയും ചേർക്കാൻ പറ്റിയ സമയമാണ് ഇത്. അവരെ ഒരു 20-30 അംഗങ്ങളുള്ള സ്‌ക്വാഡിന്റെ അംഗമായി ഉൾപ്പെടുത്തണം. ഒരുപക്ഷേ ജയിസ്വാളിനെയും റിങ്കുവിനെയും ഇങ്ങനെ ഉൾപ്പെടുത്തുന്നത് അല്പം നേരത്തെയായി തോന്നിയേക്കാം. പക്ഷേ സത്യം അതല്ല. ഈ സമയത്താണ് അവർ ടീമിനൊപ്പം ചിലവഴിക്കേണ്ടത്. അവർ ഇപ്പോൾ തന്നെ മികച്ച രീതിയിലാണ് കളിക്കുന്നത്. അതിനാൽ തന്നെ ഇപ്പോഴാണ് അവർക്ക് അവസരങ്ങൾ നൽകേണ്ടത്. കുറച്ചുകൂടി താമസിച്ച് അവർക്ക് അവസരം നൽകിയിട്ട് കാര്യമില്ല.”- ഹർഭജൻ കൂട്ടിച്ചേർത്തു.
എല്ലാ ഐപിഎല്ലും പോലെ ഇത്തവണത്തെ ഐപിഎല്ലും യുവ കളിക്കാരുടെ സാന്നിധ്യം കൊണ്ട് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ജയസ്വാളും റിങ്കു സിംഗും ശിവം ദുബയുമൊക്കെ ഇത്തവണത്തെ ഐപിഎല്ലിൽ ഇന്ത്യയ്ക്ക് മെച്ചങ്ങൾ ഉണ്ടാക്കുന്നു. ഇതുവരെ ചെന്നൈ സൂപ്പർ കിങ്സിനായി 30 സിക്സറുകളാണ് ശിവം ദുബെ നേടിയിട്ടുള്ളത്. ഇക്കാര്യങ്ങളൊക്കെ സൂചിപ്പിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ മെച്ചപ്പെട്ട ഭാവി തന്നെയാണ്. അതിനാൽ ഹർഭജന്റെ നിർദ്ദേശത്തിന് വലിയ പ്രാധാന്യം തന്നെ ഇന്ത്യൻ ദേശീയ ടീമിലുണ്ട്.