ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ മത്സരത്തിൽ, ഒത്തുകളി നടന്നതായി വിവിധ രാജ്യങ്ങളിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുന്നതായി മുൻ പാക്കിസ്ഥാൻ താരം ശുഐബ് അക്തർ. മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ പുറത്താക്കാനായി ശ്രീലങ്കയ്ക്കെതിരെ പരാജയം നേടാൻ ശ്രമിച്ചു എന്ന ആരോപണമാണ് തനിക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് മെസ്സേജുകളായി വരുന്നത് എന്ന് അക്തർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തരത്തിൽ പാകിസ്ഥാനെ പുറത്താക്കാനായി ഇന്ത്യ മത്സരത്തിൽ തോറ്റു കൊടുക്കാൻ ശ്രമിച്ചിട്ടില്ല എന്നാണ് അക്തർ പറയുന്നത്. അത്തരത്തിലുള്ള ആരോപണങ്ങൾ തനിക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലയെന്നും അക്തർ പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ഒത്തുകളി ആരോപണത്തിന് അക്തർ മറുപടി പറഞ്ഞിരിക്കുന്നത്.
“നിങ്ങളൊക്കെ പറയുന്നത് എന്തെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഒരുപാട് സന്ദേശങ്ങളും ട്രോളുകളുമൊക്കെ എനിക്ക് ലഭിക്കുന്നുണ്ട്. പാകിസ്ഥാനെ പുറത്താക്കാനായി ഇന്ത്യ അറിഞ്ഞുകൊണ്ടുതന്നെ ശ്രമിച്ചു എന്നാണ് പലരും പറയുന്നത്. നിങ്ങളുടെ മാനസിക സ്ഥിതി പരിശോധിക്കേണ്ടതുണ്ട്. മത്സരത്തിൽ വെല്ലലാഗെയും അസലങ്കയും ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് പന്തറിഞ്ഞത്. 20 വയസ്സുള്ള വെല്ലലാഗെയെ നിങ്ങൾ ശ്രദ്ധിച്ചോ? 43 റൺസും അഞ്ച് വിക്കറ്റുകളും ആ യുവതാരം സ്വന്തമാക്കി. ശേഷം ഇന്ത്യ മനപ്പൂർവം പരാജയം സ്വന്തമാക്കാൻ ശ്രമിച്ചു എന്ന പേരിൽ ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും എന്നെ കുറെയധികം ആളുകൾ ഫോണിൽ വിളിക്കുകയും ചെയ്യുന്നു.”- അക്തർ പറഞ്ഞു.
“എന്ത് കാര്യത്തിനാണ് ഇന്ത്യ പരാജയപ്പെടുന്നത്? ഏഷ്യാകപ്പ് ഫൈനലിൽ അണിനിരക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വളരെ മികച്ച ഒരു തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ടീമിനായി കുൽദീപ് യാദവ് അതിഗംഭീരമായ പ്രകടനം കാഴ്ചവച്ചു. പരിക്കിൽ നിന്നും തിരിച്ചെത്തിയ ബൂമ്രയും ചെറിയ സ്കോർ പ്രതിരോധിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ പക്ഷത്തുനിന്ന് വെല്ലലാഗെ തനിക്കാവുന്ന പോലെ കാര്യങ്ങളൊക്കെ ചെയ്യാൻ ശ്രമിച്ചു. ബാറ്റിങ്ങിലും ബോളിങ്ങിലും വെല്ലലാഗെ തിളങ്ങി. അത്തരമൊരു പോരാട്ടം പാകിസ്ഥാൻ താരങ്ങളിൽ നിന്നുപോലും ഞാൻ കണ്ടില്ല.”- അക്തർ കൂട്ടിച്ചേർത്തു.
“വരുന്ന മത്സരങ്ങളിലെങ്കിലും ഷാഹിൻ അഫ്രിദിയും ഹാരിസ് റോഫും നസീം ഷായുമൊക്കെ പരിക്കുകൾ ലവലേശം ഇല്ലാതെ 10 ഓവറുകൾ പൂർത്തിയാക്കും എന്നാണ് എന്റെ പ്രതീക്ഷ. ഇപ്പോൾ തിരിച്ചടിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കേണ്ടത്. അല്ലാത്തപക്ഷം കാര്യങ്ങൾ കൂടുതൽ വഷളാവും.”- അക്തർ പറഞ്ഞുവയ്ക്കുന്നു. ഇന്ന് ശ്രീലങ്കയ്ക്കെതിരെയാണ് പാകിസ്ഥാന്റെ അവസാന സൂപ്പർ മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയം കണ്ടാൽ മാത്രമേ പാക്കിസ്ഥാന് ഏഷ്യാകപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിക്കാൻ സാധിക്കൂ.