ഒടുവിൽ ശ്രീലങ്കയും ജയിച്ചു. അട്ടിമറിയ്ക്കാൻ വന്ന ഡച്ച് പടയെ മലർത്തിയടിച്ച് ലങ്കൻ വീര്യം.

2023 ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ശ്രീലങ്ക. താരതമ്യേന ദുർബലരായ നെതർലൻഡ്സ് ടീമിനെതിരെയാണ് ശ്രീലങ്ക വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. പേസർമാരായ മധുശങ്കയും രജിതയുമായിരുന്നു ശ്രീലങ്കയ്ക്കായി ബോളിങ്ങിൽ തിളങ്ങിയത്. ബാറ്റിംഗിൽ സമരവിക്രമ പോരാട്ടം നയിച്ചപ്പോൾ ശ്രീലങ്ക ആദ്യ വിജയം കൊയ്യുകയായിരുന്നു. ടൂർണമെന്റിലൂടനീളം പതറിയ ശ്രീലങ്കയെ സംബന്ധിച്ച് ഒരുപാട് ആശ്വാസം നൽകുന്നതാണ് ഈ വിജയം. മറുവശത്ത് മറ്റൊരു അട്ടിമറി പ്രതീക്ഷിച്ച നെതർലൻഡ്സിന് നിരാശയായിരുന്നു ഫലം.

മത്സരത്തിൽ ടോസ് നേടിയ നെതർലാൻഡ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അത്ര മികച്ച തുടക്കമായിരുന്നില്ല നെതർലാൻഡ്സ് ടീമിന് ലഭിച്ചത്. തുടക്കത്തിൽ തന്നെ പതിവുപോലെ നെതർലാൻഡ്സിന്റെ മുൻനിര പേസർമാർക്ക് മുൻപിൽ അടിയറവ് പറഞ്ഞു. മുൻനിരയിൽ 29 റൺസ് നേടിയ അക്കർമാൻ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ശ്രീലങ്കൻ ബോളർമാർ കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തിയത് നെതർലാൻഡ്സിനെ ബാധിക്കുകയായിരുന്നു. ഇങ്ങനെ നെതർലാൻഡ്സ് 91ന് 6 എന്ന നിലയിൽ തകർന്നു. പക്ഷേ ഏഴാം വിക്കറ്റിൽ നെതർലൻഡ്സിന്റെ രക്ഷകരായി എങ്കൽബ്രെറ്റും വാൻ ബീക്കും മാറുകയായിരുന്നു. ഇരുവരും ഏഴാം വിക്കറ്റിൽ ഒരു റെക്കോർഡ് കൂട്ടുകെട്ടാണ് നെതർലൻഡ്സിനായി കെട്ടിപ്പടുത്തത്.

130 റൺസാണ് ഏഴാം വിക്കറ്റിൽ ഇരു ബാറ്റർമാരും അടിച്ചു ചേർത്തത്. എങ്കൽബ്രെറ്റ് 82 പന്തുകളില്‍ 70 റൺസ് നേടിയപ്പോൾ വാൻ ബീക്ക് 75 പന്തുകളിൽ 59 റൺസ് നേടുകയായിരുന്നു. ഇങ്ങനെ നെതർലാൻഡ്സ് മത്സരത്തിൽ ഭേദപ്പെട്ട സ്കോറായ 262ലെത്തി. ശ്രീലങ്കയ്ക്കായി പേസർ മധുശങ്കയും രചിതയും 4 വിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കായി നിസ്സംഗ വളരെ കരുതലോടെയാണ് തുടങ്ങിയത്. മറുവശത്ത് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോഴും നിസ്സംഗ പതറിയില്ല. 52 പന്തുകളിൽ 54 റൺസ് നേടി നിസ്സംഗ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം നൽകി. പിന്നീട് സമരവിക്രമയും ക്രീസിൽ ഉറച്ചതോടെ ശ്രീലങ്ക വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

Read Also -  ബോളർമാർക്ക് ഒരു സഹായവുമില്ല, ചെറിയ ഗ്രൗണ്ടുകളും ഫ്ലാറ്റ് പിച്ചും. ഐപിഎല്ലിനെ വിമർശിച്ച് മുഹമ്മദ്‌ സിറാജ്..

മത്സരത്തിൽ സമരവിക്രമ 107 പന്തുകളിൽ 91* റൺസാണ് നേടിയത്. 66 പന്തുകളിൽ 44 റൺസ് നേടിയ അസലങ്കയും, 37 പന്തുകളിൽ 30 റൺസ് നേടിയ ധനഞയയും ശ്രീലങ്കയ്ക്ക് ചെറിയ സംഭാവനകൾ നൽകി. നെതർലാൻഡ്സിനായി മൂന്നു വിക്കറ്റുകൾ സ്വന്തമാക്കിയ ആര്യൻ ദത്താണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മത്സരത്തിൽ 5 വിക്കറ്റുകൾക്കായിരുന്നു ശ്രീലങ്കയുടെ വിജയം. ഈ ലോകകപ്പിലെ ശ്രീലങ്കയുടെ ആദ്യ വിജയമാണ് മത്സരത്തിൽ പിറന്നത്. ടൂർണമെന്റിലുടനീളം നന്നായി പതറിയ ശ്രീലങ്കയെ സംബന്ധിച്ച് ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണ് ഇത്.

Scroll to Top