ജയിച്ചു കയറി കേരളം. ചണ്ഡീഗഡിനെ തോൽപിച്ചത് 7 റൺസിന്. സഞ്ജു- വരുൺ – വിഷ്ണു വിനോദ് വെടിക്കെട്ട്.

sanju and kerala cricket team

സൈദ് ട്രോഫി ടൂർണമെന്റിൽ തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കി കേരളം. ആദ്യ 3 മത്സരങ്ങളിലും വിജയം സ്വന്തമാക്കിയ കേരളം നാലാം മത്സരത്തിൽ ചണ്ഡീഗഡ് ടീമിനെയും പരാജയപ്പെടുത്തിയിരിക്കുകയാണ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 7 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി നായകൻ സഞ്ജു സാംസൺ, ഓപ്പണർ വരുൺ നായനാർ, വിഷ്ണു വിനോദ് എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിംഗിൽ ബേസിൽ തമ്പിയും വിനോദ് കുമാറും തീയായി മാറിയപ്പോൾ കേരളം വിജയം സ്വന്തമാക്കുകയായിരുന്നു. ചണ്ഡീഗഡിനായി നായകൻ മനൻ വോഹ്‌റ മത്സരത്തിൽ ഒറ്റയാൾ പോരാട്ടം നയിക്കുകയുണ്ടായി.

മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് കേരളത്തിന് ഓപ്പണർമാരായ രോഹൻ കുന്നുമ്മലും വരുൻ നായനാരും നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 70 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. രോഹൻ 24 പന്തുകളിൽ 30 റൺസ് നേടിയപ്പോൾ, 27 പന്തുകളിൽ 47 റൺസായിരുന്നു വരുൺ നായനാരുടെ സംഭാവന. ഇരുവർക്കും ശേഷമെത്തിയ വിഷ്ണു വിനോദു മത്സരത്തിൽ അടിച്ചു തകർക്കുകയുണ്ടായി. ആദ്യ മത്സരങ്ങളിലെ ഫോം വിഷ്ണു വിനോദ് ആവർത്തിക്കുകയായിരുന്നു. മത്സരത്തിൽ 23 പന്തുകളിൽ 4 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 42 റൺസാണ് വിഷ്ണു നേടിയത്.

ഒപ്പം ഫോമിലേക്ക് തിരികെയെത്തിയ നായകൻ സഞ്ജു സാംസനും കേരളത്തിനായി മികവുപുലർത്തി. മത്സരത്തിൽ 32 പന്തുകളിൽ 4 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 52 റൺസാണ് സഞ്ജു നേടിയത്. അവസാന ഓവറുകളിൽ ചണ്ഡീഗഡ് ടീമിനെതിരെ ആക്രമണം അഴിച്ചുവിടാൻ സഞ്ജുവിന് സാധിച്ചു. ഇങ്ങനെ കേരളം മത്സരത്തിൽ 193 എന്ന കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ചണ്ഡീഗഡിനായി നായകൻ മനൻ വോറ ഒരുവശത്ത് ഒറ്റയാൾ പോരാട്ടം നയിക്കുകയായിരുന്നു. മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ കേരള ബോളർമാർക്ക് സാധിച്ചു.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

മത്സരത്തിൽ ഒറ്റയാൾ പോരാട്ടം നടത്തിയ വോറ 61 പന്തുകളിൽ 95 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 9 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ മറുവശത്തു നിന്ന് വോറയ്ക്ക് വേണ്ട രീതിയിൽ പിന്തുണ ലഭിക്കാതെ വന്നത് ചണ്ഡിഗഡിനെ ബാധിക്കുകയായിരുന്നു. മാത്രമല്ല ബേസിൽ തമ്പി അടക്കമുള്ള കേരള ബോളാർമാർ കൃത്യത പുലർത്തിയതോടെ ലക്ഷ്യം ചണ്ഡീഗഡിന് ദൂരത്തായി മാറി. അവസാന ഓവറിൽ 25 റൺസ് ആയിരുന്നു ചണ്ഡീഗഡിന് ആവശ്യം. മികച്ച രീതിയിലാണ് ബാറ്റർ ലാതർ(31) ഓവർ ആരംഭിച്ചത്. എന്നാൽ പിന്നീട് കേരള ബോളർ വിനോദ് കുമാർ ഒരു ഉഗ്രൻ തിരിച്ചുവരവ് നടത്തി മത്സരത്തിൽ കേരളത്തിലെ വിജയത്തിലെത്തിച്ചു. മത്സരത്തിൽ 7 റൺസിന്റെ പരാജയമാണ് ചണ്ഡീഗഡ് നേരിട്ടത്. കേരളത്തിനെ സംബന്ധിച്ച് കൂടുതൽ ആത്മവിശ്വാസം നൽകുന്ന വിജയമാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.

Scroll to Top