ബംഗ്ലാദേശിനെതിരായ ഏകദിന ലോകകപ്പിലെ മത്സരത്തിൽ ഒരു വമ്പൻ സെഞ്ച്വറി തന്നെയായിരുന്നു വിരാട് കോഹ്ലി നേടിയത്. മത്സരത്തിൽ ഒരു സിക്സർ നേടിയാണ് വിരാട് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിനൊപ്പം മത്സരം ഫിനിഷ് ചെയ്യാൻ വിരാടിന് സാധിച്ചു. എന്നാൽ വിരാട് കോഹ്ലിയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഒരു വിഭാഗം ആരാധകരിൽ നിന്നും വന്നിരുന്നു.
മത്സരത്തിൽ സെഞ്ച്വറി നേടാനായി കോഹ്ലി തന്റെ ബാറ്റിംഗ് മനോഭാവത്തിൽ വരുത്തിയ മാറ്റങ്ങളാണ് ആരാധകരടക്കം ചോദ്യം ചെയ്തു രംഗത്ത് വന്നത്. ടീമിന് പകരം സ്വന്തം നാഴികക്കല്ലിന് കോഹ്ലി പ്രാധാന്യം നൽകുന്നു എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വിമർശനം. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ താരമായ ചേതേശ്വർ പൂജാര.
കോഹ്ലി സെഞ്ച്വറി നേടണമെന്ന് തന്നെയായിരുന്നു തന്റെ മനസ്സിലുമുണ്ടായിരുന്നത് എന്ന് പൂജാര പറയുന്നു. “കോഹ്ലി സെഞ്ച്വറി സ്വന്തമാക്കണമെന്ന് തന്നെയായിരുന്നു ഞാനും ആഗ്രഹിച്ചത്. എന്നാൽ മത്സരം എത്രയും നേരത്തെ ഫിനിഷ് ചെയ്യാൻ സാധിക്കണം എന്നതും പ്രധാനപ്പെട്ട ഒരു കാര്യമാണ്. പോയിന്റ്സ് ടേബിളിൽ ഏറ്റവും മുകളിലെത്താൻ നമുക്കാവശ്യം നെറ്റ് റൺ റേറ്റാണ്. നമ്മൾ നെറ്റ് റൺറേറ്റിനായി പൊരുതുന്ന ഒരു സാഹചര്യത്തിൽ, നമ്മൾ മറ്റൊന്നും കണക്കിലെടുക്കാൻ ശ്രമിക്കരുത്. ടീമിനാണ് പ്രാധാന്യം നൽകേണ്ടത്.”- ചേതേശ്വർ പൂജാര ഇഎസ്പിഎൻ ക്രിക്കിൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഒരു ടീമിനായി പലപ്പോഴും വ്യക്തിപരമായ ചില നേട്ടങ്ങൾ നമ്മൾ ത്യജിക്കേണ്ടി വരും. നമ്മൾ കൃത്യമായി ടീമിലേക്ക് നോക്കുകയും, ടീമിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യണം. ആ രീതിയിലാണ് ഞാൻ ഇതിനെ നോക്കി കാണുന്നത്. ഓരോ കളിക്കാരനും നാഴികക്കല്ലുകൾ പിന്നിടുക പ്രധാന കാര്യമാണ്. പക്ഷേ ഒരു ടീമിനെ ബലി കൊടുത്തുകൊണ്ട് അത് ചെയ്യാൻ പാടില്ല. ഒരു കളിക്കാരൻ എന്ന നിലയിൽ നമ്മുടെ മുൻപിൽ ചോയിസുകളുണ്ട്. എന്നാൽ ചില കളിക്കാർക്ക് ഈ മത്സരത്തിൽ സെഞ്ചുറി നേടിയാൽ, അടുത്ത മത്സരത്തിലും അത് സഹായകരമാവും എന്ന മാനസികാവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ ഇതൊക്കെയും മൈതാനത്തെ നമ്മുടെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.”- പൂജാര കൂട്ടിച്ചേർത്തു.
മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 257 എന്ന വിജയലക്ഷ്യം 42ആം ഓവറിൽ മറികടക്കാൻ ഇന്ത്യക്ക് സാധിച്ചു. മത്സരത്തിന്റെ 39 ആം ഓവർ മുതൽ സിംഗിളുകൾ നേടാതെയാണ് വിരാട് കോഹ്ലി കളിച്ചത്. എന്നാൽ കോഹ്ലിക്ക് സെഞ്ച്വറി നേടാനായി സിംഗിളുകൾ നേടേണ്ട എന്ന് ആവശ്യപ്പെട്ടത് താനാണ് എന്ന് രാഹുൽ മത്സരശേഷം പറയുകയുണ്ടായി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വിജയം തന്നെയായിരുന്നു ബംഗ്ലാദേശിനെതിരായ മത്സരത്തിൽ നേടിയത്. നാളെ ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ അഞ്ചാം മത്സരം നടക്കുന്നത്.